എറണാകുളം കലൂരിനടുത്ത് ഒരു ദിവസം വൈകിട്ട് മൂന്നുമണിയോടെ ചായ കുടിക്കുവാന്‍ വേണ്ടി ഒരു തട്ടുകടയ്ക്കരികില്‍ കാത്തുനില്ക്കുകയായിരുന്നു. കടക്കാരന് കച്ചവടത്തിനുള്ള പലഹാരങ്ങള്‍ ഉണ്ടാക്കുവാനുള്ള തിരക്കിലാണ്. മൈദ പൊടി, കടലമാവ് എന്നിവയുടെ കൂട്ടത്തില്‍ മൂന്ന് രാസപദാര്‍ത്ഥങ്ങള്‍ കൂടി ചേര്‍ക്കുന്നു. ഒന്ന് ഓക്സൈഡാണെന്ന് മനസ്സിലായി. ബജികള്‍ക്കും ബോണ്ടയ്ക്കും നിറം ലഭിക്കുവാനാണത്രെ! മറ്റ് രണ്ട് രാസപദാര്‍ത്ഥങ്ങളും അജിനോ മോട്ടോപോലെ രുചി കൂട്ടുന്നതിനും എരിവ് കൂട്ടുന്നതിമാണെന്ന് അയാള്‍ പറഞ്ഞു. പൊറോട്ടയ്ക്ക് മാവ് കുഴയ്ക്കുന്നതിലും വേറെ എന്തൊക്കെയോ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നുണ്ട്.
പലതരം എണ്ണകളും അതില്‍ ചേര്‍ക്കുന്നു. അടുപ്പില്‍ പരിപ്പുവടയ്ക്കും ബോണ്ടയ്ക്കും മറ്റുമായി ഉപയോഗിക്കുവാന്‍ തലേദിവസം ബാക്കി വന്ന എണ്ണ പ്ലാസ്റ്റിക് കുപ്പികളിലായി കരുതിവെച്ചിട്ടുണ്ട്. പാല് പാക്കറ്റിലെ പേര് നാട്ടിലൊന്നും കേട്ടുകേള്‍വിയില്ലാത്തതായിരുന്നു. ചോദിച്ചപ്പോള്‍ അത് കോയമ്പത്തൂരില്‍നിന്നും വന്നതാണെന്നും പറഞ്ഞു. കുടിവെളളം സൂക്ഷിച്ചിരിക്കുന്നത് വൃത്തിഹീനമായ പാത്രങ്ങളില്‍. കൈകഴുകുവാന്‍ ഒരു പ്ലാസ്റ്റിക് ബേസിനില്‍ കലങ്ങിയ വെള്ളം വച്ചിട്ടുണ്ട്. മേശ തുടയ്ക്കുന്ന തുണിയിലേക്കും മേശയിലേക്കും ഏതോ കീടനാശിനി തളിക്കുന്നു. ഈച്ചയെ അകറ്റാനാണത്രെ! മേശ തുടച്ച കൈകൊണ്ടുതന്നെ ഗ്ലാസ് മുക്കി കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. മഴക്കാലമായതിനാല്‍ കെട്ടിപ്പൊക്കിയ പ്ലാസ്റ്റിക് ഷീറ്റില്‍നിന്നും ഇതിനിടെ കാറ്റടിച്ചപ്പോള്‍ കെട്ടിനിന്ന മഴവെള്ളം ഭക്ഷണം ഉണ്ടാക്കുന്ന മേശയില്‍ വീഴുന്നു. കീടനാശിനിയുള്ള തുണികൊണ്ട് അത് തുടച്ചുമാറ്റുന്നു. ചായയ്ക്കായി നിന്ന പത്തുമിനിറ്റുകൊണ്ട് എന്റെ മനസ്സില്‍ പതിഞ്ഞ തട്ടുകടയയുടെ ചിത്രമാണിത്.
സംസ്ഥാനത്തെ തട്ടുകടകളുടെ ഏകദേശരൂപം ഇതുതന്നെയാണ്. ഇത്തരം തട്ടുകടകള്‍ കലൂര്‍ ബസ്സ്റ്റാന്റിലും എറണാകുളത്തെ മുക്കിലുംമൂലയിലും കാണാം. കട നടത്തുന്നവര്‍ക്ക് മേല്‍വിലാസമൊന്നുമില്ല. ഒരൊറ്റ കടയ്ക്കും ശരിയായ രീതിയില്‍ രജിസ്ട്രേഷനോ അംഗീകാരമോ ഇല്ലെന്ന് മാത്രമല്ല ഒട്ടുമിക്കവയും അനധികൃതമായി നടത്തുന്നവയുമാണ്. കൊച്ചി നഗരത്തിലെ കൊതുകുകള്‍ പറന്നിറങ്ങുന്നത് മിക്കവാറും അരണ്ട വെളിച്ചത്തില്‍ നടത്തുന്ന ഇത്തരം ഭക്ഷണശാലയിലെ ഭക്ഷ്യവസ്തുക്കളിലും വെള്ളത്തിലുമാണ്. തട്ടുകടകളുടെ ചുറ്റുപാടും വൃത്തിഹീനമായിട്ടാണിരിക്കുന്നത്. ഉപയോഗിക്കുന്ന ഇറച്ചിയും മീനും പച്ചക്കറികളുമെല്ലാം പലപ്പോഴും കേടുവന്നതാണെങ്കിലും ഉള്ളിയും രാസപദാര്‍ത്ഥങ്ങളും രുചിക്കൂട്ടുകളും ചേര്‍ത്ത് അരണ്ട വെളിച്ചത്തില്‍ വിതരണം ചെയ്താല്‍ ആര്‍ക്കും ഒന്നും മനസ്സിലാകില്ല. എല്ലാ തട്ടുകടകളിലും മോശം ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന് പറയാനാകില്ലെങ്കിലും രോഗങ്ങള്‍ പരത്തുന്നതില്‍ അഴുക്കുചാലിനരികിലും പൊടിപാറുന്ന റോഡരികിലും റോഡിലെ അഴുക്ക് ജലം തെറിച്ച് ഭക്ഷ്യവസ്തുക്കളില്‍ വീഴാവുന്ന സ്ഥലങ്ങളിലും നടത്തുന്ന തട്ടുകടകള്‍ക്ക് വലിയ പങ്കുണ്ട്. ഏതെങ്കിലും കടയില്‍നിന്നും ഭക്ഷ്യവസ്തു മൂലം വിഷബാധയുണ്ടായാല്‍ ഊരും പേരും അറിയാത്ത, നടത്തിപ്പുകാരനെക്കുറിച്ച് അധികാരികള്‍ക്കുപോലും അറിയാത്ത തട്ടുകടകള്‍ ,ഭക്ഷണശാലകള്‍ എന്നിവ ആരോഗ്യരംഗത്ത് നിരന്തരം ഭീഷണി തന്നെയാണ്. ഇത്തരം കടകളിലെ സഹായികള്‍ മിക്കവാറും അന്യദേശക്കാരുമാണ്. കഴിഞ്ഞ കുറെക്കാലമായി എറണാകുളത്തും പ്രാന്തപ്രദേശങ്ങളിലുമായി പഴകിയ ഭക്ഷ്യവസ്തുക്കള്‍ വിറ്റഴിച്ചത് പിടിച്ചെടുക്കപ്പെട്ട ഹോട്ടലുകള്‍ ഒന്നോ രണ്ടോ ദിവസത്തെ അവധിക്കുശേഷം പൂര്‍വാധികം ശക്തിയായി തിരിച്ചുവരവ് നടത്തിക്കഴിഞ്ഞു. സുനാമി ഇറച്ചിയും പഴകിയ ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്ത് ആരോഗ്യ വിഭാഗം പത്രങ്ങളില്‍ തലവാചകം പിടിച്ചെടുത്തതൊഴിച്ചാല്‍ പ്രതികള്‍ക്ക് എന്തുകൊണ്ട് കാര്യമായ ശിക്ഷയോ തടവോ ഒന്നും ലഭിക്കുന്നില്ലെന്നത് പഠനവിധേയമാക്കേണ്ടതാണ്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അഴിമതിക്ക് ഒരു മാര്‍ഗ്ഗമായിട്ടാണ് പലപ്പോഴും ഹോട്ടല്‍ പരിശോധന അധഃപതിക്കാറുള്ളത്. മായം ചേര്‍ത്ത ഭക്ഷ്യവസ്തുക്കളും പഴകിയ ആഹാര പദാര്‍ത്ഥങ്ങളും വില്‍പ്പന നടത്തുന്ന ഹോട്ടലുടമകള്‍ക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുക്കേണ്ടത്. ഇവരെ മാതൃകാപരമായി ശിക്ഷിക്കുകയും വേണം. എന്നാല്‍ പിടികൂടുന്നവര്‍ പുഷ്പം പോലെ ഫൈനടച്ച് വീണ്ടും കച്ചവടം തുടരുന്നു. കഴിഞ്ഞ നിരവധി തവണ കൊച്ചി നഗരത്തില്‍ എല്ലാ റെയ്ഡുകളിലും പിടിക്കപ്പെട്ടിട്ടുള്ള ഒരു ഹോട്ടല്‍ ഇന്നും വില്‍പ്പന നടത്തുന്നുവെന്നത് ഭയപ്പെടുത്തുന്ന സംഗതിയാണ്. അഡ്രസ്സുള്ള ഹോട്ടലുകളെ കേടുവന്ന ഭക്ഷണം വിറ്റതിന് പലതവണ പിടിച്ചിട്ടുപോലും ഒന്നും സംഭവിക്കുന്നില്ല. എന്നാല്‍ അഡ്രസില്ലാത്ത തട്ടുകടകള്‍ പഴകിയതും കേടു വന്നതും രാസപദാര്‍ത്ഥങ്ങളും മറ്റു മായങ്ങളും ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തി പിടിച്ചാല്‍ എന്തുചെയ്യാനാകും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യവിഭാഗവും ജീവനക്കാരില്ലെന്നും പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കളിലെ മായം സമയത്ത് തെളിയിക്കാനാകുന്നില്ലെന്നും തുടങ്ങി എന്നും നൂറുകണക്കിന് പരാതികളാണ് ഉന്നയിക്കുന്നത്. ഇനിയും കുറ്റമറ്റ രീതിയില്‍ ഭക്ഷ്യവസ്തുക്കളുടെ സുരക്ഷിതത്വത്തിന് നിയമനിര്‍മാണം നടത്തുവാനും നടപടി സ്വീകരിക്കുവാനും കഴിഞ്ഞില്ലെങ്കില്‍ ഈ മഴക്കാലത്ത് സംസ്ഥാനം രോഗാതുരമാകും.
പുറമെനിന്നും ലഭിക്കുന്ന ഭക്ഷ്യവസ്തുക്കളുടെയും ഏകദേശ രൂപമാണ് മുകളില്‍ വിവരിച്ചത്. മഴക്കാലങ്ങളില്‍ ഡെങ്കിപ്പിനി, ടൈഫോയ്ഡ്, ഭക്ഷ്യവിഷബാധ, കോളറ, ചുമയും പനിയും ജലദോഷവും മറ്റ് ജലജന്യരോഗങ്ങള്‍, മലേറിയ, ഹെപ്പറ്റൈറ്റിസ് തുടങ്ങിയവയ്ക്ക് പുറമെ ബാക്ടീരിയ പരത്തുന്ന ലെപ്റ്റോസ്പൈറോസിസ് എന്ന അസുഖവും കൂടുതലായി കണ്ടുവരുന്നു. കിഡ്നി, ലിവര്‍, തലച്ചോറ്, ശ്വാസകോശം എന്നിവയെ ബാധിക്കുന്നു എന്നതാണ് ലെപ്റ്റോസ്പൈറോസിസ് കൊണ്ടുള്ള അപകടം. ഛര്‍ദ്ദി-അതിസാരവും മറ്റു രോഗങ്ങളും വൃത്തിഹീനമായ ചുറ്റുപാടില്‍നിന്നും ഭക്ഷണം കഴിക്കുന്നതുകൊണ്ടുണ്ടാകുന്നതാണ്.
റോഡരികിലെ ഭക്ഷണത്തിന് ഉപയോഗിക്കുന്ന പച്ചക്കറികളും വെള്ളവും ശുദ്ധമാകണമെന്നില്ല. കുടിക്കുവാന്‍ ലഭിക്കുന്ന ജലം തിളപ്പിച്ച് ആറ്റിയതാകണമെന്നില്ല. കൊതുക് പരത്തുന്ന മലേറിയയും അഴുക്കുള്ള ജലം കുടിക്കുന്നതുമൂലം ഉണ്ടാകുന്ന ടൈഫോയിഡും കോളറയും പുറമെനിന്ന് ഭക്ഷിക്കുന്നതുമൂലം ഉണ്ടാകുന്ന മാരക രോഗങ്ങളാണ്. സുനാമി ഇറച്ചിയില്‍ ബാക്ടീരിയ വൈറസ്, ഫംഗസ് തുടങ്ങി രോഗങ്ങള്‍ പരത്തുന്ന സൂക്ഷ്മാണുക്കള്‍ നിറഞ്ഞതാണ്. പഴകിയ ഇറച്ചിയിലൂടെ മനുഷ്യശരീരത്തിലെത്തുന്ന സൂക്ഷ്മാണുക്കളുടെ സ്പോറുകളും ഭാഗങ്ങളും ഏത് അവസ്ഥയിലും ജീവിക്കുന്നവയാണ്. ഹെപ്പറ്റൈറ്റിസ് എ എന്ന രോഗം ഈച്ചകളാണ് പരത്തുന്നത്. തുറന്നുവയ്ക്കുന്ന ആഹാരപദാര്‍ത്ഥങ്ങളിലൂടെയും പഞ്ചസാരയിലൂടെയും ഈ രോഗം വഴിവക്കിലെ ഭക്ഷണശാലകള്‍ വഴി നമുക്ക് ലഭിക്കാവുന്നതാണ്. ഇതുകൂടാതെ വിലക്കുറവില്‍ ഭക്ഷണം നല്കുവാനായി വില കുറഞ്ഞ അസംസ്കൃത ഭക്ഷ്യ വസ്തുക്കള്‍, എണ്ണകള്‍ എന്നിവ വാങ്ങിക്കൂട്ടുന്ന വഴിവക്കിലെ ഭക്ഷണശാലകളില്‍നിന്ന് ലഭിക്കുന്ന ഭക്ഷ്യവസ്തുക്കളുടെയും നിലവാരം വളരെ കുറവായിരിക്കും.
സംസ്ഥാനത്തെത്തുന്ന ഭക്ഷ്യ എണ്ണയില്‍ വന്‍തോതില്‍ മായം ചേര്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തില്‍ വിതരണം ചെയ്യുന്ന 70 ശതമാനം പാലും പാല് ഉല്‍പ്പന്നങ്ങളും നിലവാരം കുറഞ്ഞതാണെന്ന് ആരോഗ്യമന്ത്രി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. പാലില്‍ യൂറിയ, സ്റ്റാര്‍ച്ച്, ഗ്ലൂക്കോസ്, ഫോര്‍മലിന്‍ എന്നിവ പാല് കട്ടി കൂട്ടുവാന്‍ ചേര്‍ക്കുന്നതായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. രോഗം പരത്തുവാന്‍ സാധ്യത ഏറെയാണ്. കുരുമുളക് പൊടിയില്‍ നിറം ചേര്‍ത്ത ചുവന്ന ലെഡ്, അച്ചാറുകളില്‍ ചെമ്പ് ലവണങ്ങള്‍, ചൊറുക്കയില്‍ സള്‍ഫ്യൂറിക് ആസിഡ്, ബേക്കറി പലഹാരങ്ങളില്‍ വെര്മ്മലിയോണ്, കോപ്പര്‍ അസെറ്റേറ്റ്, ചുവന്ന ലെഡ്, കോപ്പര്‍ ആര്സിനേറ്റ്, കസ്റ്റാഡ് പൊടിയില്‍ ലെഡ്ക്രോമേറ്റ്, കാപ്പിപ്പൊടിയില്‍ കരിച്ച പഞ്ചസാരയും ചിക്കറിയും ചായപ്പൊടിയില്‍ ഉണക്കിപ്പൊടിച്ച മറ്റിലകളും ചേര്‍ക്കുന്നതായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. വയറിന് ദോഷം വരുത്തുന്ന ഇത്തരം മായം ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ പുറമെ നിന്നും ഭക്ഷണം കഴിക്കുമ്പോള്‍ നമ്മുടെ ശരീരത്തിലെത്തുവാന്‍ ഏറെ സാധ്യതയുണ്ട്. മഴക്കാലത്ത് രോഗം പിടിപെടുവാന്‍ കൂടുതല്‍ സാധ്യതയുള്ളതിനാലാണ് പുറമെനിന്നുള്ള ഭക്ഷണം ഒഴിവാക്കുവാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. മഴക്കാലത്ത് സന്ധ്യാ സമയത്തെ കൊതുകുകടി കൊള്ളുന്നത് ഒഴിവാക്കുക. മഴ നനയാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക. തണുത്ത ഭക്ഷണവും പാനീയങ്ങളും മഴക്കാലത്ത് പുറമെനിന്ന് കഴിക്കുന്നത് ഒഴിവാക്കുക. കഴിവതും ചൂടുള്ള ഭക്ഷണം കഴിക്കുവാന്‍ ശ്രദ്ധിക്കുക. ആസ്മയും പ്രമേഹവും ഉള്ളവരാണെങ്കില്‍ മഴക്കാലങ്ങളില്‍ ചൂടുള്ള മുറികളില്‍ കഴിയുവാന്‍ ശ്രദ്ധിക്കുക. ഒരു കാരണവശാലും നനഞ്ഞ ഭിത്തിയും നനഞ്ഞ വസ്ത്രങ്ങള്‍ ഉണങ്ങാനിട്ടതുമായ മുറികളില്‍ ഉറങ്ങരുത്. ഇത് രോഗകാരികളായ പൂപ്പലുകളുടെ വളര്‍ച്ചയ്ക്ക് കാരണമാക്കും. ഇത് രോഗം കൂടുവാന്‍ ഇടവരുത്തും.
ഇതിനോടകം തന്നെ കേരളത്തിലെ ആശുപത്രികളില്‍ ആയിരക്കണക്കിന് രോഗികള്‍ മഴക്കാല രോഗങ്ങളുമായി ബന്ധപ്പെട്ടു ചികിത്സ തേടി വരുന്നുണ്ട്. അതില്‍ ചിക്കുന്‍ ഗുനിയയും മഞ്ഞപ്പിത്തവും വയറിളക്കവും വയറുവേദനയും പിടിപെട്ടവരാണ് അധികവുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ രോഗങ്ങളെല്ലാം ഭക്ഷണവും വെള്ളവുമായി ബന്ധപ്പെട്ടതാണെന്നതാണ് സത്യം. ഇതില്‍ ചുവന്ന കണ്ണും വയറുവേദനയും വയറിളക്കവും മഞ്ഞപ്പിത്തവും ഒരുമിച്ചുവരുന്ന ബാക്ടീരിയ പരത്തുന്ന ലെപ്റ്റോ സ്പൈറോസിസും ഉണ്ടെന്നത് കേരളീയരുടെ ഭക്ഷണ സ്വഭാവത്തിലുള്ള മാറ്റത്തെ സൂചിപ്പിക്കുന്നു. മിക്കവാറും പുറമെനിന്നുള്ള ഭക്ഷണമാണ് ഏറെ പേരും ഇഷ്ടപ്പെടുന്നത്. എന്നാല്‍ നിയമവിരുദ്ധമായും നിലവാരമില്ലാതെയും അനധികൃതമായും നടത്തുന്ന വഴിയരികിലെ ഭക്ഷണ കടകള്‍ ആരോഗ്യഭീഷണി സൃഷ്ടിക്കുന്നുണ്ടെന്ന തിരിച്ചറിവ് ഇനിയും മലയാളിക്ക് ഉണ്ടായിട്ടില്ല.
ഹോട്ടലുകളിലെ ജീവനക്കാരായ അന്യസംസ്ഥാന തൊഴിലാളികളുടെ വൃത്തിക്കുറവും അറിവില്ലായ്മയും മഴക്കാലരോഗങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് അടുത്തകാല റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. മുഷിഞ്ഞ വസ്ത്രങ്ങളും ശരീരശുദ്ധി വരുത്താത്തതും സ്വകാര്യജീവിതത്തിലെ വൃത്തിയില്ലായ്മയും വിദ്യാഭ്യാസ കുറവും ശാരീരിക അസുഖങ്ങളും മറ്റും അന്യസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഹോട്ടലുകളിലെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരത്തെ പോലും ബാധിക്കുന്നുണ്ടത്രെ! പുകവലി, മദ്യപാനം, കുളിക്കാതിരിക്കുക തുടങ്ങി പല സ്വഭാവവൈകല്യങ്ങളും അവര്‍ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളില്‍ രോഗാണുക്കളുടെ സാന്നിദ്ധ്യം വര്‍ധിപ്പിക്കുന്നു. പുറമെനിന്ന് ലഭിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ പ്രമേഹം, ഹൃദ്രോഗം, പൊണ്ണത്തടി, രക്തസമ്മര്‍ദ്ദം, തളര്‍വാതം, വൃക്ക തകരാറ് എന്നീ അസുഖങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് പല പഠനങ്ങളും പറയുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ രോഗസാധ്യതയുള്ള മഴക്കാലത്ത്, പുറമെനിന്നുള്ള ആഹാരം ഒഴിവാക്കുന്നതാണ് നല്ലത്. ജനങ്ങള്‍ക്ക് മായമില്ലാത്തതും രോഗകാരികളായ അണുക്കളില്ലാത്തതും വൃത്തിയുള്ളതുമായ ഭക്ഷണം ലഭ്യമാക്കുവാനുള്ള കടമ സര്‍ക്കാരിനുണ്ട്. മായം ചേര്‍ക്കുന്നതിനുള്ള ശിക്ഷയും രാസവിഷങ്ങള്‍ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ചേര്‍ക്കുന്നതിനും കൂടുതല്‍ കാലം തടവുശിക്ഷ ലഭ്യമാക്കുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യണം.
ഡോ. സി.എം. ജോയ്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: