ഇഞ്ചിയോണ്‍: ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വ്യക്തിഗത ഇനത്തിലും ടീമിനത്തിലും വെങ്കല മെഡല്‍ നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ താരം അഭിനവ് ബിന്ദ്ര തല്ക്കാലം ഷൂട്ടിംഗ് റേഞ്ചില്‍ നിന്ന് പിന്‍വാങ്ങുന്നില്ല. യോഗ്യത ലഭിക്കുമെങ്കില്‍ 2016 റിയോ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്ന് ബിന്ദ്ര വ്യക്തമാക്കി. ഏഷ്യന്‍ ഗെയിംസോടെ പ്രഫഷണല്‍ ഷൂട്ടിംഗില്‍ നിന്ന് വിരമിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം താരം ട്വീറ്റ് ചെയ്തിരുന്നത്.
അതേസമയം, ഇന്ന് നടന്ന പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ വ്യക്തിഗത ഇനത്തില്‍ അഭിനവ് ബിന്ദ്രയ്ക്ക് സ്വര്‍ണം നേടാനാവുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ചൈനീസ് താരങ്ങള്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തിയതിനാല്‍ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഈ ഇനത്തില്‍ സ്വര്‍ണവും വെളളിയും ചൈന നേടി. ടീമിനത്തില്‍ ബിന്ദ്രയ്ക്ക് പുറമെ രവികുമാര്‍, സഞ്ജീവ് രജ്പുത് എന്നിവരടങ്ങിയ ടീം 1863 പോയിന്റോടെയാണ് വെങ്കലം നേടിയത്. 1886.4 പോയിന്റ് നേടിയ ചൈനക്കാണ് സ്വര്‍ണം. 1867 പോയിന്റോടെ ദക്ഷിണ കൊറിയ വെള്ളി നേടി. ബിന്ദ്ര 625.4 പോയിന്റും രവി കുമാര്‍ 618.9 പോയിന്റും സഞ്ജീവ് 618.7 പോയിന്റും നേടി. ഷൂട്ടിങ്ങില്‍ ഇന്ത്യ നേടുന്ന അഞ്ചാമത്തെ വെങ്കലമാണിത്. ഒരു സ്വര്‍ണവും അഞ്ചു വെങ്കലവും അടക്കം ആറ് മെഡലുകളാണ് ഇന്ത്യ ഷൂട്ടിംഗ് റേഞ്ചില്‍ നിന്ന് വെടിവെച്ചിട്ടത്.
വിരമിച്ചാലും ഹോബി ഷൂട്ടര്‍ എന്ന നിലയില്‍ ആഴ്ചയില്‍ രണ്ട് തവണ മാത്രം പരിശീലനം നടത്തുമെന്നുമായിരുന്നു ബിന്ദ്ര പ്രഖ്യാപിച്ചിരുന്നത്. ബിന്ദ്ര വിവാഹത്തെ കുറിച്ച് ഗൗരവമായി ചിന്തിക്കുന്നതും കുടുംബ ബിസിനസില്‍ സജീവമാകാനും വേണ്ടിയായിരുന്നു വിരമിക്കലിനെ കുറിച്ച് ആലോചിച്ചത്. എന്നാല്‍ ഇപ്പോഴും മികച്ച ഫോമിലയതിനാല് വിരമിക്കല്‍ തീരുമാനം മാറ്റിവയ്ക്കുകയാണെന്നാണ് ലഭിക്കുന്നവിവരം.
ഇന്ത്യക്ക് ആദ്യമായി വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം സമ്മാനിച്ച താരമാണ് അഭിനവ് ബിന്ദ്ര. 2008 ബീജിംഗ് ഒളിമ്പിക്സില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലായിരുന്നു സുവര്‍ണ നേട്ടം.
















