ഇഞ്ചിയോണ്‍: പതിനേഴാമത് ഏഷ്യന്‍ ഗെയിംസ് പോരാട്ടങ്ങളുടെ ആദ്യ ദിനത്തില്‍ ഇന്ത്യ മികച്ച പ്രകടനം നടത്തി. വെങ്കലമെഡലോടെ തുടങ്ങിയ ഇന്ത്യ ഒരു സ്വര്‍ണ്ണവും കൂടി സ്വന്തമാക്കുകയായിരുന്നു. സ്ഷ്വാഷ് വനിതാ സിംഗിള്‍സിലും ബാഡ്മിന്റണ്‍ വനിതാ ടീം ഇനത്തിലുമാണ് ഇന്ത്യ മെഡലുകള്‍ ഉറപ്പിച്ചത്. അതേസമയം വെയ്റ്റ്‌ലിഫ്റ്റിംഗിലും ജൂഡോയിലും ബാഡ്മിന്റണ്‍ പുരുഷ ടീമും ഇന്ത്യ നിരാശപ്പെടുത്തുകയും ചെയ്തു.
വനിതകളുടെ 10 മീറ്റര്‍ എയര്‍’ പിസ്റ്റള്‍ ഇനത്തില്‍ ശ്വേതാ ചൗധരിയാണ് ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. യോഗ്യതാ റൗണ്ടില്‍ നാലാമതായി ഫൈനലിലേക്ക് യോഗ്യത നേടിയ ശേഷമായിരുന്നു ശ്വേതാ ചൗധരി വെങ്കലം വെടിവെച്ചിട്ടത്. പുരുഷന്മാരുടെ 50 മീറ്റര്‍ വ്യക്തിഗത പിസ്റ്റള്‍ ഇനത്തില്‍ ജിത്തു റായിയിലൂടെയാണ് ഇന്ത്യ പതിനേഴാം ഏഷ്യന്‍ ഗെയിംസിലെ ആദ്യ സ്വര്‍ണ്ണം സ്വന്തമാക്കിയത്. ഫൈനലില്‍ ഒരു ഘട്ടത്തില്‍ ആറാം സ്ഥാനത്തായിരുന്ന ജിത്തു റായി അവസാന മൂന്ന് ശ്രമങ്ങളിലാണ് ഒന്നാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിലും ജിത്തു സ്വര്‍ണ്ണം നേടിയിരുന്നു. കഴിഞ്ഞയാഴ്ച ഗ്രനാഡയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഈയിനത്തില്‍ വെള്ളിയും ജിത്തു റായി സ്വന്തമാക്കിയിരുന്നു. ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ പിസ്റ്റള്‍ ഇനത്തില്‍ സ്വര്‍ണ്ണം നേടുന്ന രണ്ടാമത്തെ താരമാണ് ജിത്തു റായ്. മുന്‍പ് ജസ്പാല്‍ റാണയാണ് ഈയിനത്തില്‍ സ്വര്‍ണ്ണം നേടിയ ആദ്യ ഇന്ത്യന്‍താരം. കൂടാതെ ഷൂട്ടിംഗില്‍ ഇന്ത്യയുടെ നാലാം സ്വര്‍ണ്ണവുമാണിത്. 1978-ല്‍ രണ്‍ധീര്‍സിംഗും 2010-ല്‍ രഞ്ജന്‍ സോധിയുമാണ് സ്വര്‍ണ്ണം നേടിയ മറ്റുള്ളവര്‍.
അതേസമയം വ്യക്തിഗത ഇനത്തില്‍ മത്സരിച്ച ഓംകാര്‍ സിംഗ്, ഓം പ്രകാശ് എന്നിവര്‍ക്കും വനിതകളില്‍ മത്സരിച്ച മലെയ്‌ക ഗോയല്‍, ഹീന സിദ്ദു എന്നിവര്‍ക്കും ഫൈനലിലേക്ക് യോഗ്യത നേടാന്‍ കഴിഞ്ഞില്ല. 50 മീറ്റര്‍ പിസ്റ്റള്‍ പുരുഷന്മാരുടെ ടീം ഇനത്തില്‍ ഓംപ്രകാശ്, ജിത്തു റായ്, ഓംകാര്‍ സിംഗ് എന്നിവരടങ്ങിയ ഇന്ത്യ നാലാം സ്ഥാനത്തും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിതാ ടീം ഇനത്തില്‍ മലെയ്‌ക ഗോയല്‍, ശ്വേതാ ചൗധരി, ഹീന സിദ്ദു എന്നിവരടങ്ങിയ ടീം അഞ്ചാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.
രണ്ടാം സ്വര്‍ണ്ണം ലക്ഷ്യമിട്ട് ജിത്തു റായ് ഇന്ന് പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളിലും ഇറങ്ങും. ഈയിനത്തില്‍ ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാനും കൂടിയാണ് ജിത്തു റായ്. ജിത്തുവിന് പുറമെ സമരേഷ് ജംഗ്, പ്രകാശ് നഞ്ചപ്പ എന്നിവരും ഈയിനത്തില്‍ ഇന്ന് വ്യക്തിഗതഇനത്തിലും ടീം ഇനത്തിലും മെഡലിനായി ഷൂട്ടിംഗ് റേഞ്ചിലെത്തും.
















