ഇഞ്ചിയോണ്‍: ഖത്തറിന്റെ ഫെമി ഒഗുനോഡെയും ചൈനയുടെ യോ വെഗ്ലിയും പതിനേഴാമത് ഏഷ്യന്‍ ഗെയിംസിലെ വേഗതയേറിയ പുരുഷ-വനിതാ താരങ്ങളായി മാറി. പുരുഷവിഭാഗത്തില്‍ 9.93 സെക്കന്റില്‍ പറന്നെത്തിയാണ് ഗെയിംസ് റെക്കോര്‍ഡും ഏഷ്യന്‍ റെക്കോര്‍ഡും തിരുത്തി ഖത്തറിന്റെ ഫെഗമി സ്യൂന്‍ ഒഗുനോഡോ ഏഷ്യയിലെ വേഗത്തിന്റെ പുതിയ രാജകുമാരനായി മാറിയത്. 1998-ല്‍ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ ജപ്പാന്റെ കോജി ഇറ്റോ കുറിച്ച 10 സെക്കന്റ് എന്ന ഗെയിംസ് റെക്കോഡും 2007-ല്‍ ഖത്തറിന്റെ ഫ്രാന്‍സിസ് സാമുവല്‍ അദെബാരി കുറിച്ച 9.99 സെക്കന്‍ഡിന്റെ ഏഷ്യന്‍ റെക്കോഡുമാണ് ഫെമി തിരുത്തിയെഴുതിയത്. അവസാന 50 മീറ്ററിലെ കുതിപ്പിലാണ് ഖത്തര്‍ താരം സ്വര്‍ണ്ണമണിഞ്ഞത്. വെള്ളി നേടിയ ചൈനയുടെ ബിന്‍ഗത്യാന്‍ സുവി 10.10 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്. 10.15 സെക്കന്റില്‍ ഓടിയെത്തിയ ജപ്പാന്റെ തകാസെ കെയ് വെങ്കലവും നേടി.
അത്യന്തം ആവേശകരമായ വനിതാ വിഭാഗത്തില്‍ 11.48 സെക്കന്റില്‍ പറന്നെത്തിയാണ് ചൈനയുടെ യോഗ്ലി വെയാണ് ഇഞ്ചിയോണിന്റെ വേഗറാണി. 11.49 സെക്കന്റില്‍ ഫിനിഷ് ചെയ്ത ജപ്പാന്റെ ചിസാതൊ ഫുകുഷിമയെ ഫോട്ടോ ഫിനിഷിലാണ് ചൈനീസ് താരം പിന്തള്ളിയത്. 11.50 സെക്കന്‍ഡില്‍ ഓടിയെത്തി കസാക്കിസ്ഥാന്റെ ഓള്‍ഗ സഫ്രൊനോവ വെങ്കലവും നേടി.
അതേസമയം ചൈന മെഡല്‍ വേട്ടയില്‍ എതിരാളികളെ പിന്തള്ളി വന്‍ കുതിപ്പാണ് നടത്തുന്നത്. സ്വര്‍ണ്ണവേട്ടയില്‍ സെഞ്ച്വറി പിന്നിട്ട അവര്‍ ആകെ മെഡലുകളുടെ എണ്ണത്തില്‍ ഡബിള്‍ സെഞ്ച്വറിയും മറികടന്നു. 105 സ്വര്‍ണ്ണവും 63 വെള്ളിയും 48 വെങ്കലവുമടക്കം 216 മെഡലുകളുമായാണ് ചൈന കുതിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയക്ക് 42 സ്വര്‍ണ്ണവും 48 വെള്ളിയും 47 വെങ്കലവുമടക്കം 137ഉം മൂന്നാം സ്ഥാനത്തുള്ള ജപ്പാന് 34 സ്വര്‍ണ്ണവും 46 വെള്ളിയും 45 വെങ്കലവുമടക്കം 125 മെഡലുകളുമാണുള്ളത്. 9വെള്ളിയും 11 വെള്ളിയും20 വെങ്കലവുമടക്കം 40 മെഡലുകള്‍ സ്വന്തമാക്കിയ കസാക്കിസ്ഥാനാണ് നാലാമത്.
















