സ്വിസ് ബാങ്കിലെ കള്ളപ്പണക്കാരുടെ പട്ടിക നരേന്ദ്ര മോദി സര്‍ക്കാരിന് ലഭിക്കുകയാണ്. നികുതി വെട്ടിച്ച് കോടികള്‍ നിക്ഷേപിച്ചിരിക്കുന്നത് തിരിച്ചുകൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്ത മന്മോഹന് സര്‍ക്കാര്‍ പരാജയപ്പെട്ടിടത്താണ് നരേന്ദ്രമോദി വിജയിക്കാന്‍ പോകുന്നത്. കള്ളപ്പണ നിക്ഷേപകരുടെ പട്ടിക സ്വിറ്റ്സര്‍ലന്റ് ഇന്ത്യയ്ക്ക് കൈമാറുമെന്നും കള്ളപ്പണത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) എന്തെങ്കിലും ക്രമക്കേട് കണ്ടെത്തിയാല്‍ നടപടി എടുക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുമുണ്ട്. സ്വിറ്റ്സര്‍ലന്റിലെ വിവിധ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള ഇന്ത്യക്കാരുടെയും സംശയത്തിന്റെ നിഴലിലായ ഇന്ത്യന്‍ സ്ഥാപനങ്ങളുടെയും പേരുകള്‍ ഇന്ത്യയുമായി പങ്കുവയ്ക്കുമെന്ന് സ്വിസ്സ് അധികൃതര്‍ വ്യക്തമാക്കിയെങ്കിലും പട്ടിക ഇതുവരെ തയ്യാറാക്കിയിട്ടില്ല. ഈ പട്ടിക പരിശോധിച്ചത് കണക്കില്‍പ്പെടാത്ത പണം നിക്ഷേപിച്ചവര്‍ക്കെതിരെ നടപടി എടുക്കുമെന്നും എസ്ഐടി അധ്യക്ഷന്‍ എം.ബി.ഷാ പറഞ്ഞു. എങ്കിലും ഇതിന്റെ വിശദാംശങ്ങള്‍ നല്കാന് സ്വിസ് അധികൃതര്‍ ഇതുവരെ തയ്യാറായില്ല. 2013 ല്‍ ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം 14,000 കോടിയായി ഉയര്‍ന്നുവെന്ന് സ്വിറ്റ്സര്‍ലന്റ് സെന്‍ട്രല്‍ ബാങ്ക് സമ്മതിക്കുകയും ചെയ്യുന്നു. ബിനാമികളുടെയും ട്രസ്റ്റുകളുടെയും സ്ഥാപനങ്ങളുടെയും മറവിലാണ് നികുതി വെട്ടിപ്പ് നടത്തി പണം സ്വിസ് ബാങ്കില്‍ പൂഴ്ത്തിവയ്ക്കുന്നത്. സ്വിറ്റ്സര്‍ലന്റാണ് കള്ളപ്പണക്കാരുടെ പ്രധാന നിക്ഷേപ കേന്ദ്രം. അതിന് കാരണം ഈ വിവരങ്ങള്‍ ആ രാജ്യം രഹസ്യമായി സൂക്ഷിക്കാന്‍ ശ്രദ്ധിച്ചിരുന്നു എന്നതാണ്.
സ്വിറ്റ്സര്‍ലന്റില്‍ നിലവില്‍ 283 ബാങ്കുകളില്‍ ആഗോളതലത്തിലുള്ള നിക്ഷേപം ഉണ്ട്. ഇന്ത്യക്കാരുടെ പേരില്‍ തന്നെ 14,000 കോടി രൂപ ഈ ബാങ്കുകളില്‍ ഉണ്ടത്രെ. 2013 ല്‍ ഇന്ത്യക്കാരുടെ നിക്ഷേപം 200 കോടി സ്വിസ് ഫ്രാങ്കായി വര്‍ധിച്ചു. 2012 ലെ ഒരു കോടി 42 ലക്ഷം സ്വിസ് ഫ്രാങ്കിനെക്കാള്‍ 40 ശതമാനത്തിന്റെ വര്‍ധന. എന്നാല്‍ ഇത് യഥാര്‍ത്ഥ തുകയല്ലെന്നും ഇന്ത്യക്കാര്‍ പൂഴ്ത്തിവച്ചിരിക്കുന്ന കള്ളപ്പണത്തിന്റെ യഥാര്‍ത്ഥ വ്യാപ്തി ഇനിയും വ്യക്തമല്ലെന്നതുമാണ് സത്യം. കള്ളപ്പണ നിക്ഷേപകരുടെ പട്ടിക ഇന്ത്യയ്ക്ക് ലഭിക്കുകയും ഈ കള്ളപ്പണം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധ്യമാകുകയും ചെയ്താല്‍ 14,000 കോടി രൂപ ഇന്ത്യയ്ക്ക് ലഭിക്കും. ഇന്ത്യക്കാരുടെ പട്ടിക തയ്യാറാക്കി കൈമാറുമെന്നും സ്വിസ് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.
സ്വിറ്റ്സര്‍ലന്റിലെ 283 ബാങ്കുകളിലുള്ള കള്ളപ്പണ നിക്ഷേപം 1.6 ട്രില്യണ്‍ ഡോളര്‍ ആണ്. ഇത് ഇന്ത്യക്കാരുടെ മാത്രം നിക്ഷേപമല്ല, ബ്രിട്ടീഷ് പൗരന്മാരും നിക്ഷേപകരാണ്. നിക്ഷേപകരുടെ പേരുവിവരം വെളിപ്പെടുത്താന്‍ ബ്രിട്ടന് അടക്കം വിവിധ സര്‍ക്കാരുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും ഇതുവരെ സ്വിസ് അധികൃതര്‍ തയ്യാറായിരുന്നില്ല. അധികാരമേറ്റിരിക്കുന്ന മോദി സര്‍ക്കാരുമായും കള്ളപ്പണം കണ്ടെത്താന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘടനയുമായും സഹകരിക്കുമെന്ന് സ്വിസ് സര്‍ക്കാര്‍ വക്താവ് അറിയിച്ചിട്ടുണ്ട്.
സ്വിസ് ബാങ്കുകളില്‍ നിക്ഷേപമുള്ള രാജ്യങ്ങളില്‍ അമ്പത്തിയെട്ടാം സ്ഥാനത്താണ് ഇന്ത്യ. ഒന്നാമത് ബ്രിട്ടന്. ഇന്ത്യക്കാരുടെ സ്വിസ് നിക്ഷേപം 6.15 ശതമാനമാണത്രെ. ബ്രിട്ടന്റേത് 20 ശതമാനവും. ഇപ്പോള്‍ സ്വിസ് സര്‍ക്കാര്‍ സ്വമേധയാ കള്ളപ്പണ നിക്ഷേപകരുടെ പേരുവിവരം നല്കാന് തയ്യാറാകുമ്പോള്‍ അത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയമായി കണക്കാക്കാം. കള്ളപ്പണം കണ്ടെത്തി രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനുള്ള ഉത്തരവ് സുപ്രീംകോടതിയുടെതാണ്. ഇതനുസരിച്ചാണ് ജസ്റ്റിസ്. എം.ബി.ഷായുടെ നേതൃത്വത്തില്‍ ഐബി, സിബിഐ ഡയറക്ടര്‍മാരടങ്ങിയ എസ്ഐടിയെ മോദി സര്‍ക്കാര്‍ നിയോഗിച്ചത്. കഴിഞ്ഞയാഴ്ച ഇതിന്റെ ആദ്യ യോഗം ചേര്‍ന്ന് അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചിരുന്നു.സ്വിസ് ബാങ്കിംഗ് സംവിധാനത്തിനെതിരെ ആഗോളതലത്തില്‍ എതിര്‍പ്പുണ്ട്. വ്യത്യസ്ത രാജ്യങ്ങളിലെ സ്ഥാപനങ്ങളുടെ മറവിലാണ് ഇന്ത്യക്കാര്‍ കള്ളപ്പണം ഒളിപ്പിച്ചിരുന്നത്. മന്മോഹന് സര്‍ക്കാര്‍ ഈ വന്‍ നിക്ഷേപം തിരിച്ചുകൊണ്ടുവരുമെന്ന് അധരവ്യായാമം നടത്തിയിരുന്നെങ്കിലും ഫലപ്രദമായ യാതൊരു നടപടികളും സ്വീകരിക്കുകയുണ്ടായില്ല. ഈ ഉദ്യമത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയിച്ചാല്‍ അത് അദ്ദേഹത്തിന്റെ തൊപ്പിയിലെ ഒരു പൊന്‍തൂവലായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: