കോട്ടയം: ഈ വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും പിന്നീട് ഹൈക്കോടതി റദ്ദാക്കുകയും ചെയ്ത പ്ലസ് വണ്‍ അധിക ബാച്ചുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ ഒരു വര്‍ഷം നഷ്ടപ്പെടുമെന്ന സ്ഥിതിക്ക് ഉടന്‍ പരിഹാരം കാണാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ് ആവശ്യപ്പെട്ടു.
ഇത്തവണത്തെ പ്ലസ് വണ്‍, പ്ലസ് ടു അധ്യയന ദിവസങ്ങള്‍ ഏറെ പിന്നിട്ടിട്ടും അധിക ബാച്ചുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകളില്‍ പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
റദ്ദാക്കപ്പെട്ട അധിക ബാച്ചുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് തൊട്ടടുത്ത ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ അധികസീറ്റ് അനുവദിച്ച് പഠനം തുടരാന്‍ ആവശ്യമായ സാഹചര്യം ഉണ്ടാകണം. ഇക്കാര്യത്തില്‍ വിദ്യാഭ്യാസവകുപ്പ് ഉന്നതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന അലംഭാവം ഒഴിവാക്കി വിദ്യാര്‍ത്ഥികളുടെ ഭാവി പന്താടുന്ന സമീപനം അവസാനിപ്പിക്കണമെന്നും പി. സി. ജോര്‍ജ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: