കൊട്ടാരക്കര: കേരളം ഭരിക്കുന്ന സര്‍ക്കാര്‍ ഭൂമാഫിയയുടെ താല്പര്യങ്ങളാണ് സംരക്ഷിക്കുന്നതെന്ന് കര്‍ഷക മോര്‍ച്ച ദേശീയപ്രസിഡന്റ് ശങ്കരനാരായണറെഡ്ഢി പറഞ്ഞു. കൊട്ടാരക്കര ബ്രാഹ്മണ സമൂഹമഠം ഹാളില്‍ കര്‍ഷകമോര്‍ച്ച കൊല്ലം ജില്ലാകമ്മറ്റി സംഘടിപ്പിച്ച കര്‍ഷക മഹാപഞ്ചായത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് തിരുവനന്തപുരത്ത് ചേര്‍ന്ന കര്ഷകനിയമസഭ നിര്‍ദ്ദേശിച്ച പരിഹാരമാര്‍ഗങ്ങള്‍ ഒരുമാസമായിട്ടും പരിഗണിക്കാത്തത് സര്‍ക്കാരിന്റെ അലംഭാവമാണ് ്. കാര്‍ഷികവിദഗ്ധരും എല്ലാ നിയമസഭാമണ്ഡലത്തില്‍ നിന്നും രണ്ട് കര്‍ഷകരും ചേര്‍ന്നാണ് തിരുവനന്തപുരത്ത് കര്‍ഷക നിയമസഭകൂടിയത്. നിയമസഭാസമ്മേളനം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കര്ഷകന് 50000രൂപ വരെ പലിശ ഇല്ലാതെയും ഒരുലക്ഷംരൂപ വരെ ഒരുശതമാനം പലിശയ്ക്കും അഞ്ച് ലക്ഷം രൂപ വരെ രണ്ട് ശതമാനം പലിശയ്ക്കും നല്കുമ്പോള് ഇവിടെ ഏഴ് ശതമാനം പലിശയാണ്് ഈടാക്കുന്നത്. ഇതേ സ്ഥാനത്ത് വ്യവസായ ലോണിന് ഇരുപത്തി അഞ്ച് ശതമാനം സബ്സിഡി നല്കുന്നു. ഈ ഇരട്ടത്താപ്പാണ് കേരളത്തിലെ കര്‍ഷകനെ ആത്മഹത്യയുടെ കയത്തിലേക്ക് തള്ളിവിടുന്നത്. മറ്റ് സംസ്ഥാനങ്ങളിലേക്കാള്‍ വിദഗ്ധരായ കര്‍ഷകര്‍ ആണ് കേരളത്തിലേത്. ഉല്പാദനത്തിലും മുന്‍പന്തിയിലാണ്. എന്നിട്ടും കേരളത്തിന്റെ കാര്‍ഷിക മേഖല തകരുന്നതിനെ കുറിച്ച് ഗൗരവമായ പഠനം നടത്തണം. അവരെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ധാരാളം ജലസമ്പത്ത് ഉണ്ടായിട്ടും കാര്‍ഷിക ആവശ്യത്തിന് ചെക്ക്ഡാമുകളോ തടയണകളോ കെട്ടാന്‍ ഒരു സര്‍ക്കാരും ഇതുവരെ തയ്യാറായിട്ടില്ല. കര്‍ണ്ണാടകയില്‍ മൂന്ന് നദികള്‍ മാത്രമേയുള്ളൂവെങ്കിലും ഡാമുകളുടെ എണ്ണം അറുപതിന് മുകളിലാണ്. ജില്ലാതലത്തിലും മണ്ഡലം തലത്തിലും, ഗ്രാമതലത്തിലും കര്‍ഷക പഞ്ചായത്തുകള്‍ നടത്തും. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിക്കും. ഫലമുണ്ടായില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കും. കാര്‍ഷിക ഉത്പാദന ചെലവു കുറയ്ക്കുകയാണ് മോദിസര്‍ക്കാരിന്റെ പ്രധാന കാര്‍ഷിക നയം. കുറഞ്ഞ ചെലവില്‍ വളം, വിത്ത്, വെള്ളം എന്നിവ ലഭ്യമാക്കുന്നതിലൂടെയേ ഇതു സാധ്യമാകൂ. യുപിഎ സര്‍ക്കാരിന്റെ കാലത്തു നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം അഞ്ചേക്കര്‍ കൃഷിഭൂമിയുള്ള കര്‍ഷകന്റെ അഞ്ചംഗ കുടുംബത്തിന് ലഭിക്കുന്ന വരുമാനം 2200 രൂപമാത്രമാണ്. കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ ഇത് ഇരട്ടിയാക്കാന്‍ വേണ്ടിയുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കര്‍ഷകരെ വിത്തുല്പാദിപ്പിക്കുന്നതില് നിന്നും കൈമാറ്റം ചെയ്യുന്നതില്‍ നിന്നും തടയുന്ന സീഡ്ബില്ല്, കര്‍ഷകന്റെ വരുമാനമനുസരിച്ച് വളത്തിന് വിലനിശ്ചയിക്കുന്ന വ്യവസ്ഥ എന്നിവ പിന്‍വലിക്കണമെന്നും നാഷണല്‍ ഓര്‍ഗാനിക് അഗ്രിക്കള്‍ച്ചറിന്റെ ചെയര്മാന് കൂടിയായ ശങ്കര നാരായണ റെഡ്ഡി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ബൈജു ചെറുപൊയ്ക അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡന്റ് കെ.എസ്. രാജന്, സെക്രട്ടറി വെങ്ങാനൂര്‍ ഗോപന്, വൈസ് പ്രസിഡന്റ് ആയൂര്‍ മുരളി, ബിജെപി സംസ്ഥാനസെക്രട്ടറി ബി. രാധാമണി, നാഷണല്‍കൗണ്‍സില്‍ അംഗം കെ. ശിവദാസന്‍, സംസ്ഥാനസമിതിഅംഗം അഡ്വ. സത്യരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: