ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസിന്റെ അഞ്ചാം ദിവസം ഇന്ത്യക്ക് മെഡല്‍ ദാരിദ്ര്യം. ഒരു വെങ്കലം മാത്രമാണ് ഇന്നലെ ഇന്ത്യ സ്വന്തമാക്കിയത്. റോവിംഗിലാണ് മെഡല്‍ നേടിയത്. പുരുഷന്മാരുടെ ലൈറ്റ്‌വെയ്റ്റ് സിംഗിള്‍സ് സ്‌കള്‍സില്‍ ദുഷ്യന്ത് ചൗഹാനാണ് വെങ്കലം സ്വന്തമാക്കിയത്. ഏഴ് മിനിറ്റ് 26.57 സെക്കന്‍ഡില്‍ തുഴഞ്ഞെത്തിയായിരുന്നു ദുഷ്യന്തിന്റെ നേട്ടം. തുടക്കത്തില്‍ ഒന്നാമതായിരുന്ന ദുഷ്യന്ത് അവസാന 200 മീറ്ററിലാണ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. കഴിഞ്ഞ തവണ ഗ്വാങ്ഷുവില്‍ ഈയിനത്തില്‍ ഇന്ത്യക്കായിരുന്നു സ്വര്‍ണം.
ഇതോടെ ഇന്ത്യയുടെ മെഡല്‍നേട്ടം 12 ആയി. ഒരു സ്വര്‍ണ്ണവും ഒരു വെള്ളിയും 10 വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം. മെഡല്‍ പട്ടികയില്‍ 15-ാം സ്ഥാനത്താണ് ഇന്ത്യ. ഹരിയാന സ്വദേശിയാണ് ഇരുപത്തിയൊന്നുകാരനായ ദുഷ്യന്ത്. റൂര്‍ക്കി ബംഗാള്‍ എഞ്ചിനീയറിങ് ഗ്രൂപ്പിലെ സൈനികനാണ്. ഏഴു മിനിറ്റ് 25.04 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഹോങ്കോംഗിന്റെ ഹോയ് ലോക് ക്വാന്‍ സ്വര്‍ണവും ഏഴു മിനിറ്റ് 25.95 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ദക്ഷിണ കൊറിയയുടെ ലീ ഹാക് ബോയെം വെള്ളിയും നേടി.
ദുഷ്യന്തിലൂടെ ഇന്ത്യ നേടിയത് ഗെയിംസിലെ പത്താമത്തെ വെങ്കലമാണ്. ഒരു സ്വര്‍ണവും ഒരു വെള്ളിയും പത്ത് വെങ്കലവും ഉള്‍പ്പടെ മൊത്തം പത്ത് മെഡലാണ് ഇന്ത്യയ്‌ക്കുള്ളത്. അതേസമയം ഷൂട്ടിംഗ് റേഞ്ചില്‍ നിന്നും ഇന്നലെ ഇന്ത്യക്ക് തിരിച്ചടിയേറ്റു. പുരുഷന്മാരുടെ 25 മീറ്റര്‍ റാപ്പിഡ്ടീമിനം, വനിതകളുടെ 50 റൈഫിള്‍ പ്രോണ്‍, വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ ടീമിനം, പുരുഷന്മാരുടെ 25 മീറ്റര്‍ റാപ്പിഡ് ഷൂട്ടിങ് എന്നിവയിലാണ് ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തിയത്.
പുരുഷ വിഭാഗം 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ ടീം ഇനത്തില്‍ നേരിയ വ്യത്യാസത്തിനാണ് ഇന്ത്യക്ക് മെഡല്‍ നഷ്ടപ്പെട്ടത്. നേരിയ വ്യത്യാസത്തിലാണ് ഇന്ത്യയെ പിന്തള്ളി വിയറ്റ്‌നാം വെങ്കലം നേടിയത്. വെങ്കലം നഷ്ടമായത്. ഇന്ത്യയും വിയറ്റ്‌നാമും 1704 പോയിന്റോടെ ഒപ്പമെത്തിയെങ്കിലും കൂടുതല്‍ തവണ ഇന്നര്‍ 10ല്‍ ഷോട്ട് കൊള്ളിച്ചത് കണക്കിലെടുത്ത് വിയറ്റ്‌നാം വെങ്കല മെഡല്‍ ജേതാക്കളായി. വിയറ്റ്‌നാം 41 ഉം ഇന്ത്യ 39 ഉം തവണയാണ് ഇന്നര്‍ പത്തില്‍ ഷോട്ട് കൊള്ളിച്ചത്. അതേസമയം വ്യക്തിഗത ഇനത്തില്‍ ഇന്ത്യയുടെ ഹര്‍പ്രീത് സിംഗിന് ഏഴാമതെത്താനെ കഴിഞ്ഞുള്ളൂ. മറ്റ് ഇന്ത്യന്‍ താരങ്ങളായാ ഗുര്‍പ്രീത് സിങ് പന്ത്രണ്ടാം സ്ഥാനത്തും പെമ്പ തമാങ് ഇരുപതാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.
വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ പ്രോള്‍ ടീം ഇനത്തില്‍ ഇന്ത്യ 1837.1 പോയിന്റുമായി 11-ാം സ്ഥാനത്താണ് എത്തിയത്. 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ വ്യക്തിഗത മത്സരത്തില്‍ രാജ് ചൗധരി 614.6 പോയിന്റുമായി ഇരുപത്തിരണ്ടാം സ്ഥാനത്താണ് എത്തിയത്. മറ്റ് ഇന്ത്യന്‍ താരങ്ങളായ ലജ്ജ ഗോസ്വാമി 613.7 പോയിന്റുമായി ഇരുപത്തിയഞ്ചാമതും തേജസ്വിനി മുളെ 608.8 പോയിന്റുമായി 36-ാമതുമായി.
അശ്വാഭ്യാസത്തിലും ഇന്ത്യക്ക് തിരിച്ചടി നേരിട്ടു. ഡ്രസ്സേജ് ടീമിനത്തില്‍ സംഗ്രാം സിങ്, ഫൗദ് മിര്‍സ, മൃത്യുഞ്ജയ് സിംഗ് റാത്തോഡ്, അജയ് അപ്പാച്ചു എന്നിവരടങ്ങിയ ടീം 144.50 പോയിന്റുമായി നാലാം സ്ഥാനത്താണ് എത്തിയത്. ഈയിനത്തില്‍ ദക്ഷിണ കൊറിയ സ്വര്‍ണവും ജപ്പാന്‍ വെള്ളിയും ചൈന വെങ്കലവും നേടി. വനിതകളുടെ ജിംനാസ്റ്റിക്‌സ് വോള്‍ട്ട് ഇനത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ദീപിക കര്‍മാകര്‍ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു.
നീന്തലില്‍ 100 മീറ്റര്‍ ബ്രസ്റ്റ്‌സ്‌ട്രോക്കില്‍ മത്സരിച്ച ഇന്ത്യയുടെ സന്ദീപ് സെജ്‌വാള്‍ ഹീറ്റ്‌സില്‍ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കില്‍ മത്സരിച്ച സാജന്‍ പ്രകാശ് മൂന്നാം ഹീറ്റ്‌സില്‍ ആറാം സ്ഥാനത്താണ് എത്തിയത്. 4ഃ100 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍ റിലേ ഫൈനലില്‍ മത്സരിച്ച ഇന്ത്യ 3:25.94 സെക്കന്റില്‍ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഈയിനത്തില്‍ ചൈന പുതിയ ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടി.
വെയ്റ്റ്‌ലിഫ്റ്റിംഗില്‍ 85 കി.ഗ്രാം വിഭാഗത്തില്‍ മത്സരിച്ച വികാസ് താക്കൂര്‍ ഏഴാം സ്ഥാനത്തായപ്പോള്‍ അമ്പെയ്‌ത്തിലും ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തി.
















