റായ്‌പൂര്‍: തകര്‍പ്പന്‍ വിജയത്തോടെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 ക്രിക്കറ്റിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടാനുള്ള സാധ്യത നിലനിര്‍ത്തി. ഞായറാഴ്ച രാത്രി വൈകി അവസാനിച്ച കളിയില്‍ ശ്രീലങ്കന്‍ ടീം സതേണ്‍ എക്‌സ്പ്രസിനെ 9 വിക്കറ്റിന് കീഴടക്കിയാണ് മുംബൈ ഇന്ത്യന്‍സ് ഗ്രൂപ്പ് ഘട്ട യോഗ്യത നിലനിര്‍ത്തിയത്.
ആദ്യം ബാറ്റ് ചെയ്ത സതേണ്‍ എക്‌സ്പ്രസ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. 22 പന്തില്‍ നിന്ന് മൂന്ന് ഫോറും രണ്ട് സിക്‌സറുമടക്കം പുറത്താകാതെ 41 റണ്‍സെടുത്ത പര്‍വേസ് മഹറൂഫാണ് സതേണ്‍ എക്‌സ്പ്രസിന്റെ ടോപ്‌സ്‌കോറര്‍. ധനുഷ്‌ക ഗുണതിലക 30 റണ്‍സും ആഞ്ചലോ പെരേര 28 റണ്‍സുമെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഓപ്പണര്‍മാരായ ലെന്‍ഡല്‍ സിമണ്‍സും മൈക്ക് ഹസ്സിയും ചേര്‍ന്ന് ഗംഭീര തുടക്കം നല്‍കി. 14.4 ഓവറില്‍ 139 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. സിമണ്‍സ് 51 പന്തുകളില്‍ നിന്ന് 11 ഫോറും ഒരു സിക്‌സറുമടക്കം 76 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ മൈക്ക് ഹസ്സി 40 പന്തില്‍ നിന്ന് 5 ഫോറും മൂന്ന് സിക്‌സറുമടക്കം 60 റണ്‍സും നേടി. ഹസ്സി പുറത്തായശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡ് 7 പന്തില്‍ നിന്ന് മൂന്ന് കൂറ്റന്‍ സിക്‌സറുകളുടെ സഹായത്തോടെ പുറത്താകാതെ 20 റണ്‍സെടുത്ത് 22 പന്തുകള്‍ ബാക്കിനില്‍ക്കേ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മുംബൈ ഇന്ത്യന്‍സിനെ വിജയത്തിലേക്ക് നയിച്ചു.
മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ ലിന്‍ഡല്‍ സിമണ്‍സാണ് മാന്‍ ഓഫ് ദി മാച്ച്.
ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ന്യൂസിലാന്റ് ടീമായ നോര്‍ത്തേണ്‍ നൈറ്റ്‌സിനെ നേരിടും. ഈ കളിയില്‍ വിജയിച്ചാല്‍ മുംബൈക്ക് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടാം.
ആദ്യ മത്സരത്തില്‍ സതേണ്‍ എക്‌സ്പ്രസ് ലാഹോര്‍ ലയണ്‍സിനെ നേരിടും. ഈ മത്സരത്തില്‍ ലാഹോര്‍ ലയണ്‍സ് ജയിക്കുകയും രണ്ടാം കളിയില്‍ മുംബൈ ഇന്ത്യന്‍സ് പരാജയപ്പെടുകയും ചെയ്താല്‍ ലാഹോര്‍ ലണ്‍സായിരിക്കും ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടുക.
















