ഇഞ്ചിയോണ്‍: പതിനേഴാമത് ഏഷ്യന്‍ ഗെയിംസിന്റെ മൂന്നാം ദിനം ചൈന കുതിച്ചു. ആദ്യ രണ്ട് ദിവസങ്ങളിലും മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്ന ആതിഥേയരായ ദക്ഷിണ കൊറിയയെ ബഹുദൂരം പിന്തള്ളിയാണ് ചൈന കുതിപ്പ് തുടങ്ങിയത്.
മൂന്നാം ദിവസത്തെ മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ 26 സ്വര്‍ണ്ണമാണ് ചൈനയുടെ അക്കൗണ്ടിലെത്തിയത്. കൂടാതെ 14 വെള്ളിയും 18 വെങ്കലവും അവര്‍ സ്വന്തമാക്കി. രണ്ടാം ദിവസം 12 സ്വര്‍ണ്ണവുമായി നിന്ന ദക്ഷിണ കൊറിയക്ക് ഇന്നലെ രണ്ട് സ്വര്‍ണ്ണം മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ആകെ 14 സ്വര്‍ണ്ണവും 14 വെള്ളിയും 16 വെങ്കലവുമടക്കം 44 മെഡലുകളാണ് ദക്ഷിണ കൊറിയയുടെ സമ്പാദ്യം.
ആദ്യ രണ്ട് ദിവസവും മികച്ച പ്രകടനം നടത്താന്‍ കഴിയാതിരുന്ന ജപ്പാനും ഇന്നലെ ആ കേട് തീര്‍ത്തു. 13 സ്വര്‍ണ്ണവും 13 വെള്ളിയും 16 വെങ്കലവുമടക്കം 42 മെഡലുകളാണ് ജപ്പാന്റെ അക്കൗണ്ടിലെത്തിയത്.
















