റിയോ ഡി ജനീറോ: എതിര് താരങ്ങളെ കടിക്കുന്നതില്‍ കുപ്രസിദ്ധനായ ഉറുഗ്വെ താരം ലൂയി സുവാരസ് ചികിത്സ തേടണമെന്ന് ഫിഫ ജനറല്‍ സെക്രട്ടറി ജെറോം വാള്‍ക്കെ. എതിര് താരങ്ങളെ കടിക്കുന്ന അസുഖം പൂര്‍ണമായും ഭേദമാക്കാന്‍ സുവാരസിന് സാധിക്കണം. കരിയറില്‍ മൂന്നാം തവണയാണ് സുവാരസ് ഇത്തരത്തില്‍ എതിര് കളിക്കാരെ കടിക്കുന്നതെന്നും വാള്‍ക്കെ പറഞ്ഞു. ലോകകപ്പിനിടെ ഇറ്റാലിയന്‍ താരം ജോര്‍ജിയോ ചെല്ലിനിയെ കടിച്ചതിന് ലൂയിസ് സുവാരസിന് ഫിഫ ഒമ്പത് മല്‍സരങ്ങളില്‍നിന്നും നാലുമാസത്തേക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. ശിക്ഷാ കാലാവധിയില്‍ ഫുട്ബോളുമായുള്ള ഒരു പ്രവര്‍ത്തനത്തിലും സുവാരസ് പങ്കെടുക്കാന്‍ പാടില്ലെന്നും ഫിഫ നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ ഫിഫയുടെ നടപടി കടന്നുപോയെന്ന് പറഞ്ഞ് ചെല്ലിനിയും അര്‍ജന്റീനന്‍ ഇതിഹാസം മറഡോണയും രംഗത്തെത്തിയരുന്നു. ഇതോടെയാണ് സുവാരസിനെതിരെ കൂടുതല്‍ വിമര്‍ശനങ്ങളുമായി ഫിഫ രംഗത്തെത്തിയത്.
സുവാരസിന് നല്കിയ ശിക്ഷയില്‍ അപാകതയൊന്നുമില്ല. ഇത്തരം തെറ്റുകള്‍ ഇനിയും ആവര്‍ത്തിക്കാന്‍ പാടില്ല. ലോകം മുഴുവന്‍ ലക്ഷം കണക്കിന് ആളുകള്‍ കണ്ടുകൊണ്ടിരിക്കെയാണ് സുവാരസ് ഇങ്ങനെ കാണിച്ചത്. സുവാരസ് ചെയ്ത തെറ്റിനുള്ള ശിക്ഷയാണത്. സുവാരസിന്റെ കളിക്കളത്തിലെ പ്രകടനം വിലയിരുത്തി അച്ചടക്കസമിതിയാണ് ശിക്ഷാ നടപടിക്ക് ശുപാര്‍ശ ചെയ്തതെന്നും വാള്‍ക്കെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: