ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസിന്റെ മൂന്നാം ദിവസവും ഇന്ത്യക്ക് വെങ്കലപ്രഭ മാത്രം. രണ്ട് വെങ്കലമാണ് ഇന്ത്യ ഇന്നലെ സ്വന്തമാക്കിയത്. വനിതാ ഷൂട്ടിംഗ് ടീമും വനിതാ സ്‌ക്വാഷിലുമാണ് വെങ്കലം സ്വന്തമായത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഒരു സ്വര്‍ണ്ണവും അഞ്ച് വെങ്കലവുമടക്കം ആറായി. 13-ാം സ്ഥാനത്താണ് ഇന്ത്യ.
25 മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിംഗ് ടീം ഇനത്തില്‍ ഹീന സിദ്ദു, അനിഷ സയ്യിദ്, രാഹി ജീവന്‍ സര്‍ണൊബാത് എന്നിവരടങ്ങുന്ന ടീമാണ് 1729 പോയിന്റുകളുമായി വെങ്കലം സ്വന്തമാക്കിയത്. 1748 പോയിന്റ് നേടിയ ദക്ഷിണ കൊറിയക്കാണ് ഈയിനത്തില്‍ സ്വര്‍ണം. 1747 പോയിന്റ് നേടിയ ചൈന വെള്ളി സ്വന്തമാക്കി.
സ്‌ക്വാഷ് വനിതാ സിംഗിള്‍സില്‍ സെമിയില്‍ പരാജയപ്പെട്ടതോടെയാണ് മലയാളി താരം ദീപിക പള്ളിക്കലിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്. നിലവിലെ ലോക, ഏഷ്യന്‍ഗെയിംസ്, കോമണ്‍വെല്‍ത്ത് ജേത്രിയും ലോക ഒന്നാം നമ്പറുമായ മലേഷ്യയുടെ ഡേവിഡ് ആന്‍ നിക്കോളിനോടാണ് ദീപിക കീഴടങ്ങിയത്. സ്‌കോര്‍: 4-11, 4-11, 5-11.
അതേസമയം10 മീറ്റര്‍ എയര്‍ റൈഫിള്‍ വനിതാവിഭാഗത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളി മെഡല്‍ ജേതാവായ അയോണിക്ക പോളിന് ഏഴാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ടീം ഇനത്തില്‍ അപൂര്‍വി ചന്ദേല, അയോണിക്ക പോള്‍, രാജ് ചൗധരി എന്നിവരടങ്ങിയ ടീം 1239.1 പോയിന്റ് നേടി അഞ്ചാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ.
എന്നാല്‍ തിരിച്ചടികള്‍ക്കിടയിലും ഇന്ത്യക്ക് തിളക്കമായി സ്‌ക്വാഷ് പുരുഷ സിംഗിള്‍സില്‍ ചരിത്രം കുറിച്ചു. ഇന്ത്യയുടെ സൗരവ് ഘോഷാല്‍ ഫൈനലില്‍ പ്രവേശിച്ചു. സ്‌ക്വാഷിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഫൈനലില്‍ പ്രവേശിക്കുന്നത്. ഇതോടെ ഒരു സ്വര്‍ണ്ണമോ വെള്ളിയോ കൂടി ഇന്ത്യക്ക് ഉറപ്പായി. ഇന്ന് നടക്കുന്ന ഫൈനലില്‍ കൂവൈറ്റിന്റെ അബ്ദുള്ള അല്‍ മുസായെനാണ് ഇന്ത്യന്‍ ഹീറോയുടെ എതിരാളി.
ഘോഷാലിന് പുറമെ രണ്ട് വെങ്കലം കൂടി ഇന്ത്യ ഉറപ്പിച്ചിട്ടുണ്ട്. വുഷുവില്‍ നിന്നാണിത്. പുരുഷന്മാരുടെ 60 കി.ഗ്രാം വിഭാഗത്തില്‍ നരേന്ദര്‍ ഗ്രെവാളും വനിതകളുടെ 52 കി.ഗ്രാം വിഭാഗത്തില്‍ സനതോയി ദേവി യംനാമും സെമിയില്‍ പ്രവേശിച്ചതോടെയാണ് രണ്ട് വെങ്കലം ഉറപ്പായത്. പുരുഷ വിഭാഗത്തില്‍ പാക്കിസ്ഥാന്റെ അബ്ദുള്ളയെ പരാജയപ്പെടുത്തിയാണ് നരേന്ദര്‍ ഗ്രെവാള്‍ സെമിയിലെത്തിയത്. വനിതകളില്‍ മംഗോളിയയുടെ അംഗലാന്‍ജാര്‍ഗല്‍ സന്‍ഗിഡോറിനെ കീഴടക്കിയാണ് സനതോയി ദേവി സെമിയിലെത്തിയത്. അതേസമയം ഹാന്റ്‌ബോള്‍, ടെന്നീസ്, വനിതാ വോളിബോള്‍ എന്നിവയിലെല്ലാം ഇന്ത്യക്ക് തിരിച്ചടിയേറ്റു. നീന്തലില്‍ പുരുഷന്മാരുടെ 4ഃ200 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍ റിലേയില്‍ നീന്തലില്‍ ഇന്ത്യ ഫൈനലില്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
















