ഗൂഡല്ലൂര്‍: പ്രേമനൈരാശ്യം കാരണം യുവാവ് ഒരേ കുടുംബത്തിലെ മലയാളികളായ മൂന്ന് പേരെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊന്നു. വയനാട് ജില്ലയിലെ മീനങ്ങാടി സ്വദേശി ലെനിന് (27) ആണ് ഗൂഡല്ലൂരിനടുത്ത ഓവാലിയിലെ ആറാട്ടുപാറ അയ്യപ്പമട്ടം സ്വദേശി വാളിയാങ്കല്‍ ജോയി (50), ഭാര്യ ഗിരിജ (45), ജോയിയുടെ മാതാവ് അന്നമ്മ (70), എന്നിവരെ അടിച്ചുകൊന്നത്.
ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ജോയിയുടെ മകള്‍ ജോസ്ന (22)യെ ഊട്ടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ലെനിനും ജോസ്നയും പ്രണയത്തിലായിരുന്നു. വൈത്തിരിയിലെ സ്വകാര്യ കോളജില്‍ ഹോട്ടല്‍ മാനേജ്മെന്റിന് ഇരുവരും ഒന്നിച്ചാണ് പഠിച്ചിരുന്നത്. അങ്ങനെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. മലപ്പുറത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ലെനിന് അവിടെ നിന്ന് ഒഴിവായി കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് ചേര്‍ന്നിരുന്നു. അവിടെതന്നെ ജോസ്നയേയും മറ്റൊരു സ്ഥാപനത്തില്‍ ജോലിക്ക് നിര്‍ത്താമെന്ന് ഇയാള്‍ കരുതിയിരുന്നു. എന്നാല്‍ ജോസ്ന തനിച്ച് കൊച്ചിയിലെ ഒരു സ്റ്റാര്‍ ഹോട്ടലില്‍ ജോലിക്ക് ചേര്‍ന്നു. ജോലിചെയ്തുകൊണ്ടിരിക്കുന്നതിനിടെ ലെനിന് ഹോട്ടലിലെത്തി ജോസ്നയുമായി വഴക്കിട്ടു. ഇതേത്തുടര്‍ന്ന് ജോസ്ന അവിടെ നിന്നും മാറി ഗള്‍ഫിലേക്ക് പോകുകയായിരുന്നു. ആറ് മാസം മുമ്പ് ഗള്‍ഫില്‍ പോയിരുന്ന ജോസ്ന പതിനഞ്ച് ദിവസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയിരുന്നത്. പ്രശ്നങ്ങള്‍ക്ക് ശേഷം ഇയാളുമായി യുവതി ഫോണില്‍ ബന്ധപ്പെട്ടിരുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് യുവതിക്ക് മറ്റൊരാളുമായുള്ള വിവാഹം ഉറപ്പിക്കുന്നത്. ഇത് അറിഞ്ഞാണ് ഇയാള്‍ ആറാട്ടുപാറയിലെ ഇവരുടെ വീട്ടിലെത്തിയത്. ഇതുസംബന്ധിച്ച് ഇയാള്‍ ജോസ്നയുടെ വീട്ടുകാരുമായി വഴക്കിട്ടു. പിന്നീട് വാക്കേറ്റമായി. അപ്പോള്‍ വീട്ടില്‍ ഗിരിജയും ജോസ്നയും അന്നമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. ജോയി പുറത്തേക്ക് പോയിരുന്നു. വാക്കേറ്റം മൂര്‍ച്ഛിച്ചതോടെ കമ്പിപ്പാര കൊണ്ട് ഗിരിജയേയും അന്നമ്മയേയും അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപ്പോഴാണ് ജോയി വീട്ടിലെത്തുന്നത്. ജോയിയേയും ഇയാള്‍ കമ്പിപ്പാര കൊണ്ട് തലക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇയാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ജോസ്നക്ക് തലക്കും കൈക്കുമാണ് പരുക്കേറ്റിരുന്നത്. ജോസ്നയുടെ വായില്‍ പ്ലാസ്റ്റര്‍ ഒട്ടിക്കുകയും കൈകള്‍ പിന്നിലേക്ക് കെട്ടുകയും ചെയ്തിരുന്നു. ജോസ്ന മരിച്ചത് പോലെ കിടക്കുകയായിരുന്നു.
ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. യുവതിയെ മറ്റൊരാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കാന്‍ തീരുമാനിച്ചതാണ് പ്രതിയെ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്. ഗൂഡല്ലൂര്‍ ഡി വൈ എസ് പി തിരുമേനിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂര്‍ ജില്ലയിലെ അടക്കാക്കുണ്ടില്‍ നിന്ന് ഗൂഡല്ലൂരില്‍ കുടിയേറി പാര്‍ത്തതാണ് ജോയിയുടെ പിതാവ് പരേതനായ തോമസ്. ജോയിയുടെ മകന് ജോജോ സംഭവസമയത്ത് സ്ഥലത്തില്ലായിരുന്നു. ഇയാള്‍ അമ്പലവയലിലെ ജോലി സ്ഥലത്തായിരുന്നു. റോയി, ജാന്‍സി എന്നിവര്‍ ജോയിയുടെ സഹോദരങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: