മഥുര : യുപിയിലെ വൃന്ദാവനില്‍ സംരക്ഷണം തേടുന്ന വിധവകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് ബീഹാര്‍, ബംഗാള്‍ സംസ്ഥാനങ്ങില്‍നിന്ന് വിധവകളെ കൊണ്ടുവരുന്നത് നിരുത്സാഹപ്പെടുത്തണമെന്ന് ഹേമമാലിനി. ഇക്കാര്യത്തില്‍ ഈ സര്‍ക്കാരുകള്‍ അവിടവിങ്ങളില്‍ സംരക്ഷണ സമവിധാനം മെച്ചപ്പെടുത്തണമെന്ന് ചലച്ചിത്ര താരവും ബിജെപി നേതാവും മഥുര- വൃന്ദാവന്‍ മണ്ഡലത്തിലെ ലോക്‌സഭാംഗാവുമായ ഹേമമാലിനി അഭ്യര്‍ത്ഥിച്ചു. ഇവിടം സന്ദര്‍ശിച്ച ഹേമാമാലിനി വൃന്ദാവനിലെ വിഷമകരമായ സ്ഥിതിഗതി വിലയിരുത്തിയാണ് ഈ വിഷയം ഉയര്‍ത്തിയത്. ഇതു സംബന്ധിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായും ചര്‍ച്ചചെയ്യുമെന്നും ഹേമമാലിനി വ്യക്തമാക്കി.
ഹിന്ദു മതവിശ്വാസികളായ വിധവകള്‍ ശിഷ്ടകാലം വൃന്ദാവനില്‍ കഴിയാന്‍ താല്‍പ്പര്യപ്പെടുന്നവരാണ്. എന്നാല്‍, ഇവിടുത്തെ വിധവകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരുന്നതിനാല്‍ താമസിക്കാനും ജീവിക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇവിടുത്തെ അന്തേവാസികള്‍ക്ക് ലഭ്യമല്ല.
നിലവില്‍ 40,000 ലധികം വിധവകള്‍ വിവിധ ആശ്രമങ്ങളിലായി ഇവിടെ താമസിക്കുന്നുണ്ട്. ഇതില്‍ മൂന്നെണ്ണം സുലഭ് ഇന്റര്‍നാഷണല്‍ എന്ന സാമൂഹിക സംഘടനയാണ് നേതൃത്വം നല്‍കുന്നത്. ഭൂരിഭാഗം വിധവകളും ഭിക്ഷാടനം നടത്തിയാണ് ഉപജീവനം കണ്ടെത്തുന്നത്. അതിനാല്‍ പശ്ചിമ ബംഗാള്‍, ബീഹാര്‍ സര്‍ക്കാരുകള്‍ ഇവരുടെ ക്ഷേമത്തിനായി സഹായം നല്‍കേണ്ടതാണെന്നും ഹേമാമാലിനി പറഞ്ഞു.
അതേസമയം ഇവരില്‍ വിധവകളല്ലാത്തവരും കയറിക്കൂടി ജീവിതം നയിക്കുന്നതായി പ്രദേശവാസികള്‍ ആരോപിക്കുന്നുണ്ട്. ബംഗ്ലാദേശില്‍ നിന്നുള്ളവരാണ് ഇതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്നാല്‍ അതിനിടെ, ഹേമാമാലിനിയുടെ പരാമര്‍ശം തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ച് വിവാദമാക്കാന്‍ ശ്രമിക്കുകയാണ് ചില രാഷ്‌ട്രീയ തല്‍പ്പര കക്ഷികള്‍.
ദശാബ്ദങ്ങളായി വൃന്ദാവില്‍ വിധവകള്‍ക്കായി ആശ്രമം നിലനില്‍ക്കുന്നുണ്ടെങ്കിലും പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഇവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ഒന്നും ഇതുവരെ ചെയ്തിട്ടില്ല. വിധവകളില്‍ പലരും സാമ്പത്തികമായി മുന്‍പന്തിയിലുള്ളവരാണെങ്കിലും യാചനനടത്തിയാണ് ഉപജീവനം നടത്തുന്നത്. അതുകൊണ്ടു തന്നെ അവര്‍ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചു പോകുന്നതാണ് നല്ലതെന്നും പ്രദേശവാസിയും പുരോഹിതനുമായ രാധെ ശ്യാം പറയുന്നു.
എന്നാല്‍ ഹേമാമാലിനിയുടെ പരാമര്‍ശം വിവാദമാക്കിയ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ ഒന്നും പറയാനില്ലെന്ന നിലപാടാണ് സുലഭ് ഇന്റനാഷ്ണല്‍ സ്വീകരിച്ചത്. ഒര്‍ഗനൈസേഷന്‍ നല്‍കിവരുന്ന സഹായങ്ങള്‍ സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ്. ഇത് ഇനിയും തുടരുമെന്നും സുലഭ് ഇന്റര്‍നാഷണല്‍ ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു.
















