മ്യൂണിക്ക്: യുവേഫ ചാമ്പ്യന്‍സ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ സൂപ്പര്‍ പോരാട്ടത്തിന് ഇന്ന് വേദിയൊരുങ്ങും. മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കും കരുത്തരായ പ്രീമിയര്‍ ലീഗ് ടീം മാഞ്ചസ്റ്റര്‍ സിറ്റിയുമാണ് ഗ്രൂപ്പ് ഇയില്‍ ഇന്ന് അലയന്‍സ് അരീനയില്‍ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ സീസണില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളും തങ്ങളുടെ എവേ മത്സരത്തില്‍ എതിരാളിളെ പരാജപ്പെടുത്തിയിരുന്നു. ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബയേണ്‍ മ്യൂണിക്ക് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സിറ്റിയെ പരാജയപ്പെടുത്തിയപ്പോള്‍ അലയന്‍സ് അരീനയില്‍ നടന്ന പോരാട്ടത്തില്‍ സിറ്റിയുടെ വിജയം 3-2നായിരുന്നു. ഇത്തവണയും ഈ പ്രകടനം ആവര്‍ത്തിക്കാനുറച്ചാണ് മാനുവല്‍ പെല്ലഗ്രിനിയുടെ ശിക്ഷണത്തില്‍ സിറ്റി ഇന്ന് അങ്കത്തിനിറങ്ങുന്നത്.
കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗ് കിരീടമടക്കം പ്രധാന നേട്ടങ്ങളൊന്നും സ്വന്തമാക്കാന്‍ കഴിയാതിരുന്ന സിറ്റി ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് ഇറങ്ങുക. പുതിയ സീസണ് പ്രീമിയര്‍ ലീഗ് പോരാട്ടങ്ങളില്‍ കഴിഞ്ഞ നാല് മത്സരങ്ങളില്‍ രണ്ടെണ്ണത്തിലും സിറ്റി വിജയപ്പോള്‍ ഒരെണ്ണത്തില്‍ സമനിലയും ഒരു തോല്‍വിയും ഏറ്റുവാങ്ങി. സ്റ്റോക്ക് സിറ്റിയോടായിരുന്നു ഈ സീസണിലെ സിറ്റിയുടെ ഏക തോല്‍വി. സെര്‍ജിയോ അഗ്യൂറോ, ഡേവിഡ് സില്‍വ, സ്റ്റീവന്‍ ജൊവാറ്റിക്, ജീസസ് നവാസ്, എഡിന് സെക്കോ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ കരുത്തിലാണ് സിറ്റി വിശ്വാസം അര്‍പ്പിക്കുന്നത്.
മറുവശത്ത് കഴിഞ്ഞ വര്‍ഷം സിറ്റിയോട് സ്വന്തം തട്ടകത്തിലേറ്റ പരാജയത്തിന് പകരം വീട്ടാനുറച്ചാണ് ബയേണ്‍ ഇന്ന് ഇറങ്ങുന്നത്. ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് സ്വന്തമാക്കിയ സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്കി, ഡച്ച്താരം ആര്യന് റോബന്, ഫ്രാന്‍സിന്റെ ഫ്രാങ്ക് റിബറി, സ്വിസ് താരവും ഇക്കഴിഞ്ഞ ലോകകപ്പില്‍ ഹാട്രിക്ക് നേടുകയും ചെയ്ത ഷെര്ദാന് ഷാഖിരി, ജര്‍മ്മന്‍ താരം മരിയോ ഗോട്സെ എന്നിവരാണ് ബയേണ്‍ നിരയിലെ കരുത്തര്‍. അവസാന അഞ്ച് മത്സരങ്ങളില്‍ പരാജയമറിയാതെയാണ് ബയേണ്‍ ഇറങ്ങുന്നത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ റോമ സിഎസ്കെ മോസ്കോയുമായും ഏറ്റുമുട്ടും.
ഗ്രൂപ്പ് എഫില്‍ മുന്‍ ചാമ്പ്യന്മാരായ ബാഴ്സലോണ ഇന്ന് കളത്തിലിറങ്ങും. സൈപ്രസില്‍ നിന്നുള്ള അപോല് നിക്കോസിയയാണ് ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ബാഴ്സയുടെ എതിരാളികള്‍. ലാ ലീഗയില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും വിജയിച്ച് മുന്നേറുന്ന ബാഴ്സലോണക്ക് പക്ഷേ കഴിഞ്ഞ സീസണ് ഒരു കിരീടവും നേടാന്‍ കഴിയാതെ അവസാനിപ്പിക്കേണ്ടിവന്നിരുന്നു. ഈ ക്ഷീണം തീര്‍ക്കാനായിരിക്കും ഇത്തവണ ബാഴ്സ കച്ചമുറുക്കുന്നത്. സൂപ്പര്‍ താരങ്ങളായ മെസ്സിയുടെയും നെയ്മറുടെയും സാന്നിധ്യം തന്നെയാണ് നൗ കാമ്പില്‍ നടക്കുന്ന കളിയില്‍ ബാഴ്സലോണക്ക് മുന്‍തൂക്കം നല്‍കുന്നതും. മറ്റൊരു മത്സരത്തില്‍ അയാക്സ് സൂപ്പര്‍ താരം സ്ലാറ്റന് ഇബ്രാഹിമോവിച്ചിന്റെ പിഎസ്ജിയുമായി സ്വന്തം മൈതാനത്ത് ഏറ്റുമുട്ടും.
ഗ്രൂപ്പ് ജിയില്‍ നടക്കുന്ന മത്സരത്തില്‍ ചെല്‍സി സ്വന്തം തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ഷാല്ക്കെയുമായും എന്‍കെ മാരിബോര്‍ ഹോം മത്സരത്തില്‍ പോര്‍ച്ചുഗീസ് ടീം സ്പോര്ട്ടിംഗുമായും കൊമ്പുകോര്‍ക്കും. ഗ്രൂപ്പ് എച്ചില് അത്ലറ്റിക് ബില്‍ബാവോക്ക് ഷക്തര്‍ ഡൊണ്സ്റ്റകും എഫ്സി പോര്‍ട്ടോക്ക് ബെയ്റ്റ് ബോറിസോവ് എഫ്സിയുമായും ഏറ്റുമുട്ടും.
















