സിംഗപ്പൂര്‍: പുതിയ പരിശീലകനായി സ്ഥാനമേറ്റെടുത്ത ദുംഗയുടെ രണ്ടാം വരവില്‍ ബ്രസീലിന് തുടര്‍ച്ചയായ നാലാം ജയം. ജപ്പാനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് ബ്രസീല്‍ ഇന്നലെ തകര്‍ത്തുവിട്ടത്. കഴിഞ്ഞ ദിവസം പരമ്പരാഗത വൈരികളായ അര്‍ജന്റീനയെയും ബ്രസീല്‍ 2-0ന് തകര്‍ത്തിരുന്നു. സ്വന്തം മണ്ണില്‍ നടന്ന ലോകകപ്പ് ലൂസേഴ്‌സ് ഫൈനലില്‍ ഹോളണ്ടിനോട് പരാജയപ്പെട്ട ശേഷമാണ് ബ്രസീല്‍ സ്‌കൊളാരിയെ മാറ്റി ദുംഗയെ പരിശീലകനായി നിയമിച്ചത്. അതിനുശേഷം നടന്ന നാല് മത്സരങ്ങളിലും വെന്നിക്കൊടി പാറിച്ചാണ് കാനറികള്‍ അപരാജിത കുതിപ്പ് നടത്തുന്നത്. ഏഷ്യന്‍ കരുത്തരായ ജപ്പാനെതിരെ നടന്ന പോരാട്ടത്തില്‍ ക്യാപ്റ്റനും സൂപ്പര്‍താരവുമായ നെയ്‌മറാണ് കാനറികളുടെ നാല് ഗോളുകളും നേടിയത്. 18, 48, 77, 81 മിനിറ്റുകളിലാണ് നെയ്‌മറുടെ ബൂട്ട് ഗോളുകള്‍ വര്‍ഷിച്ചത്. കഴിഞ്ഞ ദിവസം അര്‍ജന്റീനക്കെതിരായ പോരാട്ടത്തില്‍ നിറം മങ്ങിയ പ്രകടനം നടത്തിയ നെയ്‌മര്‍ അതിന് കണക്കുതീര്‍ക്കുന്ന പ്രകടനമാണ് ഇന്നലെ ജപ്പാനെതിരെ നടത്തിയത്. മത്സരത്തിലുടനീളം പന്തുമായി സാംബാനൃത്തം ചവിട്ടിയ ബ്രസീലിന് പറ്റിയ എതിരാളിയായിരുന്നില്ല ജപ്പാന്‍. കളിയിലുടനീളമായി ബ്രസീല്‍ എതിര്‍ ഗോള്‍മുഖത്തേക്ക് പറത്തിയ 14 ഷോട്ടുകളില്‍ ഏഴെണ്ണവും ലക്ഷ്യത്തിലേക്കായിരുന്നു. അതേസമയം ജപ്പാന് ഒരിക്കല്‍ മാത്രമാണ് ലക്ഷ്യത്തിലേക്ക് ഷോട്ടുതിര്‍ക്കാന്‍ കഴിഞ്ഞത്.
പതിനേഴാം മിനിറ്റില്‍ ബ്രസീലിന് ലഭിച്ച ഫ്രീകിക്ക് നെയ്‌മര്‍ പോസ്റ്റിലേക്ക് പായിച്ചെങ്കിലും പുറത്തുപോയി. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ നെയ്‌മര്‍ ടീമിന്റെ ആദ്യഗോള്‍ നേടി. അര്‍ജന്റീനക്കെതിരായ മത്സരത്തില്‍ രണ്ട് ഗോളുകളും നേടി മിന്നുന്ന പ്രകടനം നടത്തിയ ഡീഗോ ടാര്‍ഡെല്ലിയുടെ പാസില്‍ നിന്നാണ് നെയ്‌മര്‍ ആദ്യഗോള്‍ നേടിയത്. രണ്ട് മിനിറ്റിനുശേഷം ലൂയിസ് ഗുസ്താവോ നല്‍കിയ പാസില്‍ നിന്ന് നെയ്‌മര്‍ വീണ്ടും നിറയൊഴിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. 24-ാം മിനിറ്റില്‍ ജപ്പാന്റെ കൊബായാഷിക്ക് സമനില നേടാനുള്ള അവസരം ലഭിച്ചെങ്കിലും അത് പാഴായി. തുടര്‍ന്നും നിരവധി മുന്നേറ്റങ്ങള്‍ കാനറികള്‍ നടത്തിയെങ്കിലും ആദ്യപകുതിയില്‍ ലീഡ് ഉയര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
എന്നാല്‍ രണ്ടാം പകുതി ആരംഭിച്ച് മൂന്ന് മിനിറ്റായപ്പോഴേക്കും കൗടീഞ്ഞോ നല്‍കിയ പാസില്‍ നിന്ന് നെയ്‌മര്‍ രണ്ടാം ഗോള്‍ നേടി. 76-ാം മിനിറ്റില്‍ ഏലിയാസിന് പകരക്കാരനായി കളത്തിലിറങ്ങിയ മുന്‍ ലോക ഫുട്‌ബോളര്‍ കാക തൊട്ടടുത്തി മിനിറ്റില്‍ പായിച്ച തകര്‍പ്പന്‍ ഹെഡ്ഡര്‍ ക്രോസ് ബാറില്‍ത്തട്ടി മടങ്ങി. പന്ത് പിടിച്ചെടുത്ത കൗടീഞ്ഞോ നെയ്‌മര്‍ക്ക് പാസ് നല്‍കി. നെയ്‌മര്‍ പായിച്ച ഷോട്ട് ജപ്പാന്‍ ഗോളിയെ മറികടന്ന് വലയില്‍ പതിച്ചു (3-0). നാല് മിനിറ്റിനുശേഷം നെയ്‌മര്‍ കാനറികളുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. കാകയും റൊബീഞ്ഞോയും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ ബോക്‌സിലേക്ക് ഉയര്‍ന്നുവന്ന പന്ത് നല്ലൊരു ഹെഡ്ഡറിലൂടെ നെയ്‌മര്‍ ജപ്പാന്‍ വലയിലെത്തിക്കുകയായിരുന്നു.
















