വനിതകളുടെ ഡബിള്‍ ട്രാപ്പ് ഷൂട്ടിംഗില്‍ ടീം ഇനത്തില്‍ വെങ്കലം നേടിയ ഇന്ത്യയുടെ വര്‍ഷ വര്‍മ്മന്‍, ഷഗുന്‍ ചൗധരി, ശ്രേയസി സിംഗ് എന്നിവര്‍ മെഡലുമായി
ഇഞ്ചിയോണ്‍: സ്വര്‍ണ്ണം കിട്ടാക്കനിയായി തുടരുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഇന്നലെ മൂന്ന് വെങ്കലം കൂടി സ്വന്തമായി. ഗെയിംസിന്റെ ആറാം ദിവസമായ ഇന്നലെ തുഴച്ചില്‍ പുരുഷന്മാരുടെ സിംഗിള്‍സ് സ്‌കള്‍സില്‍ സ്വരണ്‍ സിംഗും എയ്റ്റിലും വനിതാ ഡബിള്‍ ട്രാപ്പ് ഷൂട്ടിംഗ് ടീം ഇനത്തിലുമാണ് ഇന്ത്യ വെങ്കലം നേടിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഒരു സ്വര്‍ണ്ണവും ഒരു വെള്ളിയും 13 വെങ്കലവുമടക്കം 15ആയി. മെഡല്‍ പട്ടികയിലും ഇന്ത്യ 15-ാം സ്ഥാനത്താണ്.
ഷൂട്ടിംഗില്‍ ഷഗുന്‍ ചൗധരി, ശ്രേയസി സിംഗ്, വര്‍ഷ വര്‍മ്മന്‍ എന്നിവരടങ്ങിയ ടീം 279 പോയിന്റോടെയാണ് വെങ്കലം നേടിയത്. ഷഗുന്‍ ചൗധരി (24, 25, 24, 23) 96 ഉം ശ്രേയസി (24, 22, 22, 26) 94 ഉം വര്‍ഷ വര്‍മ്മന്‍ (23, 21, 24, 21) 89 ഉം പോയിന്റാണ് നേടിയത്. ഇതോടെ ഷൂട്ടിംഗില്‍ നിന്ന് ഒരു സ്വര്‍ണ്ണവും അഞ്ച് വെങ്കലവും ഇന്ത്യ ഇതുവരെ സ്വന്തമാക്കി. ഇൗയിനത്തില്‍ 315 പോയിന്റ് നേടിയ ചൈന സ്വര്‍ണവും 314 പോയിന്റ് നേടിയ ദക്ഷിണ കൊറിയ വെള്ളിയും നേടി.
തുഴച്ചിലില്‍ പുരുഷന്മാരുടെ സിംഗിള്‍സ് സ്‌കള്‍സില്‍ 7 മിനിറ്റ് 10.65 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് സ്വരണ്‍ സിംഗ് വെങ്കലം നേടിയത്. മത്സരത്തിന്റെ ആദ്യ 1000 മീറ്ററില്‍ ഒന്നാം സ്ഥാനത്തായിരുന്ന സ്വരണ്‍ സിംഗിന് ആ മികവ് പിന്നീടുള്ള 500 മീറ്ററില്‍ നിലനിര്‍ത്താന്‍ കഴിയാതെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഇറാന്റെ മോഹസെന്‍ ഷാദരനാഗ്‌ദെ 7 മിനിറ്റ് 05.66 സെക്കന്റില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണ്ണം നേടിയപ്പോള്‍ 7 മിനിറ്റ് 06.17 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ആതിഥേയരായ ദക്ഷിണ കൊറിയയുടെ ഡോങ്‌യോങ് വെങ്കലവും സ്വന്തമാക്കി. റെപ്പാഷാജ് റൗണ്ടില്‍ വിജയിച്ചാണ് സ്വരണ്‍ ഫൈനലില്‍ എത്തിയത്.
പഞ്ചാബിലെ മാന്‍സ സ്വദേശി സ്വരണ്‍ സിംഗ് ലണ്ടന്‍ ഒളിമ്പിക്‌സിനേക്കാള്‍ മികച്ച സമയത്തോടെയാണ് ഇവിടെ ഫിനിഷ് െചയ്തത്. ലണ്ടന്‍ ഒളിമ്പിക്‌സില്‍ എട്ടാം സ്ഥാനത്താണ് ഖുര്‍ഖ റജിമെന്റിലെ നായക് സുബേദാറായ സ്വരണ്‍ സിംഗ് ഫിനിഷ് ചെയ്തിരുന്നത്.
റോവിങ് എയ്റ്റിലാണ് ഇന്നലെ ഇന്ത്യ മറ്റൊരു വെങ്കലം നേടിയത്. കഴിഞ്ഞ ഗ്വാങ്ഷു ഗെയിംസില്‍ സിംഗിള്‍സ് സ്‌കള്‍സില്‍ സ്വര്‍ണ്ണം നേടിയ ബജ്‌രംഗ്‌ലാല്‍ തക്കര്‍, മലയാളി താരം റോബിന്‍ ഉലഹന്നാന്‍, കപില്‍ ശര്‍മ്മ, രഞ്ജിത് സിംഗ്, സോവന്‍കുമാര്‍ കല്‍ക്കല്‍, മുഹമ്മദ് അസാദ്, മണീന്ദര്‍സിംഗ്, ദേവിന്ദര്‍സിംഗ്, അഹമ്മദ് മുഹമ്മദ് എന്നിവരടങ്ങിയ ടീമാണ് വെങ്കലം നേടിയത്. രണ്ട് കിലോമീറ്റര്‍ ദൂരം വരുന്ന മത്സരത്തില്‍ അഞ്ച് മിനിറ്റ് 51.84 സെക്കന്റിലാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ഈയിനത്തില്‍ ചൈന സ്വര്‍ണ്ണവും ജപ്പാന്‍ വെള്ളിയും നേടി.
അതേസമയം രാകേഷ് റാലിയ, വിക്രം സിംഗ്, ലക്ഷ്മി നാരായണ്‍ സോനു, ഷൊകേന്ദര്‍ തോമര്‍ എന്നിവരടങ്ങിയ ടീം പുരുഷന്മാരുടെ ലൈറ്റ്‌വെയ്റ്റ് ക്വാഡ്രാപ്പിള്‍ സ്‌കള്‍സില്‍ അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. ആറ് മിനിറ്റ് 16.05 സെക്കന്റിലാണ് ഇന്ത്യന്‍ ടീം ഫിനിഷ് ചെയ്തത്. ഈയിനത്തില്‍ ചൈന സ്വര്‍ണവും ഹോങ്കോംഗ് വെള്ളിയും ഇന്‍ഡൊനീഷ്യ വെങ്കലവും നേടി.
















