ഭേദബുദ്ധിര്‍വിലീനാര്‍ത്ഥ ഭേദ ഏവാവശിഷ്യതേ
ശുദ്ധമേകമനാദ്യന്തം തദ്ബ്രഹ്മേദി വിദുര്‍ബുധാ:
വസിഷ്ഠന് തുടര്‍ന്നു: വിഷയവസ്തുക്കളുടെ അസ്തിത്വത്തെപ്പറ്റി ധാരണകള്‍ ഒന്നുമില്ലാതെ അവനവന്റെ ആത്മാവില്‍ അഭിരമിക്കുന്ന പരമോന്നതമായ അവസ്ഥയാണിത്. എല്ലാ വിഭജനചിന്തകളും ഇല്ലാതാവുമ്പോള്‍ അവിഭാജ്യമായ ഒന്നു മാത്രം അവശേഷിക്കുന്നു. അത് നിര്‍മ്മലവും ആദിയന്തങ്ങള്‍ ഇല്ലാത്തതുമാണ്. ബ്രഹ്മം എന്നാണതറിയപ്പെടുന്നത്. സമ്പത്ത്, ഭാര്യ, വിഷയവസ്തുക്കള്‍, എന്നിവയിലുള്ള ആസക്തികള്‍ എല്ലാമുപേക്ഷിച്ചിരിക്കുന്നവന്‍ പരമാത്മാവില്‍ പ്രശാന്തിയടയുന്നു. ഒടുവില്‍ മനസ്സും അനന്തമായ അവബോധവും തമ്മിലുള്ള അന്തരം കൂടി ഇല്ലാതെയാകുമ്പോള്‍ എല്ലാമെല്ലാം നിശ്ശൂന്യതയില്‍ വിലയിക്കുന്നു.അതുകഴിഞ്ഞാല്‍ കല്ലില്‍ ഇനിയും കൊത്തിയെടുത്തിട്ടില്ലാത്ത ശില്പമെന്നപോലെ സാധകന് പരംപൊരുളില്‍ നിലകൊള്ളുന്നു. അജ്ഞാനിക്ക് ധ്യാനനിരതനാവാന്‍ കഴിയില്ല. അതയാള്‍ക്ക് ഹിതകരവുമല്ല.
എന്നാല്‍ പ്രബുദ്ധനാകട്ടെ അയാള്‍ ആത്മാവില്‍ ദൃഢചിത്തനാണ്. പ്രബുദ്ധന് പ്രതീതികളുടെ ഉറവിടമായ വസ്തുക്കളില്‍ അശേഷം താല്‍പ്പര്യമില്ല. അജ്ഞാനിയ്ക്ക് നേരെ തിരിച്ചാണ്.വസ്തുവിനെക്കുറിച്ചുള്ള അവബോധം ശുദ്ധമായ ബോധമാണെന്നുള്ള തിരിച്ചറിവ് ശാശ്വതമായ ?സമാധാന? എന്ന സമതാവസ്ഥയാണ്. വിഷയവസ്തുവും വിഷയിയും ഒന്നാവുന്ന അവസ്ഥയാണ് സാമധാന എന്ന അവസ്ഥ. ആത്മാവിലധിവസിക്കുക എന്നാല്‍ വിഷയവസ്തുക്കളില്‍ താല്പ്പര്യമില്ലാതിരിക്കുക എന്നര്‍ത്ഥം. എന്നാല്‍ അജ്ഞാനം ആത്മാവിന്റെ വസ്തുവിഷയങ്ങളിലേയ്ക്കുള്ള ആകര്‍ഷണമാണ്. അത്തരം ചലനം അജ്ഞാനിയ്ക്കുള്ളിലാണ് ഉണ്ടാവുക. അമൃത് നുണഞ്ഞ ഒരുവന് കയ്പുകഷായം എങ്ങിനെ ഹിതകരമാവും?
ജ്ഞാനിയ്ക്ക് ധ്യാനസപര്യ നൈസര്‍ഗ്ഗികമാണ്. അനായാസമാണ്. ആസക്തികള്‍ ഇല്ലാതിരിക്കുമ്പോള്‍ ആത്മാവ് ഒരിക്കലും നഷ്ടമാവുന്നില്ല. അല്ലെങ്കില്‍ മനസ്സ് വിശ്വം മുഴുവന്‍ നിറഞ്ഞു വികസ്വരമാവുമ്പോഴും ആത്മാവ് നഷ്ടമാവുന്നില്ല. ആത്മജ്ഞാനം ഉണരുന്നതുവരെ സമാധി അവസ്ഥയ്ക്കായി സാധകന് പരിശ്രമിക്കുകതന്നെ വേണം. സമാധിതലത്തില്‍ നില്ക്കുന്നവന് മനുഷ്യരൂപത്തിലുള്ള ബ്രഹ്മം തന്നെയാണ്. അയാള്‍ക്ക് നമോവാകം. വസ്തുവിഷയങ്ങളില്‍ ആഭിമുഖ്യമില്ലാത്തപ്പോള്‍ ദേവന്മാര്ക്കുപോലും ഒരുവന്റെ ധ്യാനത്തെ തടസ്സപ്പെടുത്താന്‍ കഴിയില്ല. അതിനാല്‍ സാധകന് ?വജ്രധ്യാനം? എന്ന ദൃഢതയില്‍ എത്തിച്ചേരണം. അതിലേയ്ക്കുള്ള വഴികള്‍ ശാസ്ത്രപഠനം, സത്സംഗം, ധ്യാനം എന്നിവയാണ്. പകുതി പാകംവന്ന അറിവ് അജ്ഞാനത്തെ അകറ്റുകയില്ല. അഗ്നിയുടെ ചിത്രത്തിനടുത്തിരുന്നാല്‍ തണുപ്പാറുകയില്ല. അജ്ഞാനിക്ക് ലോകം ഭൗതികമായ ഉണ്മയാണ്. എന്നാല്‍ ജ്ഞാനിക്ക് അത് ബോധമാണ്. ജ്ഞാനിയെസംബന്ധിച്ചിടത്തോളം അഹംകാരവും ലോകവും ഉണ്മകളല്ല. വിശ്വത്തെക്കുറിച്ച് അയാളുടെ വിവരണം അത്യന്തം മാസ്മരികമാണ്. എന്നാല്‍ അജ്ഞാനിക്കോ, അയാളുടെ നോട്ടത്തില്‍ ലോകം വെറും കല്ലും മണ്ണും മരവും നിറഞ്ഞതാണ്. പ്രബുദ്ധന് ലോകത്തെ ആത്മാവായി ദര്‍ശിക്കുന്നു. അജ്ഞാനിക്കാ ദര്‍ശനമില്ല. അയാള്‍ അന്തമില്ലാത്ത വാഗ്വാദങ്ങളില്‍ ഏര്‍പ്പെടുന്നു. എന്നാല്‍ ജ്ഞാനി എല്ലാവര്ക്കും സുഹൃത്താണ്. ജ്ഞാനിക്ക് തുരീയം എന്ന സമാധി തലം അവസ്ഥാത്രയങ്ങളിലെല്ലാം സഹജമായും ഉള്ളതാണ്. മനസ്സെന്നാല്‍ ഉപാധികളാണ്. അന്വേഷണത്തില്‍ ഇല്ലാതെയാവുന്ന ഉപാധികള്‍.
വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ
വിവ: ഡോ. എ.പി.സുകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: