ലണ്ടന്‍; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ അതികായരില്‍ അതികായരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ദുര്‍ഗതിക്ക് അറുതിയില്ല. ലൂയിസ് വാന്‍ ഗാലിന്റെ കുട്ടികള്‍ ചെറുമീനുകളായ ലെയ്സെസ്റ്റര്‍ സിറ്റിയോടു സുല്ലിട്ടു. മൂന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ലെയ്സെസ്റ്റര്‍ മാന്‍.യുവിന് ചരിത്രത്തിലെ ഏറ്റവും നാണംകെട്ട തോല്‍വികളിലൊന്ന് സമ്മാനിച്ചത്.
റോബിന് വാന്‍ പെഴ്സി (13-ാം മിനിറ്റ്), എയ്ഞ്ചല്‍ ഡി മരിയ (16) എന്നിവരിലൂടെ നല്ലൊരു ലീഡെടുത്ത മാഞ്ചസ്റ്റര്‍ പ്രതിനിധികളെ രണ്ടാം പകുതിയിലെ ഗോള്‍ മഴയാല്‍ ലെയ്സെസ്റ്റര്‍ തകര്‍ത്തുകളഞ്ഞു. ജോസെ ഉല്ലോലയും (17,83) ഡേവിഡ് നജെന്റും (62) എസ്റ്റെബന് കാംബിയാസോയും (64) ജാമിയും വാര്‍ഡിയും (79) ഗോള്വര്ഷത്തിലെ തുള്ളികള്‍ പങ്കിട്ടെടുത്തു. ഇതിനിടെ ആന്‍ഡര്‍ ഹെരേര (57) സ്കോര്‍ ഷീറ്റില്‍ കയറിയത് മാന്‍.യുവിന്റെ പരാജയഭാരം കുറച്ചെന്നുമാത്രം. മറ്റൊരു വമ്പന്‍ ലിവര്‍പൂളിന്റെ സ്ഥിതിയും ദയനീയം തന്നെ. ഇക്കുറി വെസ്റ്റ്ഹാമിന് മുന്നില്‍ റെഡ്സ് നാണംകെട്ടു (3-1).
കഴിഞ്ഞ മത്സരത്തില്‍ ആസ്റ്റണ്‍വില്ലയോടും അടിതെറ്റിയിരുന്ന ലിവറിന്റെ ലീഗ് തോല്‍വികളുടെ എണ്ണം മൂന്നായി.
സ്വന്തം തട്ടകത്തിലെ പോരിന്റെ രണ്ടാം മിനിറ്റില്‍ വിന്‍സന്റ് റെയ്ഡിലുടെ വെസ്റ്റ്ഹാം മുന്നില്‍ക്കയറി.
അഞ്ചു മിനിറ്റുകള്‍ പിന്നിട്ടപ്പോള്‍ ഡിയഫ്ര സാഖോ ആതിഥേയരുടെ ലീഡ് ഇരട്ടിപ്പിച്ചു. എങ്കിലും 26-ാം മിനിറ്റില്‍ യുവ പ്രതിഭ റഹീം സ്റ്റെര്‍ലിങ് ഒരു ഗോള്‍ മടക്കുമ്പോള്‍ ലിവര്‍പൂള്‍ തിരിച്ചുവരുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചു. പക്ഷേ, മോര്ഗന് അമല്‍ഫിറ്റാനോ (88) വെസ്റ്റ്ഹാമിന് ആധികാരിക ജയം കൈവെള്ളയില്വച്ചുകൊടുത്തു.
മറ്റൊരു മത്സരത്തില്‍ ആസ്റ്റണ്‍വില്ലയെ ആഴ്സണല്‍ തോല്‍പ്പിച്ചു (3-0).
മെസൂട്ട് ഒസില്‍ (32), ഡാനി വെല്‍ബക്ക് (34)എന്നിവരുടെ സ്ട്രൈക്കുകളും അലൈ സിസോഖോയുടെ (36) സെല്‍ഫ് ഗോളും ഗണ്ണേഴ്സിന്റെ അക്കൗണ്ടിലെത്തി.
















