462. ദയാമൂര്‍തിഃ – ശ്രീകൃഷ്ണാവതാരത്തില്‍ ശ്രീകൃഷ്ണന് തന്റെ സതീര്‍ത്ഥ്യനായ കുചേലനെ കാണുന്ന രംഗം രാമപുരത്തു വാരിയര്‍ കുചേലവൃത്തം വഞ്ചിപ്പാട്ടില്‍ വര്‍ണിച്ചിട്ടുണ്ട്. ഏഴാം മാളികമുകളില്‍ ആഴിമകളുമായി ഒരു കട്ടിലിലിരുന്നു തമ്പുരാന് തന്റെ കൂട്ടുകാരന് ദൂരെനിന്നുവരുന്നതുകണ്ടു. മുഷിഞ്ഞമുണ്ട്, മെലിഞ്ഞുണങ്ങിയ ഉടല്, പൊട്ടിപ്പൊളിഞ്ഞ ഓലക്കുട എന്നിങ്ങനെ ദയനീയമായ വേഷത്തില്‍ ദാരിദ്ര്യമൂര്ത്തിയായി കുചേലനെ കണ്ടപ്പോള്‍ ശ്രീകൃഷ്ണന് കരഞ്ഞുപോയി എന്നാണ് കവി പറയുന്നത്. “എന്തുകൊണ്ടോ ഗൗരി കണ്ണുനീരണിഞ്ഞു ധീരനായ ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളൂ” പള്ളിമഞ്ചത്തില്നിന്നു ചാടിയിറങ്ങി താഴത്തേയ്ക്കോടിയ ഭഗവാന്റെ കൂടെ ലക്ഷ്മീദേവിയും പരിജനങ്ങളും ഓടിയെത്തി. സ്നേഹിതനെ ഭഗവാന് സ്വീകരിക്കുന്ന രംഗം വര്‍ണ്ണിക്കുമ്പോള്‍ “ദീനദയാപാരവശ്യമേവം മറ്റൊരീശ്വരനുണ്ടോ?” എന്നു കവി താനറിയാതെ പറഞ്ഞുപോകുന്നു. അതേ കാരുണ്യത്തോടെ ഭഗവാന് നമ്മെ ഓരോരുത്തരെയും നോക്കുന്നുണ്ട്. ദയാമൂര്ത്തിയുടെ ദയ അനുഭവിക്കുന്നുണ്ടെങ്കിലും നാം അത് അറിയുന്നില്ല. “കാരുണ്യാലോകലീലാശിശിരിതഭൂവണം” (കാരുണ്യംകൊണ്ടു ലോകത്തെ കുളിരണിയിക്കുന്ന നോട്ടം നാരായണീയം 1003) എന്നാണ് നാരായണീയം ഗുരുവായൂരപ്പന്റെ നോട്ടത്തെ വിശേഷിപ്പിക്കുന്നത്.
463. ദാശാര്ഹഃ – ദാശാര്ഹന്. ദശാര്ഹന് എന്ന യാദവ രാജാവിന്റെ വംശത്തില്‍ ജനിച്ചവന്. ദശാര്‍ഹന്റെ പരമ്പരയില്‍ പിറന്ന വസുദേവന്റെ മകനായി ജനിച്ചതുകൊണ്ട് ശ്രീകൃഷ്ണന് ദാശാര്ഹനായി. ദാശബ്ദത്തിന് ബഹുമാനത്തോടെ അര്‍പ്പിക്കപ്പെടുന്നത് എന്ന് അര്‍ത്ഥമുണ്ട്. ഭക്തര്‍ ആദരവോടെ അര്‍പ്പിക്കുന്ന ഉപഹാരങ്ങള്‍ സ്വീകരിക്കാന്‍ അര്ഹതയുള്ളവന് എന്നും യാഗത്തില്‍ അര്‍പ്പിക്കപ്പെടുന്ന ഹവിസ്സ് സ്വീകരിക്കാന്‍ അര്ഹതയുള്ളവന് എന്നും വ്യാഖ്യാനിക്കാം
464. ദീര്‍ഘലോചനഃ – നീണ്ടു മനോഹരമായ കണ്ണുള്ളവന് നീണ്ടുവിടര്‍ന്ന കണ്ണുകള്‍ സൗന്ദര്യലക്ഷണമായി കരുതപ്പെടുന്നു.
ഡോ. ബി.സി.ബാലകൃഷ്ണന് 231
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: