ഗീതയെന്ന ഗ്രന്ഥം മഹാഭാരതത്തിന്റെ ഒരു ഭാഗമാണ്. ഗീതയെ ശരിക്കു മനസ്സിലാക്കണമെങ്കില്‍, മറ്റു ചില കാര്യങ്ങള്‍കൂടി അവശ്യം അറിയേണ്ടതുണ്ട്. ഒന്നാമത്, ഇതു മഹാഭാരതത്തിന്റെ ഒരുഭാഗം തന്നെയോ, അതായത് ഇതിന്റെ കര്‍ത്തവ്യം വേദവ്യാസനിലാണെതു ശരിയോ, അതോ ഇത് ആ മഹേതിഹാസത്തില്‍ പ്രക്ഷിപ്തമോ? രണ്ടാമത് കൃഷ്ണന്‍ എന്നപേരില്‍ ഒരു ചരിത്രപുരുഷന്‍ ഉണ്ടായിരുന്നോ? മൂന്നാമത് ഗീതയില്‍ പറയുംപ്രകാരം, കുരുക്ഷേത്രമഹായുദ്ധം യഥാര്‍ത്ഥത്തില്‍ നടന്നതാണോ? നാലാമത് അര്‍ജ്ജുനന്‍ തുടങ്ങിയ കഥാനായകന്മാര്‍ വാസ്തവത്തില്‍ ചരിത്രപുരുഷന്മാരാണോ?ആദ്യമായി ഇങ്ങനെ ഒരനേ്വഷണത്തിനു നിദാനമായ വസ്തുതകളെന്തൊക്കെയെന്നു നോക്കാം. വേദവ്യാസന്‍ എന്നപേരില്‍ പലരും ഉണ്ടായിരുന്നുവെന്നു നമുക്കറിയാം. അവരില്‍ ഗീതയുടെ കര്‍ത്താവാര്- ബാദരായണവ്യാസനോ ദൈ്വപായനവ്യാസനോ? ‘വ്യാസന്‍’ എന്നത് ഒരു സ്ഥാനപ്പേര്‍മാത്രമാണ്. ‘വിക്രമാദിത്യന്‍’ എന്നതുപോലെ വ്യാസന്‍ എന്നതും ഒരു സാമാന്യസംജ്ഞയാണ്. പുതിയൊരു പുരാണമെഴുതിയ ആരെയും വ്യാസന്‍ എന്നു വിളിച്ചുവന്നു. മറ്റൊരു സംഗതി, ഗീതയെന്ന ഈ ഗ്രന്ഥം, ശങ്കരാചാര്യര്‍ തന്റെ മഹത്തായ ഭാഷ്യംകൊണ്ട് അതിനെ വിശ്രുതമാക്കുംമുമ്പ്, സാമാന്യജനത്തിനിടയില്‍ അധികം അറിയപ്പെട്ടിരുന്നില്ല. എന്നാല്‍ അതിനും വളരെമുമ്പു ഗീതയ്‌ക്കു ബോധായനന്റെ ഒരു ഭാഷ്യം പ്രചരിച്ചിരുന്നു എന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇക്കാര്യം തെളിയിക്കാമെങ്കില്‍, ഗീതയുടെ പ്രാചീനത്വവും വ്യാസന്റെ കര്‍ത്തൃത്വവും സ്ഥാപിക്കാന്‍ അതു വളരെയെറെ സഹായിക്കും.
















