ഹിന്ദുക്കള്‍ പറയുന്നു ജീവിതത്തിനൊരു പരിഹാരമേ ഉള്ളൂ, ഈശ്വരനും മതവും. ഇവ രണ്ടും സത്യമെങ്കില്‍, ജീവിതത്തിനര്‍ത്ഥമുണ്ട്; ജീവിതം സഹ്യമായിത്തീരുന്നു, ആനന്ദദായകമാകുന്നു. അല്ലെങ്കിലോ ജീവിതം നിഷ്പ്രയോജനമായ ഒരു ചുമട്. അതാണ് ഞങ്ങളുടെ നില. എത്രയുക്തിതര്‍ക്കങ്ങള്‍കൊണ്ടും ഇതു വ്യക്തമാക്കാവതല്ല; അതു സംഭാവ്യമെന്ന നിഗമനത്തിലെത്തിച്ചേക്കാം. അവിടെനിന്നു നമ്മുടെ വിജ്ഞാനവീഥികളിലേതിലും, യുക്തിക്ക് ഒരു സംഗതി സംഭാവ്യമാണെന്നു തെളിയിക്കാനേ പറ്റൂ. അതിനപ്പുറം ഒന്നുമില്ല. ജഡവിജ്ഞാനവീഥികളിലെ ഏറ്റവും പ്രദര്‍ശനക്ഷമമായ സംഗതികള്‍പോലും, സംഭാവ്യതകള്‍ മാത്രമേ ആകുന്നുള്ളൂ. അപ്പോഴും സംഭവങ്ങളാകുന്നില്ല. സംഭവങ്ങള്‍ വ്യക്തമാകുന്നതു കരണങ്ങളില്‍ക്കൂടി മാത്രമാണ്. സംഭവങ്ങള്‍ ഇന്ദ്രിയാഗ്രാഹ്യങ്ങളാകണം. മതം സത്യമെന്നു നമുക്കുതന്നെ ബോധ്യപ്പെടുവാന്‍ ഈശ്വരനെ സ്പര്‍ശിക്കണം. മതതത്ത്വങ്ങള്‍ സത്യമെന്നുറപ്പുവരാന്‍ അവ കണ്ണില്‍ കാണണം. നമ്മുടെ പ്രത്യക്ഷാനുഭവത്തിനല്ലാതെ വേറൊന്നിനും, എത്ര ഊഹാപോഹങ്ങള്‍ക്കും, ഈ വക കാര്യങ്ങള്‍ യഥാര്‍ത്ഥമാക്കിച്ചെയ്യാന്‍, എന്റെ വിശ്വാസം പാറപോലെ ഉറപ്പുള്ളതാക്കാന്‍, ഒരിക്കലും കഴിയില്ല. അതാണ് ഞാന്‍ വിവക്ഷിക്കുന്നത്; അതുതന്നെയാണ് ഭാരതീയാശയവും.
-സ്വാമി വിവേകാനന്ദന്‍
















