ചങ്ങനാശ്ശേരി: മാടപ്പള്ളി കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നടന്ന നിയമനങ്ങളില്‍ അഴിമതി നടന്നതായി ആക്ഷേപം. ഏപ്രില്‍ 22ന് മലയാളത്തിലെ പ്രമുഖ ദിനപത്രത്തില്‍ വന്ന നിയമന പരസ്യത്തിന് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചപ്പോള്‍ ആറ് ഒഴിവുകളാണ് പറഞ്ഞിരുന്നത്. പരീക്ഷക്കുശേഷം ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് എട്ടുപേരെ നിയമിച്ചു. ഇത് ബാങ്കിലെ നിയമനങ്ങളില്‍ നടത്തിയ അഴിമതിയാണെന്നാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം പി.സി. ജോസഫ് രാജിവച്ച് തന്റെ മകനായ ജേക്കബിന് നിയമനത്തിന് വഴിയൊരുക്കിയെന്നും പരാതിയുണ്ട്. ഇത് സഹകരണ നിയമനത്തിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ കാര്യങ്ങളൊക്കെ ചങ്ങനാശ്ശേരി അസിസ്റ്റന്റ് രജിസ്റ്റാര്‍ക്കും ജില്ലാ ജോയിന്റ് രജിസ്റ്റാറുടെ അറിവോടും കൂടിയാണെന്നും ആക്ഷേ പം ഉയര്‍ന്നിട്ടുണ്ട്.
കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതി പേരിനു മാത്രം പരീക്ഷ നടത്തി സ്വന്തക്കാരെയും ഇഷ്ടക്കാരെയും നിയമിച്ച നടപടിയില്‍ പ്രതിഷേധിച്ചു സഹകാരി ഫോറത്തിന്റെ നേതൃത്വത്തില്‍ സമര, നിയമ നടപടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതായി ഫോറം കണ്‍വീനര്‍ ഹരിദാസ് മാളിയേക്കല്‍ അറിയിച്ചു.
















