ഇഞ്ചിയോണ്‍: കാല്‍നൂറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യക്ക് ഗോദയില്‍ നിന്ന് സ്വര്‍ണ്ണം. 65 കി.ഗ്രാം വിഭാഗത്തില്‍ യോഗേശ്വര്‍ ദത്താണ് ഇന്നലെ സ്വര്‍ണ്ണം നേടി ചരിത്രം കുറിച്ചത്. താജിക്കിസ്ഥാന്റെ സാലിംഖാന് യുസുപോവിനെയാണ് യോഗേശ്വര്‍ (1-0) ഫൈനലില്‍ പരാജയപ്പെടുത്തിയത്. ആദ്യ റൗണ്ടില്‍ നേടിയ ഒരു ടെക്നിക്കല്‍ പോയിന്റിന്റെ ബലത്തിലാണ് യോഗേശ്വര്‍ ജയിച്ചത്. ഒന്നാം റൗണ്ടിലെ ഒന്നാം മിനിറ്റില്‍ തന്നെ ഒരു മിന്നല്‍ ഡൈവിലൂടെ സാലിംഖാന്റെ കാലുവാരിയാണ് യോഗേശ്വര്‍ ഈ വിലപ്പെട്ട പോയിന്റ് നേടിയത്. 1986-ലെ സോള്‍ ഏഷ്യന്‍ ഗെയിംസില്‍ കര്‍താര്‍ സിംഗാണ് ഇന്ത്യക്ക് വേണ്ടി ഇതിന് മുമ്പ് ഏഷ്യന്‍ ഗെയിംസ് ഗുസ്തിയില്‍ സ്വര്‍ണ്ണം നേടിയത്. പിന്നീട് പലതവണ യോഗേശ്വര്‍ എതിരാളിയെ മലയര്‍ത്തിയടിക്കാന്‍ ശ്രമിച്ചെങ്കിലും സാലിംഖാന് പ്രതിരോധിച്ചു നിന്നു.
നേരത്തെ ഉത്തരകൊറിയയുടെ ജിന്യോക് കാങിനെ 7-4ന് തോല്‍പ്പിച്ചാണ് യോഗേശ്വര്‍ സെമിയില്‍ പ്രവേശിച്ചത്. സെമിയില്‍ ചൈനയുടെ കതായി യൂര്ലാന്ബെയ്കിയെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മലര്‍ത്തിയടിച്ചാണ് യോഗേശ്വര്കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. അവസാന മിനിറ്റില്‍ വരെ 5-7ന് പിന്നില്‍ നിന്നശേഷമം എതിരാളിയെ മലര്‍ത്തിയടിച്ച് നാല് ടെക്നിക്കല്‍ പോയിന്റ് നേടിയാണ് യോഗേശ്വര്‍ അവസാന അങ്കത്തിന് യോഗ്യത നേടിയത്.
ഏഷ്യന്‍ ഗെയിംസില്‍ യോഗേശ്വറിന്റെ ആദ്യ സ്വര്‍ണ്ണമെഡലാണിത്. കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കലം നേടിയ യോഗേശ്വര്‍ 2006ലെ ദോഹ ഏഷ്യന്‍ ഗെയിംസിലും വെങ്കലം കരസ്ഥമാക്കിയിരുന്നു. കൂടാതെ 2012ലെ ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ 60 കി.ഗ്രാം വിഭാഗത്തില്‍ സ്വര്‍ണ്ണവും നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിലും 2010ലെ ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണ്ണം നേടിയ യോഗേശ്വര്‍ 2003, 2005, 2007 കോമണ്‍വെല്‍ത്ത് ഗുസ്തി ചാമ്പ്യന്‍ഷിപ്പിലും ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഒന്നാമതെത്തിയിരുന്നു. കൂടാതെ 2005, 2007 ചാമ്പ്യന്‍ഷിപ്പില്‍ 60 കി.ഗ്രാം ഗ്രീക്കോ-റോമന്‍ ഗുസ്തിയില്‍ വെങ്കലവും ഹരിയാനയിലെ സോനിപത് ജില്ലയില്‍ നിന്നുള്ള ഈ 31 കാരന് നേടിയിട്ടുണ്ട്.
മികച്ച പ്രകടനത്തിന് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ്ഗാന്ധി ഖേല്‍രത്ന ബഹുമതിയും അര്‍ജുന അവാര്‍ഡും നേടിയ യോഗേശ്വര്‍ ദത്തിന് 2013-ല്‍ രാജ്യം പത്മശ്രീ ബഹുമതിയും സമ്മാനിച്ചു.
ഗുസ്തിയില്‍ ഇന്നലെ ഗോദയിലിറങ്ങിയ മറ്റുള്ളവര്‍ക്കൊന്നും മെഡല്‍ പട്ടികയില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞില്ല. 97 കി.ഗ്രാം വിഭാഗത്തില്‍ മത്സരിച്ച സത്യവ്രത കഡിയാന്‍, വനിതാ വിഭാഗത്തില്‍ മത്സരിച്ച ജ്യോതി, ബബിത കുമാരി എന്നിവര്‍ക്ക് ഇന്നലെ മെഡല്‍ പട്ടികയില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞില്ല.
















