നാരായണ ഗുരുസ്വാമി
കൃപയാല്‍ നിങ്ങളൂഴിമേല്‍
ചിരം ദാമ്പത്യബന്ധത്താല്‍
പരിശോഭിച്ചീടണമേ
നിങ്ങള്‍ക്കോജസ്സുമായുസ്സും
നിങ്ങള്‍ക്കോമനമക്കളും
നിങ്ങള്‍ക്കധിക സമ്പത്തും
തിങ്ങി വിങ്ങി ബ്ഭവിക്കണം
തേന്മാവും പിച്ചിയും പോലെ
തമ്മില്‍ യോജിച്ചു നീണ്ടനാള്‍
നന്മ ലോകര്‍ക്കു ചെയ്താത്മ-
ജന്മം സഫലമാക്കുവാന്‍
വര്‍ക്കല ശാരദാദേവി
വാക്‌സൗഭാഗ്യപ്രദായിനി
വിപഞ്ചിയേന്തുവോള്‍ നിങ്ങള്‍-
ക്കഭീഷ്ടം നല്‍കിടേണമേ
ശ്രീരാമധര്‍മ്മദാരങ്ങള്‍
ചീരാംബരമണിഞ്ഞവള്‍
വീരമാതാവു നിങ്ങള്‍ക്കു
ഭൂരിഭാഗ്യം തരേണമേ
ആനന്ദ ഭൂതനാഥന്റെ
കടക്കണ്ണില്‍ വിലോകനം
എല്ലാ സമയവും നിങ്ങള്‍
ക്കാപത്തെല്ലാമൊഴിക്കുമേ
ദൈവമേ സച്ചിദാനന്ദ
ദൈവമേ ഭക്തവത്സല
ദൈവമേ നിന്റെ കാരുണ്യം
ദീര്‍ഘകാലം വരേണമേ
-രചന: കുമാരനാശാന്‍
















