ഇഞ്ചിയോണ്‍: 17-ാമത് ഏഷ്യന്‍ ഗെയിംസിന് ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണില്‍ തിരിതെളിഞ്ഞു. വര്‍ണാഭമായ ചടങ്ങുകളോടെയാണ് ഏഷ്യയുടെ കായിക മാമാങ്കത്തിന് ഇന്നലെ തിരശീലയുയര്‍ന്നത്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍ ഒരുക്കിയത്. 45 രാജ്യങ്ങളില്‍ നിന്നായി പതിനായിരത്തോളം താരങ്ങള്‍ 49 വേദികളില്‍ രണ്ടാഴ്ചയായി നടക്കുന്ന കായികമേളയില്‍ മാറ്റുരയ്‌ക്കും. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യുങ് ഹെ ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. ലോകപ്രശസ്ത കൊറിയന്‍ സംവിധായകന്‍ ലിം ക്വോണ്‍ ടാകിനായിരുന്നു ഉദ്ഘാടനച്ചടങ്ങ് ഒരുക്കിയത്.
ഇന്ത്യന്‍ സമയം വൈകിട്ട് 3.30നായിരുന്നു ഉദ്ഘാടന ചടങ്ങുകളുടെ തുടക്കം. ആദ്യം വര്‍ണശബളമായ കരിമരുന്ന് പ്രയോഗത്തിന് തിരികൊളുത്തപ്പെട്ടു. അതുകഴിഞ്ഞ് ആതിഥേയ രാജ്യത്തിന്റെയും ഏഷ്യാ വന്‍കരയുടെയും സമ്പന്നമായ പാരമ്പര്യം വിളിച്ചോതുന്ന കലാരൂപങ്ങള്‍ അണിയണിയായി സ്റ്റേഡിയത്തെ വലംവച്ചു. അതിനുശേഷം ഗ്രൗണ്ടില്‍ ഗെയിംസ് പതാക ഉയര്‍ത്തി. പിന്നാലെ ഗെയിംസ് ഗീതം ഒഴുകിയെത്തി. ഗന്നം ഫെയിം സൈയുടെ പാട്ടിന് ഗ്യാലറിയാകെ ചുവടു വച്ചു.
തുടര്‍ന്ന് താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് ആരംഭിച്ചു. നേപ്പാളാണ് ആദ്യം കടന്നുവന്നത്. ഹോക്കി ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗ് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തി. നാനാത്വം ഇവിടെ തിളങ്ങുന്നുവെന്ന സന്ദേശവുമായാണ് ഇക്കുറി ഗെയിംസിന്റെ ട്രാക്കും ഫീല്‍ഡും ഉണരാന്‍ പോകുന്നത്. 894 താരങ്ങളുമായെത്തുന്ന ചൈന തന്നെ ഇത്തവണയും കിരീടസാധ്യതയില്‍ മുന്നില്‍. 1982 മുതല്‍ തുടര്‍ച്ചയായി എട്ട് തവണ ചാമ്പ്യന്മാരായ ചൈന ഒമ്പതാം കിരീടം ലക്ഷ്യമിടുന്നു. 516 കായികതാരങ്ങളാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്. കഴിഞ്ഞ ഗെയിംസിലെ റെക്കോര്‍ഡ് മെഡല്‍നേട്ടം തിരുത്തുന്ന പ്രകടനം ഇന്ത്യയുടെ ഉന്നം.
അടുത്ത ഏഷ്യന്‍ ഗെയിംസ് ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നടക്കും. ഇഞ്ചിയോണില്‍ ചേര്‍ന്ന ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡാണ് തീരുമാനമെടുത്തത്. 1962ലെ ഏഷ്യാഡിനും ജക്കാര്‍ത്ത വേദിയായിരുന്നു.
















