ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ ഇന്ത്യന്‍ വനിതകള്‍ കഴിഞ്ഞ ദിവസം വിജയത്തോടെ അരങ്ങേറിയപ്പോള്‍ പുരുഷ ടീമിന്റെ തുടക്കം തോല്‍വിയോടെ. മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ ഗ്രൂപ്പ് ജിയില്‍ യുഎഇയോട് തകര്‍ന്നത്. സയിദ് അല്‍ കാത്തീരിയുടെ ഹാട്രിക്കാണ് മത്സരത്തിലെ സവിശേഷത. ഒരെണ്ണം ഇന്ത്യന്‍ പ്രതിരോധനിരതാരം സന്ദേശ് ജിന്‍ഗാന്റെ സെല്‍ഫ് ഗോളുമായിരുന്നു.
മത്സരത്തില്‍ ഇന്ത്യക്കും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും റോബിന് സിംഗും ഫ്രാന്‍സിസ്കോ ഫെര്‍ണാണ്ടസും ഉള്‍പ്പെട്ട മധ്യ-മുന്നേറ്റനിരക്ക് മുതലാക്കാനായില്ല. യുഎഇ ആറ് ഷോട്ടുകള്‍ ഇന്ത്യന്‍ ഗോള്‍വല ലക്ഷ്യമാക്കി പായിച്ചപ്പോള്‍ അതില്‍ അഞ്ചെണ്ണവും വലയില്‍ കയറി. മറുവശത്ത് ഇന്ത്യ യുഎഇ വല ലക്ഷ്യമാക്കി അടിച്ചെങ്കിലും ഒരെണ്ണം പോലും വലയില്‍ കയറ്റാന്‍ കഴിഞ്ഞില്ല എന്നത് ഇന്ത്യന്‍ സ്ട്രൈക്കര്‍മാരുടെ കഴിവുകേട് വ്യക്തമാക്കുന്നതാണ്. 13, 15, 64 മിനിറ്റുകളില്‍ ഇന്ത്യന്‍ വല കുലുക്കിയാണ് കത്തീരി ഹാട്രിക്ക് തികച്ചത്. 19-ാം മിനിറ്റില്‍ ബണ്ടാര്‍ മുഹമ്മദും യുഎഇക്ക് വേണ്ടി ഗോള്‍ നേടിയപ്പോള്‍ 82-ാം മിനിറ്റിലാണ് സന്ദേശ് ജിന്ഗാന് യുഎഇക്ക് സെല്‍ഫ് ഗോള്‍ സമ്മാനിച്ചത്. ഇന്ത്യ തങ്ങളുടെ അവസാന മത്സരത്തില്‍ 22ന് ജോര്‍ദാനുമായി ഏറ്റുമുട്ടും. ഈ മത്സരത്തില്‍ മികച്ച മാര്‍ജിനില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് പ്രീ ക്വാര്‍ട്ടറില്‍ ഇടംപിടിക്കാം.
അതേസമയം ഇന്ത്യ പരാജയപ്പെട്ടെങ്കിലും അയല്‍ക്കാരായ ബംഗ്ലാദേശ് വിജയത്തോടെ തുടക്കം കുറിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് അഫ്ഗാനിസ്ഥാനെയാണ് ഗ്രൂപ്പ് ബിയില്‍ ബംഗ്ലാദേശ് പരാജയപ്പെടുത്തിയത്.
ഗ്രൂപ്പ് എച്ചില് നടന്ന മത്സരത്തില്‍ ഇറാന് അട്ടിമറി തോല്‍വി. വിയറ്റ്നാമാണ് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഇറാനെ തകര്‍ത്തുവിട്ടത്. ഗ്രൂപ്പ് എഫില്‍ നടന്ന മറ്റൊരു മത്സരത്തില്‍ വടക്കന്‍ കൊറിയ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ചൈനയെയും കീഴടക്കി. ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരങ്ങളില്‍ ഇന്തോനേഷ്യയും തായ്ലന്റും മികച്ച വിജയങ്ങള്‍ സ്വന്തമാക്കി. ഇന്തോനേഷ്യ 7-0ന് ടിമോര്‍ ലെസ്റ്റെയെയും തായ്ലന്റ് 2-0ന് മാല്ദ്വീപിനെയുമാണ് പരാജയപ്പെടുത്തിയത്.
















