മാന്നാര്‍ മത്തായി രണ്ടാം വരവിലും കസറിയിരിക്കുന്നു. മലയാള സിനിമ പ്രേക്ഷകരെയൊക്കെ ചിരിക്കുടുക്കകളാക്കി മാറ്റിയ ഇന്നസെന്റിന്റെ തകര്‍പ്പന്‍ പ്രകടനം മാന്നാര്‍ മത്തായി സ്പീക്കിംഗ് രണ്ടാം ഭാഗത്തില്‍ ആവര്‍ത്തിക്കപ്പെടുന്നുവെന്ന് സിനിമാ ശാലകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സിദ്ധീഖ് ലാലിന്റെ സൃഷ്ടിയായ മാന്നാര്‍ മത്തായിയെ വീണ്ടും തിരശ്ശീലയിലെത്തിച്ചത് ‘പാപ്പി അപ്പച്ചാ’യിലൂടെ സിനിമാ ലോകത്തേക്ക് കടന്നു വന്ന യുവസംവിധായകന് മാമാസ് ആണ്. മത്തായി രണ്ടിന്റെ വിജയ ന്തോഷം മാമാസ് പങ്കുവെയ്ക്കുന്നു.
പടം നന്നായിട്ട് പോകുന്നുണ്ട്. ഞാന്‍ ഹാപ്പിയാണ് കഠിനാധ്വാനത്തിന്റെ പ്രതിഫലമാണിത്. ടീമിന്റെ കൂട്ടായ വിജയവും. വിജയത്തിന്റെ ക്രഡിറ്റ് എനിക്ക് മാത്രം അവകാശപ്പെടാവുന്നതല്ല.
സൂപ്പര്‍ ഹിറ്റായ ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നതില്‍ ഒരു റിസ്ക് ഉണ്ടായിരുന്നില്ലേ?
തീര്‍ച്ചയായും. ഈ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സിബിയും ബോബിയും ഈ പ്രൊജക്ട് ചെയ്യണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ തന്നെ ഞാനത് ചിന്തിച്ചിരുന്നു. കഥയും കഥാപാത്രങ്ങളും എന്റേതായ രീതിയില്‍ വികസിപ്പിച്ചെടുക്കാന്‍ കഴിയും എന്ന് ബോധ്യമായതിനു ശേഷമാണ് ഞാന്‍ അഡ്വാന്‍സ് കൈപ്പറ്റിയത്.
ഒന്നു രണ്ടു ചിത്രങ്ങളില്‍ മാത്രം സഹസംവിധായകനായി പ്രവര്‍ത്തിച്ച താങ്കള്‍ വളരെ വേഗത്തില്‍ ഒരു സംവധായകനായി. ഇത് എങ്ങനെ?
പാപ്പി അപ്പച്ചായുടെ കഥ ഞാന്‍ ദിലീപിനോട് പറഞ്ഞപ്പോള്‍ തന്നെ അദ്ദേഹം എനിക്ക് കൈതന്നു. ഒപ്പം ഡേറ്റും. ജീവിതത്തില്‍ ഞാന്‍ കണ്ട പല മുഖങ്ങളും ചേര്‍ത്താണ് പാപ്പിയെയും അപ്പച്ചനേയും സൃഷ്ടിച്ചത്.
പാപ്പി അപ്പച്ച വലിയ ഹിറ്റായിരുന്നു. എന്നിട്ടും അടുത്തചിത്രം പുതുമുഖങ്ങളെ വെച്ചാണ് എടുത്തത്?
ആ വിജയത്തിന്റെ മേല്‍വിലാസത്തില്‍ സൂപ്പര്‍ സ്റ്റാറുകളെ എനിക്ക് സമീപിക്കാമായിരുന്നു. പക്ഷേ എന്റെ മനസ്സിലുള്ള സിനിമ തികച്ചും വ്യത്യസ്തമായിരുന്നു. അങ്ങനെയാണ് ‘സിനിമാ കമ്പനി’ചെയ്തത.് ഒന്നും രണ്ടുമല്ല ഒമ്പതു പുതുമുഖങ്ങളെയാണ് ആ ചിത്രത്തില്‍ ഞാന്‍ അവതരിപ്പിച്ചത്. മാന്നാര്‍ മത്തായി പാര്‍ട്ട് 2? വിലും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്.
ഇന്ന് ന്യൂജനറേഷന് എന്നറിയപ്പെടുന്ന സിനിമകളുടെ ഒരു മുന്ഗാമിയായിരുന്നില്ലേ ‘സിനിമ കമ്പനി’?
അങ്ങനെ പലരും പറയുന്നുണ്ട്. പക്ഷേ സിനിമകള അങ്ങനെ തരംതിരിക്കുന്നതിനോട് എനിക്ക് വിയോജിപ്പാണ്.
ന്യൂജനറേഷന് സിനിമകളുടെ സംഭാഷണങ്ങളെക്കുറിച്ചും മറ്റും ആക്ഷേപങ്ങള്‍ ഏറെയുണ്ടല്ലോ?
എന്റെ ഒരു ചിത്രത്തില്‍ പോലും അങ്ങനെയുള്ള സംഭാഷണങ്ങളോ സീനുകളോ ഉണ്ടാകില്ല. കുടുംബസമേതം വന്നു യാതൊരു വിധ മനസ്സറപ്പും കൂടാതെ കണ്ടു രസിക്കാവുന്ന ചിത്രങ്ങളെ ഞാന്‍ ചെയ്യൂ.
‘മാന്നാര്‍ മത്തായി’യുടെ ആദ്യഭാഗത്തു നിന്നും രണ്ടാം ഭാഗത്തിലെത്തുമ്പോള്‍ പ്രധാന കഥാപാത്രങ്ങളായ മുകേഷ്, ഇന്നസെന്റ്, സായ്കുമാര് എന്നിവരുടെ പ്രായത്തിലുണ്ടായ വളര്‍ച്ച ഒരു പ്രശ്നമായോ?
ഇല്ല. അവര്‍ മൂന്നുപേരും അന്നത്തെ പോലെ ഇന്നും സ്മാര്‍ട്ട് എന്റര്‍ടൈനേഴ്സ് തന്നെ. ഈ ചിത്രം അവരുടെ ഒരിക്കലും ക്ഷീണിക്കപ്പെടാത്ത ഹ്യൂമര്‍ സെന്സിന് തെളിവാണ്. പ്രേക്ഷകരും അത് അംഗീകരിച്ച് കഴിഞ്ഞെന്ന് ചിത്രത്തിന്റെ വിജയം പറയുന്നു.
മാന്നാര്‍ മത്തായിക്ക് ഒരു മൂന്നാം ഭാഗം…?
സാധ്യത ഇല്ലാതില്ല.!
കമ്പ്യൂട്ടര്‍ അനിമേറ്ററായ മാമാസിന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത് റാഫി മെക്കാര്‍ട്ടിന്‍ ടീമിന്റെ ‘പാണ്ടിപ്പട’യില്‍ അസിസ്റ്റന്റായിട്ടാണ്. അനിമേഷന്‍ രംഗത്തെ പ്രവര്‍ത്തന പരിചയം സിനിമയുടെ സാങ്കേതിക വിദ്യയെ കൈപ്പിടിയിലൊതുക്കുന്നതിന് തുണയായി. മൂന്ന് ചിത്രങ്ങളുടെ വിജയം സമ്മാനിച്ച ആത്മവിശ്വാസത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് അടുത്ത സിനിമയുടെ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനൊരുങ്ങുകയാണ് മാമാസ്-മലയാള സിനിമയുടെ ഏറ്റവും പുതിയ തലമുറയുടെ പ്രതിനിധി.
പോള്‍ തോമസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: