ശാസ്ത്രം പ്രകൃതി നിയമങ്ങളെക്കുറിച്ചുള്ള പഠനമാണ്. അതിന്റെ പഠനത്തിനും പ്രയോഗത്തിനും പരിമിതികളുണ്ട്. ശാസ്ത്രം പ്രകൃതിനിമയങ്ങളെക്കുറിച്ച് നമ്മെ ബോധവാന്മാരാക്കുന്നു. പക്ഷേ പ്രകൃതിശക്തികളെക്കുറിച്ച് വ്യാഖ്യാനിക്കുന്നുണ്ടോ? ശാസ്ത്രത്തിന് ഈശ്വരനെ നിര്‍വചിക്കാന്‍ സാധിക്കുമോ? ശാസ്ത്രത്തില്‍ ഒരേ പരീക്ഷണം മറ്റു ശാസ്ത്രജ്ഞന്മാരാല് ആവര്‍ത്തിക്കപ്പെടുമ്പോള്‍ എല്ലാത്തിനും ഒരേ ഫലമാണ്. പക്ഷേ ഈശ്വരനെ കണ്ടെത്താനുള്ള ശ്രമത്തില്‍, ഓരോരുത്തര്‍ക്കും ഓരോ പ്രതേ്യക ലക്ഷ്യമുണ്ട്. ഓരോ സിദ്ധാന്തങ്ങളും നടപടിക്രമങ്ങളും ഫലങ്ങളും ഉണ്ട്. ലക്ഷ്യം ഒന്നാണെങ്കിലും അവലംബിക്കുന്ന മാര്‍ഗങ്ങളും അനുഭവങ്ങളും ഭിന്നങ്ങളാണ്. ഈശ്വരനെ കണ്ടെത്താന്‍ ഒരു സുത്രവാക്യം അപര്യാപ്തം. വ്യത്യസ്ത കര്‍മ്മങ്ങളും വ്യത്യസ്ത വിശ്വാസങ്ങളും പ്രതികരണങ്ങളും വ്യത്യസ്തം. ശാസ്ത്രത്തിന് മൃത്യുവിനെ വ്യാഖ്യാനിക്കാന്‍ സാദ്ധ്യമല്ല. മരണവക്ത്രത്തില്‍ നിന്നും ഒരു രോഗിയെ ശാസ്ത്രം രക്ഷപ്പെടുത്തുന്നു. പക്ഷേ അതേ രോഗം കാരണം മറ്റൊരു രോഗി മരണപ്പെടുന്നു. ഈ പ്രതിഭാസത്തിന് ഉത്തരം നല്കാന് ശാസ്ത്രത്തിന് കഴിയുമോ? ശാസ്ത്രത്തിന് സ്ഥിരതയുണ്ടോ? ശാസ്ത്രത്തിന് പ്രേമത്തെ വ്യാഖ്യാനിക്കാന്‍ കഴിയുമോ? പ്രേമത്തിന്റെ അര്‍ത്ഥമാക്കുന്നത് എന്താണ്? ശാസ്ത്രം നിന്റെ മനസ്സിനേയും ബുദ്ധിയേയും ബന്ദികളാക്കുന്നു. ആത്മാവ്, മനസ്സിനെയും ബുദ്ധിയെയും വിട്ടുപോകുകയും നിന്നെ ഭഗവാനുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. ശാസ്ത്രപഠനത്തിന് സീമകളുണ്ട്. ആത്മജ്ഞാനത്തെക്കുറിച്ചുള്ള അദ്ധ്യയനം സീമാതീതമാണ്. ആത്മാവാണ് യഥാര്‍ത്ഥ ജ്ഞാനം. ഓരോ ആത്മാവും പൂര്‍ണതയുടെ ഒരു ഭാഗമാണ്. ആത്മാവ്, പരിശുദ്ധ പ്രേമമാണ്. ഈ പരിശുദ്ധ പ്രേമത്തിനാല്‍ നാം പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് നാം അക്ഷയമായ പ്രേമത്തിനുടമകളാകണം. ആത്മാവ്, പല ഘട്ടങ്ങളിലും ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നുപോകുകയും അന്തിമമായി പൂര്‍ണതയില്‍ ലയിക്കുകയും ചെയ്യുന്നു. ഓരോ ആത്മാവിന്റെയും പ്രയാണത്തിന്റെ ഭിന്നതകളുണ്ട്. പൂര്‍ണതയില്‍ വിലയം പ്രാപിക്കാനുള്ള സമയവും ഭിന്നമാണ്. അനുഭവങ്ങളും ഭിന്നമാണ്.
– സത്യസായിബാബ
















