തിരുവനന്തപുരം: ആറായിരം കോടിരൂപ ചെലവില്‍ സംസ്ഥാനത്തെ രണ്ടു നഗരങ്ങളില്‍ നിര്‍മ്മിക്കുന്ന വന്‍പദ്ധതി രണ്ടായി പിരിയും. തലസ്ഥാനത്ത് ലൈറ്റ്മെട്രോയും കോഴിക്കോട് മോണോറെയിലും നിര്‍മ്മിക്കും. ഇതു സംബന്ധിച്ച തീരുമാനം ഉടനുണ്ടാകും. മോണോറെയിലിനേക്കാള് ആധുനിക സാങ്കേതിക സംവിധാനമാണ് ലൈറ്റ്മെട്രോയ്ക്കുള്ളത്. കൊച്ചിമെട്രോയുടെ നിര്‍മ്മാണ ചുമതലയുള്ള ഡിഎംആര്‍സിക്ക് ലൈറ്റ്മെട്രോയുടേയും പരിപാലനം നടത്താന്‍ കഴിയുമെന്നതാണ് മറ്റൊരു ഗുണം. ജപ്പാന് കമ്പനിയായ ഹിറ്റാച്ചിയായിരിക്കും ലൈറ്റ്മെട്രോ നിര്‍മ്മാണം ഏറ്റെടുക്കുക.
മോണോറെയില്‍ ലൈറ്റ്മെട്രോ എന്നിവയ്ക്കായി ജൈക്കയാണ് ഫണ്ട് നല്‍കുന്നത്. പദ്ധതിക്കാവശ്യമായ സാധനങ്ങളില്‍ 30 ശതമാനവും ജപ്പാനില്‍ നിന്ന് വാങ്ങണമെന്ന കര്‍ശന നിബന്ധനയിലായിരിക്കും വായ്പ അനുവദിക്കുക. ഡിഎംആര്‍സി ലൈറ്റ്മെട്രോ പദ്ധതിയുടെ സാധ്യതാപഠനം പൂര്‍ത്തിയാക്കാറായി. മോണോറെയിലിനേക്കാള് കൂടുതല്‍ കാര്യക്ഷമവും ലാഭകരവുമാണ് ലൈറ്റ്മെട്രോയെന്നാണ് വിലയിരുത്തല്‍.
കേരള മോണോറെയില്‍ കോര്പ്പറേഷന് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലും ഇക്കാര്യം സജീവ ചര്‍ച്ചയായി. മോണോറെയില്‍ പദ്ധതിക്കായി ജര്‍മന്‍ കമ്പനിയായ ബൊംബാര്‍ഡിയര്‍ മാത്രമാണ് ടെണ്ടറില്‍ പങ്കെടുത്തത്. മറ്റു കമ്പനികളെല്ലാം വിട്ടുനിന്നു. പഴക്കംചെന്ന ടെക്നോളജിയും യാത്രാ സംവിധാനവുമാണ് മോണോറെയില്‍ എന്നതുകൊണ്ടാണ് കമ്പനികള്‍ വിട്ടുനിന്നത്. വലിയ മ്യൂസിയങ്ങള്‍ ചുറ്റി കാണാനും, അമ്യൂസ്മെന്റ് പാര്‍ക്കുകളിലുമാണ് മോണോറെയില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ലൈറ്റ്മെട്രോ തന്നെയാണ് വേണ്ടതെന്ന് സര്‍ക്കാര്‍ തലത്തിലും അഭിപ്രായമുണ്ട്. എന്നാല്‍ മോണോറെയില്‍ പദ്ധതിക്കായി ജര്‍മന്‍ കമ്പനിയായ ബൊംബാര്‍ഡിയര്‍ നല്കിയ ബിഡ് തള്ളിക്കൊണ്ട് പുതിയടെണ്ടര് വിളിക്കാന്‍ നിയമ തടസ്സമുണ്ട്. സാങ്കേതിക ബിഡിനാണ് അംഗീകാരം നല്‍കിയത്. ഇനി സാമ്പത്തിക ബിഡ് പരിശോധിക്കണം.
പദ്ധതിയുടെ ജനറല്‍ കണ്‍സള്‍ട്ടന്റായ ഡിഎംആര്‍സിയും സാങ്കേതിക കണ്‍സള്‍ട്ടന്റായ കെഎംആര്എല്സിയും ബിഡ് പരിശോധിക്കും. സാമ്പത്തിക ബിഡ് പരിശോധന പൂര്‍ത്തിയാക്കുന്നതിനു മുമ്പ് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന് സംസ്ഥാന സര്‍ക്കാരിനു മുമ്പില്‍ ലൈറ്റ്മെട്രോ തലസ്ഥാന നഗരത്തില്‍ സ്ഥാപിക്കണമെന്ന ആവശ്യം മുന്നോട്ടു വയ്ക്കും. മോണോറെയില്‍ പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ വരുന്നതാണ്. മെട്രോ ഗതാഗതവകുപ്പിന്റെ കീഴിലും. മോണോറെയില്‍ പദ്ധതിമാറ്റി ലൈറ്റ്മെട്രോ ആക്കുമ്പോള്‍ വകുപ്പുകള്‍ മാറും. ഇതാണ് പ്രധാനപ്രശ്നം. മോണോറെയില്‍-ലൈറ്റ്മെട്രോയാക്കാന് മരാമത്ത് വകുപ്പ് അനുവദിക്കില്ലെന്നാണറിയുന്നത്. എന്നാല്‍ തിരുവനന്തപുരത്തെങ്കിലും ലൈറ്റ്മെട്രോ പദ്ധതിക്കുള്ള ശ്രമം ആയിരിക്കും നടക്കുക.
എ.എസ്. ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: