കൊച്ചി: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടം ഇന്ന് അറബിക്കടലിന്റെ റാണിയായ കൊച്ചിയില്‍ അരങ്ങേറും. ഉച്ചക്ക് 2.30നാണ് മത്സരം ആരംഭിക്കുന്നത്. രണ്ട് ദിവസം കനത്ത മഴയുണ്ടാകുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഇന്നലെ മഴ പെയ്യാതിരുന്നതോടെ ആരാധകര്‍ മികച്ച മത്സരം കാണാമെന്ന പ്രതീക്ഷയിലാണ്.
അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി 20യും മൂന്ന് ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്. ഏകദേശം ഒരുവര്‍ഷത്തിനുശേഷമാണ് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം രാജ്യാന്തര ഏകദിനത്തിന് വേദിയാകുന്നത്. കഴിഞ്ഞ നവംബര്‍ 21ന് വെസ്റ്റിന്‍ഡീസായിരുന്നു അവസാനം കൊച്ചിയില്‍ കളിച്ചത്. അന്ന് ആറ് വിക്കറ്റിന് ഇന്ത്യ വിജയിക്കുകയും ചെയ്തിരുന്നു.
ഇന്നത്തെ മത്സരത്തില്‍ ആതിഥേയരായ ഇന്ത്യക്ക് തന്നെമുന്‍തൂക്കം. കരുത്തുറ്റ ബാറ്റിംഗ് നിരയാണ് ആതിഥേയര്‍ക്ക് മാനസികമായ ആധിപത്യം കളിയില്‍ നല്‍കുന്നത്. എന്നാല്‍ രോഹിത് ശര്‍മ്മയുടെ അഭാവം ഇന്ത്യയെ നേരിയ തോതില്‍ കുഴക്കുന്നുണ്ട്.
ഇന്നത്തെ പോരാട്ടത്തില്‍ ശിഖര്‍ ധവാനൊപ്പം അജിന്‍ക്യ രഹാനെയോ മുരളി വിജയോ ആയിരിക്കും ഓപ്പണ്‍ ചെയ്യുക. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ രഹാനെ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. എന്നാല്‍ ധവാന്റെ കാര്യം കഷ്ടമാണ്. ഏറെ നാളായി ധവാന്‍ ഫോം വീണ്ടെടുക്കാന്‍ കഴിയാതെ വലയുകയാണ്. അതുകൊണ്ടു തന്നെ ധവാന് ഇന്നത്തെ കളി നിര്‍ണായകവുമാണ്. വിരാട് കോഹ്‌ലിയുടെ കാര്യവും ഏറെ വ്യത്യസ്തമല്ല. അതേസമയം സുരേഷ് റെയ്‌നയും അമ്പാട്ടി റായിഡുവും ക്യാപ്റ്റന്‍ ധോണിയും മികച്ച ഫോമിലാണെന്നത് ഇന്ത്യന്‍ ക്യാമ്പില്‍ വന്‍ ആത്മവിശ്വാസമാണ് ഉയര്‍ത്തുന്നത്. ഒപ്പം ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ കൂടി മിന്നിയാല്‍ കാര്യങ്ങള്‍ ഇന്ത്യയുടെ വഴിക്കുവരും.
പേസ് ബൗളര്‍മാരായി ഭുവനേശ്വര്‍കുമാറും മുഹമ്മദ് ഷാമിയും ടീമില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. മൂന്നാമതൊരു പേസറെ കൂടി ടീമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ മോഹിത് ശര്‍മ്മക്ക് നറുക്ക് വീഴാനാണ് സാധ്യത. സ്പിന്നറായി അമിത് മിശ്രയോ കുല്‍ദീപ് യാദവോ ആയിരിക്കും ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യത.
അതേസമയം വിന്‍ഡീസ് രണ്ട് സൂപ്പര്‍താരങ്ങളുടെ അഭാവത്തിലാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്. ഒറ്റയ്‌ക്ക് മത്സരം ജയിപ്പിക്കാന്‍ കഴിവുള്ള ക്രിസ് ഗെയിലും ബൗളിംഗ് ആക്ഷന്‍ വിവാദത്തില്‍പ്പെട്ട സ്പിന്നര്‍ സുനില്‍ നരേയ്‌നുമാണ് ടീമിലില്ലാത്തത്. മാത്രമല്ല ഇന്ത്യ എയുമായി നടന്ന രണ്ട് സന്നാഹ മത്സരങ്ങളിലും വെസ്റ്റിന്‍ഡീസ് പരാജയപ്പെടുകയും ചെയ്തിരുന്നു. രണ്ട് സൂപ്പര്‍താരങ്ങളുടെയും അഭാവത്തില്‍ ടീമിനെ ചുമലിലേറ്റേണ്ട ഉത്തരവാദിത്ത്വം ക്യാപ്റ്റന്‍ ഡ്വെയ്ന്‍ ബ്രാവോക്കാണ്. എന്നാല്‍ മര്‍ലോണ്‍ സാമുവല്‍സും ദിനേഷ് രാംദിനും ഒഴികെയുള്ള ബാറ്റ്‌സ്മാന്മാര്‍ ഫോമിലല്ല എന്നതാണ് അവരെ അലട്ടുന്ന ഘടകം. ലെന്‍ഡല്‍ സിമണ്‍സിനൊപ്പം ലിയോണ്‍ ജോണ്‍സനായിരിക്കും വിന്‍ഡീസ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനിറങ്ങുക. ഇരുവരും മികച്ച ഇന്നിംഗ്‌സ് കളിച്ചാല്‍ വിന്‍ഡീസ് പ്രതീക്ഷകള്‍ക്ക് ജീവന്‍വെക്കുമെന്ന് ഉറപ്പാണ്. പിന്നാലെയെത്തുന്ന ഡാരന്‍ ബ്രാവോയും മര്‍ലോണ്‍ സാമുവല്‍സും കീറണ്‍ പൊള്ളാര്‍ഡും ഓള്‍ റൗണ്ടറും വിന്‍ഡീസ് ക്യാപ്റ്റനുമായ ഡ്വെയ്ന്‍ ബ്രാവോയും ഒറ്റയ്‌ക്ക് മത്സരഗതി തിരിച്ചുവിടാന്‍ കഴിവുള്ളവരാണ്.
ഓള്‍റൗണ്ടര്‍മാരായ സമിയും ഡ്വെയ്ന്‍ സ്മിത്തും മികച്ച പ്രകടനം നടത്തിയാല്‍ ഇന്ത്യക്ക് കനത്ത വെല്ലുവിളി ഉയരുമെന്ന് ഉറപ്പാണ്. ഇന്ത്യയെ അപേക്ഷിച്ച് ബൗളിംഗ് കരുത്തില്‍ വിന്‍ഡീസാണ് ഒരുപടി മുന്നില്‍. രവി രാംപോളും ജാസണ്‍ ഹോള്‍ഡറും കെമര്‍ റോച്ചും സ്പിന്നറായ സുലൈമാന്‍ ബെന്നും ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയേക്കും.
സാധ്യതാ ടീം: ഇന്ത്യ: അജിന്‍ക്യ രഹാനെ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, അമ്പാട്ടി റായിഡു, സുരേഷ് റെയ്‌ന, മഹേന്ദ്രസിംഗ് ധോണി, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍കുമാര്‍, മോഹിത് ശര്‍മ്മ, മുഹമ്മദ് ഷാമി, അമിത് മിശ്ര/കുല്‍ദീപ് യാദവ്.
വെസ്റ്റിന്‍ഡീസ്: ലെന്‍ഡല്‍ സിമണ്‍സ്, ഡ്വെയ്ന്‍ സ്മിത്ത്, ഡാരന്‍ ബ്രാവോ, രാംദിന്‍, മര്‍ലോണ്‍ സാമുവല്‍സ്, കീറണ്‍ പൊള്ളാര്‍ഡ്/ഡാരന്‍ സമി, ഡ്വെയ്ന്‍ ബ്രാവോ, ജാസണ്‍ ഹോള്‍ഡര്‍, സുലൈമാന്‍ ബെന്‍, രവി രാംപാല്‍, കെമര്‍ റോച്ച്.
















