മാവേലിക്കര: സിപിഎം പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കെ മാവേലിക്കരയില്‍ ഇരുവിഭാഗവും തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. മത്സരങ്ങള്‍ പാടില്ലെന്ന് സംസ്ഥാന സെക്രട്ടറി അടക്കമുള്ളവര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ജില്ലയില്‍ ഔദ്യോഗിക വിഭാഗത്തിനുള്ള മുന്‍തൂക്കം നിലനിര്‍ത്തുന്നതിനാണെന്നാണ് വിഎസ്-ഐസക് പക്ഷം ആരോപിക്കുന്നത്. പാര്‍ട്ടി ഭരണഘടനയില്‍ മത്സരം വിലക്കിയിട്ടില്ലെന്ന വാദം ഉന്നയിച്ച് മത്സരത്തിന് ഒരുങ്ങുകയാണ് വിഎസ് പക്ഷം.
മാവേലിക്കര ഏരിയ കമ്മറ്റിയില്‍ ഔദ്യോഗിക (സുധാകര) വിഭാഗത്തിനാണ് മേല്‍ക്കൈ. കഴിഞ്ഞ പാര്‍ട്ടി തെരഞ്ഞെടുപ്പിന് മുന്‍പ് ഇവിടെ വിഎസ്-ഐസക് പക്ഷത്തിനായിരുന്നു മേല്‍കൈ. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിഎസ്-ഐസക് പക്ഷത്തിന് കനത്ത തിരിച്ചടി നല്കി ഏരിയകമ്മറ്റിയിലേക്കും ജില്ലാ പ്രതിനിധി തെരഞ്ഞെടുപ്പിലും മത്സരത്തിലൂടെ മുഴുവന്‍ പേരെയും സുധാകര വിഭാഗം വിജയിപ്പിച്ചു. ജില്ലാ കമ്മറ്റിയുടെ അനുവാദത്തോടെ ഏരിയ കമ്മറ്റി അവതരിപ്പിച്ച പാനലിനെതിരെ മത്സരിച്ചാണ് സുധാകര വിഭാഗം മുഴുവന്‍ സീറ്റുകളിലും വിജയിച്ചത്. നിലവിലെ ഏരിയകമ്മറ്റി അവതരിപ്പിച്ച ആറുപരെയും സുധാകര പക്ഷം പരാജയപ്പെടുത്തിയിരുന്നു.
ജില്ലാ കമ്മറ്റിയംഗവും മുതിര്‍ന്ന നേതാവുമായ കെ.അബ്ദുള്‍ ഷുക്കൂര്‍, ഏരിയകമ്മറ്റിയംഗമായിരുന്ന കെ. രഘുപ്രസാദ്, മുന്‍ബ്ലോക്ക് പഞ്ചായത്ത് അംഗം ജി. അജയകുമാര്‍, നൂറനാട് ലോക്കല്‍ കമ്മറ്റി സെക്രട്ടറി രാമകൃഷ്ണന്, ശശികുമാര്‍, സി.കുഞ്ഞുമോന് എന്നിവരാണ് അന്ന് പരാജയപ്പെട്ടത്. ജി.സുധാകരപക്ഷത്തുനിന്നും മത്സരിച്ച ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഡോ.കെ.മോഹന്‍കുമാര്‍, റ്റി.വിശ്വനാഥന്, ടൗണ്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി മോഹനചന്ദ്രന്, കെ.മനോഹരന്, പി.വി. സുഭാഷ്, പി.കെ. ശശിധരന് എന്നിവരാണ് വിജയിച്ചത്. ഏരിയ കമ്മറ്റി സെക്രട്ടറി തിരഞ്ഞെടുപ്പില്‍ നിലവിലുള്ള ഏരിയ കമ്മറ്റി സെക്രട്ടറി ജി.ഹരിശങ്കറെ പരാജയപ്പെടുത്തി കെ.മധുസൂതനനെ സെക്രട്ടറിയായി. ജി.ഹരിശങ്കറിനെ ജില്ലാ പ്രതിനിധിസമ്മേളനത്തില്‍ നിന്നും പരാജയപ്പെടുത്തുകയും ചെയ്തു.
പരാജയം മുന്‍കൂട്ടി കണ്ട് വിഎസ് പക്ഷത്തായിരുന്ന ആര്.രാജേഷ് എംഎല്‍എ ഉള്‍പ്പെടെ അവസാന സമയം സുധാകര പക്ഷത്തേക്ക് ചുവടുമാറ്റിയത് പാര്‍ട്ടിയില്‍ വളരെയേറെ ചര്‍ച്ച ആയിരുന്നു. ശക്തമായ വിഭാഗീയത നടന്നെന്ന് ആരോപിച്ച് വിഎസ് പക്ഷം ജില്ലാ കമ്മറ്റിക്കു പരാതി നല്‍കിയെങ്കിലും നടപടികള്‍ ഉണ്ടായില്ല. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഏരിയ കമ്മറ്റി പിടിച്ചെടുക്കാനുള്ള തന്ത്രവുമായി ഇരു വിഭാഗവും തയ്യാറെടുപ്പുകള്‍ നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: