ഇടുക്കി: കാരുണ്യ ബനവലന്റ് പദ്ധതി പ്രകാരമുള്ള 28-ാമത്തെ ഡയാലിസിസ് സെന്റര്‍ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്ഥാപിക്കുമെന്ന് ധന മന്ത്രി കെ.എം. മാണി പറഞ്ഞു. ചെറുതോണിയില്‍ നടന്ന ഇടുക്കി മെഡിക്കല്‍കോളേജ് ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി കെ.എം. മാണി.
പുതിയ നികുതി സാധാരണക്കാരെ ബാധിക്കില്ല. അവശ്യവസ്തുക്കളില്‍ അമിത നികുതിഭാരം ചുമത്തിയിട്ടില്ല. സിഗരറ്റ്, മദ്യം എന്നിവയ്ക്കാണ് നികുതി വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. ഒരു കിലോ ലിറ്ററിന് 12 രൂപ നഷ്ടം സഹിച്ചാണ് ജലവിഭവ വകുപ്പ് വെള്ളം വിതരണം ചെയ്യുന്നത്.
ഭൂനികുതിയില്‍ നഗരപ്രദേശങ്ങളില്‍ നാലു സെന്റിലും ഗ്രാമപ്രദേശങ്ങളില്‍ 20 സെന്റിലും താഴെയുള്ളവര്‍ക്ക് അമിതഭാരം വരില്ല, സംസ്ഥാനത്ത് നിലവില്‍ സാമ്പത്തിക പ്രതിസന്ധിയില്ല, സാമ്പത്തിക ഞെരുക്കം മാത്രമാണുള്ളത്. നിയമനം നിരോധനം ഏര്‍പ്പെടുത്തി എന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്. തസ്തിക നിരോധനവുമില്ല. ഈ സര്‍ക്കാര്‍ ഒരു ലക്ഷത്തിലേറെ നിയമനങ്ങള്‍ നടത്തുകയും 28500 തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
പുതിയ തസ്തികകള്‍ ധനകാര്യവകുപ്പിന്റെ അനുമതിയോടെ വേണമെന്നുള്ള നിര്‍ദ്ദേശം മാത്രമാണുള്ളത്. മെഡിക്കല്‍ കോളേജുപോലുള്ള വിപുലമായ പദ്ധതികള്‍ ഏറ്റെടുക്കുമ്പോള്‍ വരുമാന സ്രോതസുകള്‍ കൂടി കണ്ടെത്തേണ്ടതുണ്ട് അദ്ദേഹം പറഞ്ഞു. മലയോര കര്‍ഷകര്‍ക്ക് ന്യായവിലയും ക്ഷേമവും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: