കണ്ണൂര്‍: ആറളം ഫാമിലെ ആദിവാസികളുടെ ജീവിതം സംരക്ഷിക്കാനും പൈനാപ്പിള്‍ കൃഷിയും കയ്യേറ്റവും അവസാനിപ്പിക്കാനും ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ ആദിവാസികള്‍ നടത്തി വരുന്ന സമരം 36 ദിവസം പിന്നിട്ടു. എന്നാല്‍ ഇത്രയുമായിട്ടും ആദിവാസി പുനരധിവാസ മിഷന്റെ ജില്ലാ ചെയര്‍മാനായ കളക്ടറോ ട്രൈബല്‍ ഓഫീസറോ സമര സമിതിയുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറായിട്ടില്ല.ഇതില്‍ പ്രതിഷേധിച്ച് ജൂലൈ 9 മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ആദിവാസികളുടെ അനിശ്ചിത നില്‍പ്പ് സമരം ആരംഭിക്കാനാണ് ആദിവാസി ഗോത്രമഹാസഭയുടെ തീരുമാനം.
ഏഷ്യയിലെ തന്നെ മാതൃകാ പുനരധിവാസ പദ്ധതിയായ ആറളം ഫാമിലെ ആദിവാസി ജീവിതം ഇന്ന് ദുരിതപൂര്‍ണ്ണമാണ്. കുടിവെള്ളം, വാസയോഗ്യമായ വീട്, ചികിത്സ, ഭക്ഷണം, വന്യമൃഗങ്ങളില്‍ നിന്നുള്ള സുരക്ഷ എന്നിവ ലഭ്യമാക്കാന്‍ ഇതുവരെയും അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. രോഗവും വന്യമൃഗ ശല്യവും കാരണം ആദിവാസികള്‍ മരിക്കുകയാണ്.പൈനാപ്പിള്‍ കൃഷിക്ക് മാരകമായ എത്തിഫോണ്‍ ഹോര്‍മോണും കീടനാശിനിയും ഉപയോഗിക്കുന്നതിനാല്‍ ആദിവാസി സമൂഹം മാറാ രോഗികളായി മാറുകയാണ്. ഇവരില്‍ പലരും അത്യാസന്ന നിലയിലാണെന്നതാണ് വസ്തുത.
ആറളം ഫാമിലെ 1500 ഏക്കറോളം ഭൂമിയില്‍ നിയമ വിരുദ്ധമായി പൈനാപ്പിള്‍ കൃഷി ചെയ്യുന്നത് ഭരണ നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണ്. പൈനാപ്പിള്‍ പഴുത്ത് തുടങ്ങുന്നതോടെ കാട്ടാനകളുടെ ശല്യം വര്‍ദ്ധിക്കുകയാണ്.
ആറളം ഫാമില്‍ ഭൂമി കയ്യേറ്റമില്ലെന്നും പുറം കരാര്‍ മാത്രമാണുള്ളതെന്നും മന്ത്രി ജയലക്ഷ്മി നിയമസഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തെ സംരക്ഷിക്കാന്‍ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു മന്ത്രി. ആറളം ഫാമിലെ ഭൂമി സൗജന്യ നിരക്കില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് നല്‍കിയത് പാട്ട രേഖയുടെ അടിസ്ഥാനത്തിലാണ്. 220 ഏക്കര്‍ ഭൂമിക്ക് മാത്രമാണ് കരാര്‍ ഉണ്ടാക്കിയത്. എന്നാല്‍ പാട്ടരേഖയില്ലാതെ 1500 ഏക്കറോളം ഭൂമിയിലാണ് ഇപ്പോള്‍ കയ്യേറ്റം നടന്നിരിക്കുന്നത്. 80 കോടി രൂപയോളം കയ്യേറ്റക്കാര്‍ പ്രതിവര്‍ഷം ലാഭമുണ്ടാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: