ഇഞ്ചിയോണ്‍: സ്ക്വാഷ് ടീം ഇനത്തില്‍ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ സെമിയില്‍ പ്രവേശിച്ചു.
വനിതാ വിഭാഗം ടീം ഇനത്തില്‍ കഴിഞ്ഞ ദിവസം ഹോങ്കോംഗിനെയും പാക്കിസ്ഥാനെയും പരാജയപ്പെടുത്തിയ ഇന്ത്യന്‍ വനിതകള്‍ ഇന്നലെ ചൈനയെയും 3-0ന് പരാജയപ്പെടുത്തി പൂള് ബി ചാമ്പ്യന്മാരായി.
ആദ്യ മത്സരത്തില്‍ ജോഷ്ന ചിന്നപ്പ ഗു ജിയ്യുവിനെ 11-5, 11-7, 11-8 എന്ന സ്കോറിനും രണ്ടാം മത്സരത്തില്‍ അനഘ അലങ്കമണി സ്യു ചെന്നിനെ 12-10, 11-7, 11-8 എന്ന സ്കോറിനും മൂന്നാം സിംഗിള്‍സില്‍ സൂപ്പര്‍താരവും വെങ്കല മെഡല്‍ ജേതാവുമായ ദീപിക പള്ളിക്കല്‍ 6-11, 11-6, 11-6, 11-5 എന്ന സ്കോറിന് ലി ഡോഗ്ജിനെയും പരാജയപ്പെടുത്തി. ആദ്യ ഗെയിം നഷ്ടമായശേഷമായിരുന്നു ദീപികയുടെ തിരിച്ചുവരവ്.
പുരുഷ വിഭാഗത്തില്‍ ഇന്ത്യ ഇന്നലെ നടന്ന പൂള് ബിയിലെ മൂന്നാം മത്സരത്തില്‍ ജപ്പാനെ 3-0ന് പരാജയപ്പെടുത്തിയെങ്കിലും അവസാന മത്സരത്തില്‍ മലേഷ്യയോട് 2-1ന് പരാജയപ്പെട്ടു.
















