മാതൃകാപരമായ മനുഷ്യത്വംകൊണ്ടും ധാര്‍മ്മികമായ പ്രജ്ഞകൊണ്ടും വിവേകശാലിയായ മനഷ്യന്‍ പശുത്വത്തില്‍ നിന്നു ഈശ്വരത്വത്തിലേക്ക് സ്വയം ഉയരുന്നു. മനനം ചെയ്യാനും തന്റെ ബന്ധനത്തിന്റെ സ്വഭാവത്തെപ്പറ്റി അനേ്വഷിക്കാനും സ്വന്തം അസ്തിത്വത്തിന്റെ ദിവ്യത്വത്തെപ്പറ്റി പരിചിന്തനം ചെയ്യുവാനും ഉള്ള കഴിവുകൊണ്ടാണ് മനുഷ്യന്‍ മനുഷ്യനായിത്തീരുന്നത്.
മനുഷ്യത്വത്തിന്റെ ആധാരശിലയാണു ധര്‍മ്മം. അത് സത്വഗുണത്തില്‍നിന്നുദിച്ചുയരുന്ന ഗുണങ്ങളുടെ ഉത്കൃഷ്ടമായ ആദ്ധ്യാത്മികാനേ്വഷണത്തിന് അത്യന്താപേക്ഷിത ഗുണങ്ങളുടെ ആകത്തുകയാണ്. ഈ ഗുണങ്ങളാണ് ഒരു സാധകന്റെ ആത്മീയ യോഗ്യതയെ നിര്‍ണയിക്കുന്നത്. ധര്‍മ്മാചരണത്തിലൂടെയും ധന്യമായ സാന്മാര്‍ഗ്ഗിക ഗുണങ്ങളുടെ പരിപുഷ്ടിയിലൂടെയും മനസ്സ് ശുദ്ധീകരിക്കപ്പെടാതെ ഒരുവനും യോഗ സിദ്ധിക്കോ മനഃശാന്തിയ്‌ക്കോ എന്തിന് ലൗകിക ജീവിത വിജയത്തിനുതന്നെയോ അഭിലഷിക്കേണ്ടതില്ല.
ധാര്‍മ്മിക പ്രജ്ഞ എന്നാല്‍ സാന്മാര്‍ഗ്ഗികമായ ഒരുത്കൃഷ്ടത്തിന്റെയും ആത്മീയ പ്രബുദ്ധതയുടെയും അവസ്ഥയാണ്. ധാര്‍മ്മികപ്രജ്ഞ ഉദയം ചെയ്യുമ്പോള്‍ മനസാ വാചാ കര്‍മ്മണാ പാപം ചെയ്യാന്‍ അപ്രാപ്തനായി ഭവിക്കുന്നു. പ്രജ്ഞ സത്യവസ്തുവിലധിഷ്ഠിതമാകകൊണ്ട് അയാളുടെ സകല പ്രവൃത്തികളും ധര്‍മ്മനിരതമായിത്തീരും. ആന്തരികമായ പ്രശാന്തതയെയാണ് അത് ദ്യോതിപ്പിക്കുന്നത്. അവരുടെ ജീവിതം ധര്‍മ്മപഥത്തിലേ ചരിക്കാറുള്ളൂ.
ധര്‍മ്മാനുഭൂതിയില്‍നിന്നും ഉദിക്കുന്ന പ്രജ്ഞയായതിനാല്‍ അതിനു ധാര്‍മ്മിക പ്രജ്ഞ എന്നപേര് ലഭിച്ചു.
പരമോന്നതമായ അദ്ധ്യാത്മ വിവക്ഷയില്‍ ധര്‍മ്മം സാക്ഷാത്കാരമാണ്. ഭൗതികമേഖലയില്‍ അത് സമുത്കൃഷ്ടമായ ആചരണമാണ്. അങ്ങിനെ ധര്‍മ്മപ്രജ്ഞയെന്ന പദത്തില്‍ ആന്തരിക ജ്ഞാനവും ആചരണവൈശിഷ്ട്യവും അന്തര്‍ഭവിച്ചിരിക്കുന്നു. ധന്യവും നിസ്വാര്‍ത്ഥവും അന്തഃ പ്രചോദിതവുമായ ജീവിതത്തിന്റെ ആധാരമാണ് ധാര്‍മ്മികപ്രജ്ഞ. ഇവയിലൂടെ മാത്രമേ യോഗാവസ്ഥയിലെ നൈഷ്‌കര്‍മ്മ്യമെന്ന അവസ്ഥ കൈവരികയുള്ളൂ.
– ശ്രീ രമാദേവി
















