മെല്‍ബണ്‍: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ.സി.സി) പുതിയ ചെയര്‍മാനായി മുന്‍ ബി.സി.സി.ഐ അധ്യക്ഷന്‍ എന്‍.ശ്രീനിവാസനെ തെരഞ്ഞെടുത്തു. മെല്‍ബണില്‍ ചേര്‍ന്ന ഐ.സി.സിയുടെ വാര്‍ഷിക യോഗത്തില്‍ 52 അംഗ കൗണ്‍സില്‍ ആണ് ഈ തീരുമാനം എടുത്തത്. ബി.സി.സി.ഐയാണ് അദ്ദേഹത്തെ ചെയര്മാന് സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. യോഗത്തില്‍ സമിതിയുടെ ഭരണഘടനയില്‍ പരിഷ്കാരങ്ങള്‍ വരുത്തിയതായി ഐ.സി.സി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഐ.സി.സി ചെയര്മാന് സ്ഥാനത്ത് എത്താന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നെന്നും ക്രിക്കറ്റിനെ ആഗോള വ്യാപകമാക്കി വളര്‍ത്തുന്നതിന് പരിശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പത്തു രാജ്യങ്ങളില്‍ എട്ടു രാജ്യങ്ങളുടെ പിന്തുണയോടെയാണ് ശ്രീനിവാസനെ തെരഞ്ഞെടുത്തത്. അതേസമയം, പാകിസ്ഥാനും ശ്രീലങ്കയും തെരഞ്ഞെടുപ്പില്‍ നിന്നു വിട്ടുനിന്നു. അടുത്ത ദിവസം തന്നെ ശ്രീനിവാസന് ഔദ്യോഗികമായി ചുമതല ഏറ്റെടുക്കും. ബംഗ്ലാദേശില്‍ നിന്നുള്ള മുസ്തഫ കമാലിനെ ഐ.സി.സിയുടെ പുതിയ പ്രസിഡഡന്റായും തെരഞ്ഞെടുത്തു. ഐ.സി.സിയുടെ ഭരണം, സാമ്പത്തിക നിയന്ത്രണ ചുമതലകള്‍ എന്നിവ ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കായിരിക്കും. ഭരണഘടനയില്‍ മാറ്റം വരുത്തിയെങ്കിലും പ്രാഥമിക കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളുന്നതിനുള്ള അധികാരം തുടര്‍ന്നും ഐ.സി.സി ബോര്‍ഡിനായിരിക്കും. ഐ.പി.എല്‍ ഒത്തുകളിയില്‍ മരുമകന് ഗുരുനാഥ് മെയ്യപ്പന് പങ്കുണ്ടെന്ന് കണ്ടത്തെിയതിനെ തുടര്‍ന്നാണ് ശ്രീനിവാസനെ ബി.സി.സി.ഐ അധ്യക്ഷസ്ഥാനത്ത് നിന്ന് സുപ്രീംകോടതി നീക്കിയിരുന്നു. പകരം സുനില്‍ ഗവാസ്കര്‍ക്ക് താല്കാലിക ചുമതല നല്‍കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: