വെസ്റ്റ് ഇന്‍ഡീസ് താരങ്ങളായ ഡ്വെയ്ന്‍ ബ്രാവോയും ആന്ദ്രെ റസ്സലും ഇന്നലെ നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയപ്പോള്‍
കൊച്ചി: ഇന്ത്യ-വിന്‍ഡീസ് ഏകദിനത്തുള്ള ടീമുകള്‍ എത്തിത്തുടങ്ങി. ഇന്നലെ വിന്‍ഡീസ് താരങ്ങളായ ഡ്വെയ്ന്‍ ബ്രാവോയും ആന്ദ്രെ റസ്സലുമാണ് എത്തിയത്. മറ്റുള്ളവര്‍ ഇന്ന് എത്തും.
അതേസമയം സുരക്ഷാക്രമീകരണത്തിലുണ്ടായ ആശയക്കുഴപ്പം മൂലം ഡ്വെയ്ന്‍ ബ്രാവോ, ആന്‍ഡ്രൂ റസല്‍ എന്നിവരെ രണ്ടുതവണ വാഹനം മാറ്റിക്കയറ്റിയശേഷമാണ് താമസസ്ഥലമായ കൊച്ചിയിലെ ഹോട്ടല്‍ ക്രൗണ്‍ പ്ലാസയിലേക്ക് എത്തിച്ചത്. ഇവര്‍ക്കും ഇന്ത്യന്‍ ടീം ഒഫീഷ്യല്‍സിനുമായി അഞ്ചുവാഹനങ്ങള്‍ സജ്ജമാക്കിയിരുന്നെങ്കിലും ഇരുവരും ടാക്‌സി വാഹനത്തിലാണ് ആദ്യം കയറിയത്.
പിന്നീട് അധികൃതരെത്തി ഇവരെ മറ്റൊരു വാഹനത്തില്‍ കയറ്റിയെങ്കിലും ഇതും ഇവര്‍ക്കുള്ളതായിരുന്നില്ല. തുടര്‍ന്ന് ഇവര്‍ക്കായി തയ്യാറാക്കിയ വാഹനത്തില്‍ കയറ്റി കൊച്ചിയിലെത്തിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ സുരക്ഷാവീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് എഡിജിപി കെ. പത്മകുമാര്‍ പറഞ്ഞു.
ഇന്ത്യന്‍ ടീമിലെ ആരും ഇന്നലെ എത്തിയില്ലെങ്കിലും അസിസ്റ്റന്റ് കോച്ച് സഞ്ജയ് ബംഗാര്‍, മാനേജര്‍ കപില്‍ മല്‍ഹോത്ര, ഫിസിയോ അമിത് ഷാ എന്നിവര്‍ ഇന്നലെ കൊച്ചിയിലെത്തി. വിന്‍ഡീസ് ടീമിലെ മറ്റ് താരങ്ങള്‍ ഇന്ന് ഉച്ചക്ക് ഒരുമണിയോടെ നെടുമ്പാശ്ശേരിയിലെത്തും. ഇന്ത്യന്‍ ടീം അംഗങ്ങളായ വിരാട് കോഹ്‌ലി, മുഹമ്മദ് ഷാമി, അജിന്‍ക്യ രഹാനെ, അമ്പാട്ടി റായിഡു, ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍കുമാര്‍ എന്നിവര്‍ രാവിലെ 11.40ന് എത്തും. മറ്റുള്ളവര്‍ ഉച്ചക്ക് 1നാണ് എത്തുക. ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ ഇന്ത്യന്‍ ടീമും ഉച്ചക്ക് 1.30 മുതല്‍ വിന്‍ഡീസ് ടീമും ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ പരിശീലനം നടത്തും.
ഈ മാസം എട്ടിനാണ് വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. കൊച്ചി സ്‌റ്റേഡിയത്തിന്റെ ചരിത്രത്തില്‍ പത്താം തവണയാണ് കളി നടക്കുന്നത്. മുന്‍പ് നടന്ന ഒന്‍പതെണ്ണത്തില്‍ ഒരെണ്ണം മഴകാരണം നടക്കാതെ പോയി. ബാക്കി എട്ട് മത്സരങ്ങളില്‍ ആറെണ്ണവും ഇന്ത്യയാണ് വിജയിച്ചത്. ഇത്തവണ ഏഴാം വിജയമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കൊച്ചിയില്‍ ലക്ഷ്യമിടുന്നത്. ഓസ്‌ട്രേലിയയും സിംബാബ്‌വെയുമാണ് ഇന്ത്യയെ കൊച്ചിയില്‍ വച്ച് ഓരോ തവണ പരാജയപ്പെടുത്തിയത്.
ഇതിനിടെ ബിസിസിഐ ചീഫ് ക്യൂറേറ്റര്‍ തപോഷ് ചാറ്റര്‍ജി ഗ്രൗണ്ടിലെത്തി പരിശോധന നടത്തി. പിച്ചിന്റെ കാര്യത്തില്‍ ആശങ്കപ്പെടാനില്ലെന്നും കാലാവസ്ഥ കൂടി അനുകൂലമാകണമെന്നും അദ്ദേഹം പറഞ്ഞു. ഏകദിന പിച്ചുകള്‍ സ്വാഭാവികമായും ബാറ്റിങ്ങിനെ തുണയ്‌ക്കേണ്ടതാണ്. എന്നാല്‍ ബാറ്റിങിനും ബൗളിങിനും അനുകൂലമായ പിച്ചാണ് കൊച്ചിയിലേതെന്നും തപോഷ് ചാറ്റര്‍ജി മാധ്യമങ്ങളോടു പറഞ്ഞു.
















