ഇഞ്ചിയോണ്‍: ഇന്ത്യയുടെ ഒരേയൊരു വ്യക്തിഗത ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവും മുന്‍ ലോകചാമ്പ്യനുമായ അഭിനവ് ബിന്ദ്ര ഷൂട്ടിംഗില്‍ നിന്ന് വിരമിക്കുന്നു. ഇന്ന് ഏഷ്യന്‍ ഗെയിംസിലെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിംഗാണ് തന്റെ അവസാന മത്സരമെന്ന് ബിന്ദ്ര ട്വിറ്ററില്‍ കുറിച്ചു. പ്രൊഫഷണല്‍ മത്സരങ്ങള്‍ അവസാനിപ്പിക്കുമെങ്കിലും ഒരു വിനോദമെന്ന നിലയില്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു. 2008ലെ ബീജിംഗ് ഒളിമ്പിക്സിലാണ് ബിന്ദ്ര 10 മീറ്റര്‍ എയര്‍ റൈഫിളില്‍ സ്വര്‍ണ്ണം നേടിയത്.
കഴിഞ്ഞ ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തിലെ വെള്ളിമെഡല്‍ ജേതാവുകൂടിയാണ് 32കാരനായ ബിന്ദ്ര. ഇക്കഴിഞ്ഞ ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഈയിനത്തിലെ സ്വര്‍ണ്ണമെഡലും ബിന്ദ്രക്കായിരുന്നു. 2002ലെ മാഞ്ചസ്റ്റര്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ പെയര്‍ ഇനത്തില്‍ സ്വര്‍ണ്ണവും സിംഗിള്‍സില്‍ വെള്ളിയും 2006ലെ മെല്‍ബണ്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പെയര്‍ ഇനത്തില്‍ സ്വര്‍ണ്ണവും സിംഗിള്‍സില്‍ വെങ്കലവും 2010ലെ ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പെയറില്‍ സ്വര്‍ണ്ണവും സിംഗിള്‍സില്‍ വെള്ളിയും നേടിയ ബിന്ദ്ര 2006-ലെ സഗ്രബ് ലോകചാമ്പ്യന്‍ഷിപ്പിലാണ് ലോക ജേതാവായത്.
ഷൂട്ടിംഗിലെ മികച്ച പ്രകടനത്തിന് ഖേല്‍രത്ന, അര്‍ജുന, പത്മഭൂഷണ്‍ ബഹുമതികള്‍ നല്കി ബിന്ദ്രയെ രാജ്യം ആദരിച്ചിരുന്നു.
















