കീര്‍ത്തനങ്ങള്‍ അനവധിയനവധി ഭഗവാന്റെ തിരുനാവില്‍കൂടി ഉദയമാക്കിയിട്ടുണ്ട്. പക്ഷേ ഇതിന്റെയെല്ലാം ഗുണവും സാരവും കീര്‍ത്തിക്കുമ്പോള്‍ ചോര്‍ന്നൂ പോകുന്നില്ലേ എന്നു സംശയിക്കുന്നു. ഉപകരണങ്ങള്‍ വെച്ച് കീര്‍ത്തനങ്ങള്‍ പാടുമ്പോള്‍ അതൊരു ചടങ്ങായി മാറരുത്. കീര്‍ത്തനവും കീര്‍ത്തിക്കുന്നവരുമായി ഒരു ബന്ധമില്ലെങ്കില്‍ അതുതന്നെ ഒരു ദോഷമാണ്. അകനിന്ദയോടും അഹങ്കാരത്തോടുംകൂടി കീര്‍ത്തിച്ചു കൂടാ.
കീര്‍ത്തനത്തില്‍ ലയിച്ചു കീര്‍ത്തിച്ചാല്‍ ആത്മാവില്‍ ഗുരു വിളയാടും. കീര്‍ത്തനത്തിന്റെ ഉത്ഭവരൂപം ഗുരുരൂപത്തെ അറിഞ്ഞു കീര്‍ത്തിച്ചാല്‍ ഉത്ഭവരൂപം നമ്മില്‍ കണ്ടാനന്ദിക്കാം. ഒരു പാത്രം കട്ടന്‍കാപ്പിയില്‍ ഒരു കഷണം കല്‍ക്കണ്ടമിട്ടാല്‍ കാപ്പിക്കു മധുരം കാണുകയില്ല. കാരണം അതലിഞ്ഞിട്ടില്ല. ഇതുപോലെ കീര്‍ത്തനവുമായി ലയിക്കാത്തിടത്തോളം അതിന്റെ രസമറിയുകയില്ല. ഗുരുരൂപം എന്നിലുണ്ടോ എന്നറിഞ്ഞുവേണം ആനന്ദിക്കുവാന്‍,
സ്വാദുള്ള ഓരോ വസ്തുക്കള്‍ ചേരുന്നതു കൊണ്ടാണ് പല പദാര്‍ത്ഥങ്ങള്‍ ചേര്‍ത്തുവയ്‌ക്കുന്ന കറിക്ക് സ്വാദു കിട്ടുന്നത്. ഇതുപോലെ ഗുണമുള്ള അനേകര്‍ ചേര്‍ന്നാല്‍ ഗുണരൂപമുണ്ടാകും.
















