ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് വോളിബോളിലും ബാസ്ക്കറ്റ് ബോളിലും ഇന്ത്യക്ക് വിജയത്തുടക്കം. പുരുഷന്മാരുടെ വിഭാഗത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
വോളിബോളില്‍ പ്രാഥമിക റൗണ്ടില്‍ ഗ്രൂപ്പ് സിയില്‍ ഹോങ്കോംഗിന്റെ വെല്ലുവിളിയാണ് ഇന്ത്യ മറികടന്നത്. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം. സ്കോര്‍: 23-25, 25-18, 25-16, 25-21. ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷമാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. ഇന്ത്യക്കുവേണ്ടി പ്രഭാകരന്, ഗുരീന്ദര്‍ സിങ് എന്നിവര്‍ 15 വീതവും വൈഷ്ണവ് 13 ഉം മണിദുരൈ 13 ഉം പോയിന്റ് നേടി. ഇന്ത്യയുടെ രണ്ടാം മത്സരം 24ന് മാലിദ്വീപിനെതിരെയാണ്.
അതേസമയം വനിതാ വോളിയില്‍ ഇന്ത്യക്ക് ആദ്യ മത്സരത്തില്‍ പരാജയം നേരിട്ടു. പൂള് എയില്‍ ആതിഥേയരായ ദക്ഷിണ കൊറിയയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ഇന്ത്യയെ കീഴടക്കിയത്. സ്കോര്‍ 25-5 25-12 25-13.
ബാസ്ക്കറ്റ്ബോളിലും ഇന്ത്യ ജയത്തോടെ തുടക്കം കുറിച്ചു. പുരുഷന്മാരുടെ യോഗ്യതാ മത്സരത്തില്‍ ഫിലിപ്പീന്‍സാണ് ഇന്ത്യക്ക് മുന്നില്‍ അടിയറവ് പറഞ്ഞത്. സ്കോര്‍: 89-49. 25 പോയിന്റ് നേടിയ അംജ്യോത് സിങ്ങാണ് ഇന്ത്യയുടെ ടോപ്സ്കോറര്‍. വിശേഷ്, പ്രതംസിങ് എന്നിവര്‍ പതിനൊന്ന് പോയിന്റ് വീതവും നേടി. ഇന്ന് ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ സൗദി അറേബ്യയുമായി ഏറ്റുമുട്ടും.
















