ഇടുക്കി: കെഎസ്ആര്‍ടിസി ബസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗജന്യം ലഭിക്കാനുള്ള പുതിയ വ്യവസ്ഥകള്‍ വിനയാകുന്നു. മുമ്പ് പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവി ഒപ്പിട്ട അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയായിരുന്നു. ഇപ്പോള്‍ വിദ്യാര്‍ത്ഥികളുടെ ഹാള്‍ടിക്കറ്റ് അപേക്ഷയോടൊപ്പം നല്‍കണമെന്നാണ് നിര്‍ദ്ദേശം.
സ്കൂള്‍ തുറന്നയുടന്‍ എങ്ങനെ ഹാള്‍ ടിക്കറ്റ് ലഭിക്കുമെന്നാണ് വിദ്യാര്‍ത്ഥികളുടെ ചോദ്യം. വിദ്യാര്‍ത്ഥികളുടെ സ്ഥലം അറിയാന്‍ റേഷന്‍ കാര്‍ഡിന്റെ കോപ്പിയും അപേക്ഷയ്ക്കൊപ്പം നല്‍കണം. ഇതു കൂടാതെ കോഴ്സ് സരട്ടിഫിക്കറ്റിന്റെ കോപ്പിയും നല്‍കണം. ഡിഗ്രിക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് ഒന്നാം വര്‍ഷം കണ്സഷന് കാര്‍ഡ് എടുത്തില്ലെങ്കില്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കാര്‍ഡ് ലഭിക്കില്ല. ജൂണ്‍, ജൂലൈ മാസങ്ങളില്‍ മാത്രമേ കാര്‍ഡ് എടുക്കാന്‍ അവസരമുള്ളൂ.
ആഗസ്റ്റ് മാസത്തില്‍ കോഴ്സ് ആരംഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കെഎസ്ആര്‍ടിസിയുടെ യാത്രാപാസ് കിട്ടുകയുമില്ല. ഈ രേഖകള്‍ കൊടുത്ത് കാര്‍ഡ് എടുത്താലും വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ ഓര്‍ഡിനറി ബസുകളിലും ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിലും കയറാനും പറ്റില്ല. വേണാട്, തിരുക്കൊച്ചി എന്നിങ്ങനെയുള്ള ഓര്‍ഡിനറി ബസുകളില്‍ യാത്ര അനുവദിക്കുകയുമില്ല. കെഎസ്ആര്‍ടിസി ബസുകള്‍ മാത്രം സര്‍വ്വീസ് നടത്തുന്ന റൂട്ടുകളില്‍ വിദ്യാര്‍ത്ഥികള്‍ യാത്രാ സൗജന്യം നേടാന്‍ ക്ലേശിക്കുകതന്നെ ചെയ്യും.
സംഗീത് രവീന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: