ബംഗളൂരു: കോടികളുടെ അഴിമതിക്കേസില്‍ ജയിലില്‍ കിടക്കുന്ന തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയ്ക്ക് കര്‍ണ്ണാടക ഹൈക്കോടതി ജാമ്യം നിഷേധിച്ചു. അഴിമതി ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് നിരീക്ഷിച്ച കോടതി, ജയക്ക് ജാമ്യം നല്കാന് ഒരു കാരണവും കാണുന്നില്ലെന്നും വ്യക്തമാക്കി. ജയക്ക് സോപാധിക ജാമ്യം നല്‍കുന്നതിനെ പബഌക്ക് പ്രോസിക്യൂട്ടര്‍ ഭവാനി സിംഗ് എതിര്‍ത്തില്ലെങ്കിലും ജസ്റ്റീസ് എ വി ചന്ദ്രശേഖര അത് പരിഗണിച്ചതേയില്ല. കൂട്ടുപ്രതികളായ ശശികല, സുധാകരന്, ഇളവരശി എന്നിവരുടെ ജാമ്യാപേക്ഷയും കോടതി തള്ളിയിട്ടുണ്ട്.
66 കോടിയുടെ അഴിമതിക്കേസില്‍ ജയക്ക് പ്രത്യേക കോടതി സെപ്തംബര്‍ 27നാണ് നാലു വര്‍ഷം തടവും നൂറുകോടി പിഴയും വിധിച്ചത്. അന്നു വൈകിട്ടുമുതല്‍ അവര്‍ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ്. അഴിമതി മനുഷ്യാവകാശ ലംഘനമാണ്. വലിയ കുറ്റകൃത്യമാണ്. അത് സാമ്പത്തിക അസമത്വത്തിലേക്കാണ് നയിക്കുന്നത്. ജയക്ക് ജാമ്യം നല്കാന് ഒരു കാരണവും കാണുന്നുമില്ല. ശിക്ഷ റദ്ദാക്കാനാവില്ലെന്നും അഴിമതിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം പാലിക്കേണ്ടതുണ്ടെന്നും തിങ്ങി നിറഞ്ഞ കോടതി മുറിയില്‍ ജസ്റ്റീസ് വ്യക്തമാക്കി.
ജാമ്യം നല്കുന്നതില് എതിര്‍പ്പില്ലെന്ന് പബഌക്ക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചതോടെ ജയക്ക് ജാമ്യം ലഭിക്കുമെന്ന തോന്നലുണ്ടായി. ഇതോടെ പുറത്ത് തടിച്ചുകൂടിയ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ആഹഌദം തുടങ്ങി. എന്നാല്‍ അല്പ സമയത്തിനുള്ളില്‍ വിധി എതിരാണെന്ന് വന്നതോടെ അവര്‍ പൊട്ടിക്കരച്ചിലായി.
ജയക്ക് ഉടന്‍ ജാമ്യം നല്‍കണമെന്ന് കാലിത്തീറ്റക്കേസില്‍ ലാലു പ്രസാദ് യാദവിന് ജാമ്യം നല്കിയ സുപ്രീം കോടതി നടപടി ചൂണ്ടിക്കാട്ടി ജയയുടെ അഭിഭാഷകന് റാം ജേഠ്മലാനി കോടതിയില്‍ വാദിച്ചു. ഈ വാദം ഹൈക്കോടതി അംഗീകരിച്ചില്ല. ലാലുവിന്, പത്തു മാസം ജയിലില്‍ കിടന്ന ശേഷമാണ് ജാമ്യം ലഭിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു.
ക്രിമിനല്‍ നടപടിച്ചട്ട പ്രകാരം, അപ്പീല്‍ നല്കിയ സാഹചര്യത്തില്‍ പ്രത്യേക കോടതിയുടെ വിധി മരവിപ്പിക്കണമെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചിരുന്നു. അപ്പീലുള്ള സാഹചര്യത്തില്‍ വിധി മരവിപ്പിക്കാന്‍ നിയമമുണ്ട്. ജാമ്യത്തില്‍ വിട്ടയക്കാമെന്നും വ്യവസ്ഥയുണ്ട്. അദ്ദേഹം കോടതിയില്‍ പറഞ്ഞു. മാത്രമല്ല ജാമ്യം നല്‍കുകയെന്നതാണ് പതിവു നടപടിയെന്നും ജസ്റ്റീസ് ചന്ദ്രശേഖര മുന്‍പാകെ ജേഠ്മലാനി വാദിച്ചിരുന്നു.
അപ്പീലുകള്‍ കേള്‍ക്കാന്‍ സമയപരിധി വേണമെന്ന വാദവും അദ്ദേഹം നിരത്തി. ജയ 91 മുതല്‍ 96 വരെ മുഖ്യമന്ത്രിയായിരുന്നുവെന്നും അതിനുമുന്പുള്ള സ്വത്ത് കണക്കിലെടുക്കാന്‍ പാടില്ലെന്നും വാദിച്ചു. ആരോഗ്യപരമായ കാരണങ്ങളാല്‍ ജയക്ക് ജാമ്യം അനുവദിക്കണമെന്ന് ജേഠ്മലാനി ആവശ്യപ്പെട്ടു. പ്രമേഹം, രക്തസമ്മര്‍ദ്ദം, നടുവേദന എന്നിവയാല്‍ അവര്‍ വലയുകയാണെന്നും അവരുടെ പ്രായം(66)കൂടി പരിഗണിച്ച് ജാമ്യം നല്‍കണമെന്നും അദ്ദേഹം വാദിച്ചു. ജാമ്യവ്യവസ്ഥകള്‍ ജയലളിത പാലിക്കുമെന്നും ഒരു മുന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ അവര്‍ക്ക് ഒളിവില്‍ പോകാനോ രാജ്യത്ത് നിന്ന് രക്ഷപ്പെടാനോ ആവില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
താന്‍ മുഖ്യമന്ത്രിയായിരിക്കെ അവിഹിതമായി സ്വത്തു സമ്പാദിച്ചെന്ന കേസ് കളവാണെന്നും നിയമപരമായ മാര്‍ഗത്തിലൂടെ മാത്രമാണ് സ്വത്ത് സമ്പാദിച്ചിട്ടുള്ളതെന്നും ജയലളിത ജാമ്യഹര്‍ജിയില്‍ പറഞ്ഞിരുന്നു. പല വിധികള്‍ മറികടന്നാണ് കീഴ്ക്കോടതി തന്നെ ശിക്ഷിച്ചതെന്നും ആദായ നികുതി വകുപ്പിന്റെ ഉത്തരവുകളും ആദായ നികുതി അപ്പലേറ്റ് ട്രിബൂണലിന്റെ തീരുമാനങ്ങളും കോടതി പരിഗണിച്ചില്ലെന്നും ജയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്നലെ ജാമ്യഹര്‍ജി പരിഗണിച്ച കര്‍ണ്ണാടക ഹൈക്കോടതിയുടെയും പരപ്പന അഗ്രഹാര ജയിലിന്റെയും പരിസരത്ത് വന്‍സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇവിടെ നിരോധനാജ്ഞയും ഏര്‍പ്പെടുത്തിയിരുന്നു. ജാമ്യഹര്‍ജി പരിഗണിച്ച അവധിക്കാല ബെഞ്ച് കേസ് സ്ഥിരം ബെഞ്ചിന്റെ പരിഗണനയ്ക്ക് മാറ്റിവെക്കുകയായിരുന്നു.
ജാമ്യം ലഭിച്ചെന്ന് ആദ്യ വാര്‍ത്ത
ബംഗളൂരു: ഇന്നലെ ജയക്ക് ജാമ്യം ലഭിച്ചെന്ന വാര്‍ത്തയായിരുന്നു ആദ്യം പുറത്തുവന്നത്. ചാനലുകളും ന്യൂസ് വെബ് സൈറ്റുകളും എല്ലാം ഇങ്ങനെ വാര്‍ത്ത നല്‍കുകയും ചെയ്തു.
രാവിലെ ജയയുടെ ജാമ്യഹര്‍ജിയെ പബഌക്ക് പ്രോസിക്യൂട്ടര്‍ അതിശക്തമായി എതിര്‍ത്തിരുന്നു. ‘രാവിലത്തെ വാദത്തിനു ശേഷം കേസ് ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടര്‍ന്ന് കേള്‍ക്കാന്‍ മാറ്റിവച്ചു. ഈ സമയത്ത് പ്രോസിക്യൂട്ടര്‍ ഭവാനി സിംഗ് ജയക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ക്കുന്നില്ലെന്ന് കോടതിയില്‍ പറഞ്ഞു. ഈ നിലപാടില്‍ മാറ്റം വന്നതോടെ ജയക്ക് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായി. മാത്രല്ല തമിഴ്നാട്ടിലെ ചില അഭിഭാഷകര്‍ ജയക്ക് ജാമ്യം ലഭിച്ചതായും പ്രചരിപ്പിച്ചു. ഇതേത്തുടര്‍ന്നാണ് ജയക്ക് ജാമ്യം ലഭിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചുതുടങ്ങിയത്. ജാമ്യം ലഭിച്ചെന്നു കരുതി എഐഎഡിഎംകെ പ്രവര്‍ത്തകള്‍ ആഹഌദമാരംഭിക്കുകയും ചെയ്തു. എന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ജാമ്യം നിഷേധിച്ച് വിധി വരികയും ചെയ്തു.
രണ്ടു നിലപാട് എടുത്ത പ്രോസിക്യൂഷനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
വിധി അറിഞ്ഞതോടെ തമിഴ്നാട്ടില്‍ പലയിടങ്ങളിലും വീണ്ടും പ്രശ്നങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ചിലയിടങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞു.
ജാമ്യം വൈകും
ബംഗളരൂ: അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ജയലളിതക്ക് ജാമ്യം ലഭിക്കാന്‍ വൈകിയേക്കും. ഇന്നലെ കര്‍ണ്ണാടക ഹൈക്കോടതി ജയക്ക് ജാമ്യം നിഷേധിച്ചിരുന്നു. ഇതുസംബന്ധിച്ച ഉത്തരവില്‍ ജയക്ക് ജാമ്യം നല്കാതിരിക്കാനുള്ള കാരണങ്ങള്‍ കൃത്യമായി വിവരിച്ചിട്ടുണ്ട്. ഇവയെല്ലാം ഇനി ഹര്‍ജി പരിഗണിക്കുന്ന കോടതികളും കണക്കിലെടുത്തേക്കാം. അഴിമതി മനുഷ്യാവകാശലംഘനമാണ്, ജയക്ക് ജാമ്യം അനുവദിക്കാന്‍ ഒരു കാരണവും കാണുന്നില്ല, അഴിമതിക്കെതിരെ ശക്തമായ നടപടിക്ക് സുപ്രീം കോടതി നിര്‍ദ്ദേശമുണ്ട് എന്നെല്ലാം ജഡ്ജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: