ക്യുയൈബ: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ആഫ്രിക്കന്‍ കരുത്തരായ നൈജീരിയക്ക് ലോകകപ്പ് മത്സരങ്ങളില്‍ ഒരു വിജയം. ഗ്രൂപ്പ് എഫില്‍ ഇന്നലെ നടന്ന നിര്‍ണായക മത്സരത്തില്‍ ബോസ്നിയയെയാണ് നൈജീരിയ തോല്‍പ്പിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു നൈജീരിയയുടെ വിജയം.
29-ാം മിനിറ്റില്‍ പീറ്റര്‍ ഒഡെംവിംഗിയാണ് നൈജീരിയയുടെ വിജയഗോള്‍ നേടിയത്. 16 വര്‍ഷത്തിനുശേഷമാണ് നൈജീരിയ ലോകകപ്പില്‍ ഒരു മത്സരം വിജയിക്കുന്നത്. വിജയത്തോടെ നൈജീരിയ പ്രീ ക്വാര്‍ട്ടര്‍ സാധ്യത വര്‍ധിപ്പിച്ചു. രണ്ട് മത്സരങ്ങളും ജയിച്ച അര്‍ജന്റീനയാണ് ഈ ഗ്രൂപ്പില്‍ നിന്ന് നോക്കൗട്ട് യോഗ്യത നേടിയിട്ടുള്ളത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ അര്‍ജന്റീനയാണ് നൈജീരിയയുടെ എതിരാളികള്‍. ഈ മത്സരത്തില്‍ ഒരു സമനില മാത്രം മതി ഇപ്പോള്‍ നാല് പോയിന്റുള്ള നോക്കൗട്ട് റൗണ്ടില്‍ സ്ഥാനം പിടിക്കാന്‍. അതേസമയം ബോസ്നിയ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയും ചെയ്തു. അവസാന മത്സരത്തില്‍ ഇറാനാണ് ബോസ്നിയയുടെ എതിരാളികള്‍. ഈ മത്സരത്തില്‍ ഇറാന് വിജയിച്ചാല്‍ ഗോള്‍ ആവറേജായിരിക്കും നോക്കൗട്ട് റൗണ്ടിലേക്കുള്ള രണ്ടാമത്തെ ടീമിനെ തിരുമാനിക്കുന്നത്.
മത്സരത്തിന്റെ 60 ശതമാനം പന്ത് കൈവശം വെച്ചിട്ടും ഗോളിനോട് ചേര്‍ന്നുള്ള 18 ഷോട്ടുകളും ഗോളിലേക്കുള്ള 10 ഷോട്ടുകളും ഉതിര്‍ത്തിട്ടും ബോസ്നിയക്ക് ഗോള്‍ മാത്രം നേടാനായില്ല. അര്‍ജന്റീനയെ വിറപ്പിച്ച പ്രകടനം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും നൈജീരിയക്കെതിരായ മത്സരത്തില്‍ വ്യക്തമായ മേധാവിത്വം ബോസ്നിയക്കായിരുന്നു. കൂടുതല്‍ നേരം പന്ത് കൈവശം വയ്ക്കാന്‍ കഴിഞ്ഞവര്‍ക്ക് ഭാഗ്യക്കേടും റഫറിയുടെ നോട്ടപ്പിശകുമാണ് തോല്‍വി സമ്മാനിച്ചത്.
ഏതാണ്ട് തുല്ല്യശക്തികളെപ്പോലെ ഒരുപോലെ ആക്രമണ പ്രത്യാക്രമണങ്ങള്‍ നടത്തിയാണ് ഇരു ടീമുകളും കളിച്ചത്. എമെനിഗെയായിരുന്നു നൈജീരിയന്‍ ആക്രമണത്തെ നയിച്ചതെങ്കില്‍ എഡിന് സെക്കോ എന്ന മാഞ്ചസ്റ്റര്‍ സിറ്റിതാരമായിരുന്നു ബോസ്നിയയുടെ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ആ വിശ്വാസം കാത്തുസൂക്ഷിച്ച സെക്കോ നിരവധി തവണ നൈജീരിയന്‍ പ്രതിരോധത്തെ കീറിമുറിക്കുകയും ചെയ്തു. എന്നാല്‍ ഗോളടിച്ചാലേ വിജയിക്കാന്‍ കഴിയൂ എന്ന തത്ത്വം സഹതാരങ്ങള്‍ മറന്നതും അവര്‍ക്ക് തിരിച്ചടിയായി.
21-ാം മിനിറ്റില്‍ ഉജ്ജ്വലമായൊരു നീക്കത്തിനൊടുവില്‍ സ്ട്രൈക്കര്‍ എഡിന് സെക്കോ നൈജീരിയന്‍ വല ചലിപ്പിച്ചെങ്കിലും റഫറി ഓഫ് സൈഡെന്ന് വിധിയെഴുതി അത് അനുവദിച്ചില്ല. എന്നാല്‍ പിന്നീട് ടെലിവിഷന്‍ റീ പ്ലേകളില്‍ റഫറിയുടെ തീരുമാനം തെറ്റാണെന്ന് വ്യക്തമായി.
എന്നാല്‍ ഇതിലും ക്രൂരമായിരുന്നു അവര്‍ക്ക് വഴങ്ങേണ്ടിവന്ന ഗോള്‍. 29-ാം മിനിറ്റില്‍ വലതു വിംഗില്‍ നിന്ന് എമെനികെ തള്ളിക്കൊണ്ടുവന്ന് ബോക്സിലേയ്ക്ക് കൊടുത്ത പന്ത് ഗോളി ബെഗോവിച്ചിന്റെ കാലിന്റെ അടിയിലൂടെയാണ് പീറ്റര്‍ ഒഡെംവിംഗി വലയിലേയ്ക്ക് പായിച്ചത്. എന്നാല്‍, ഡിഫന്‍ഡര്‍ സ്പാഹിച്ചിനെ പിടിച്ചുവലിച്ച് നിലത്തിട്ടുകൊണ്ടാണ് എമെനിഗെ ബോക്സിലേയ്ക്കെത്തി ഒഡെംവിംഗിക്ക് പന്ത് കൈമാറിയത്. റഫറി ഫൗള്‍ വിളിക്കുന്നതും കാത്ത് സ്പാഹിച്ച് നിലത്തു തന്നെ കിടപ്പായിരുന്നു. എന്നാല്‍ റഫറി കണ്ണടച്ചതോടെ ബോസ്നിയയുടെ വിധിയെഴുതിയ ഗോള്‍ വലയിലാവുകയും ചെയ്തു. ഇതിന് തൊട്ടുമുമ്പ് സെക്കോമറ്റൊരു മികച്ച മുന്നേറ്റത്തിലൂടെ നൈജീരിയയെ വിറപ്പിച്ചു. മനോഹരമായ ഡ്രിബിളിങ്ങിനുശേഷം സെക്കോ തൊടുത്ത ഷോട്ട് കഷ്ടിച്ചാണ് എന്യേമ പിടിച്ചത്. 28-ാം മിനിറ്റില്‍ പിജാനിക്ക് കരുത്തുറ്റ ഒരു ഷോട്ട് പായിച്ചെങ്കിലും എന്യേമയെ മറികടക്കാന്‍ കഴിഞ്ഞില്ല. അപ്രതീക്ഷിതമായ ഗോള്‍ കുടുങ്ങിയിട്ടും നൈജീരിയന്‍ ബോക്സിലേക്ക് തുടര്‍ച്ചയായി ആക്രമണം അഴിച്ചുവിടാന്‍ ബോസ്നിയക്കായി. 33-ാം മിനിറ്റില്‍ മെദ്യുന്യാനിന് കോരിയിട്ടുകൊടുത്ത പന്ത് കഷ്ടിച്ചാണ് സെക്കോയുടെ തല ഒഴിഞ്ഞുപോയത്. പിന്നീട് 45-ാം മിനിറ്റിലും സെക്കോയ്ക്ക് മനോഹരമായ ഒരു അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. പിയാനിച്ച് നല്കിയ ത്രൂപാസ് പിടിച്ചെടുത്ത് വലയിലേക്ക് കരുത്തുറ്റ ഷോട്ട് ഉതിര്‍ക്കുന്നതില്‍ സെക്കോയ്ക്ക് പിഴച്ചു. ഇതോടെ ആദ്യ പകുതി 1-1ന് സമനിലയില്‍ കലാശിച്ചു.
രണ്ടാം പകുതിയിലും ഇരുടീമുകളും മികച്ച കളി കാഴ്ചവെച്ചെങ്കിലും നേരിയ മുന്‍തൂക്കം ആഫ്രിക്കന്‍ കഴുകന്മാര്ക്കായിരുന്നു. നിരവധി അവസരങ്ങളാണ് അവര്‍ തുറന്നെടുത്തത്. എമെനിഗെയും മുസയും ഒഡെംവിംഗിയും ബോസ്നിയന്‍ ബോക്സില്‍ സദാ അപകടം വിതച്ചുകൊണ്ടിരുന്നു. ഇവരെ പിടിച്ചുകെട്ടുന്നതില്‍ ബോസ്നിയന്‍ പ്രതിരോധം പലപ്പോഴും പരാജയപ്പെടുകയും ചെയ്തു. ഗോളി ബെഗോവിച്ചിന്റെ പ്രകടനമാണ് ബോസ്നിയയയെ കൂടുതല്‍ ഗോള്‍ വഴങ്ങുന്നതില്‍ നിന്നും രക്ഷിച്ചത്. 55-ാം മിനിറ്റില്‍ ബാബാ തുണ്ടെയുടെ ഷോട്ടും 61-ാം മിനിറ്റില്‍ എമെനിഗെയുടെയും പിന്നീട് റീബൗണ്ട് പിടിച്ചെടുത്ത ബാബാ തുണ്ടെയുടെയും ഷോട്ടുകളില്‍ നിന്ന് സ്വന്തം വല കാക്കാന്‍ ശരിക്കും കൈയ് മെയ് മറന്ന് അധ്വാനിക്കേണ്ടിവന്നു ബോസ്നിയന്‍ കീപ്പര്‍ക്ക്. 66-ാം മിനിറ്റി ബോസ്നിയന്‍ പ്രതിരോധക്കോട്ട തകര്‍ത്ത് അകത്തു കയറി എമെനിഗെ തൊടുത്ത ഷോട്ട് ഗോളി കോര്‍ണറിനു വഴങ്ങിയാണ് രക്ഷപ്പെടുത്തിയത്. 81-ാം മിനിറ്റിലാണ് ബെഗോവിച്ച് കളിയിലെ ഏറ്റവും മികച്ച സേവ് നടത്തിയത്. ഒനാസിയ ബോക്സിന് പുറത്തുനിന്ന് പറത്തിയ ബുള്ളറ്റ് ഷോട്ട് അതിസാഹസികമായാണ് ബോസ്നിയ ഗോളി കുത്തിയകറ്റിയത്. പിന്നീട് ഇഞ്ച്വറി സമയത്ത് ബോസ്നിയ വീണ്ടും സമനിലക്ക് അടുത്തെത്തിയെങ്കിലും നൈജീരിയന്‍ ഗോളിയെ കീഴ്പ്പെടുത്താനായില്ല. കളി അവസാനിക്കാന്‍ 30 സെക്കന്‍ഡ് മാത്രമുള്ളപ്പോള്‍ പോസ്റ്റിന് തൊട്ടു മുന്നില്‍ വച്ച് സെക്കോ തൊടുത്ത ഒരു ഷോട്ട് നൈജീരിയന്‍ ഗോളി എന്യേമ അത്യുഗ്രമായി രക്ഷപ്പെടുത്തുകയും ചെയ്തതോടെയാണ് ബോസ്നിയക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്. ഇതിന് തൊട്ടുമുന്‍പ് മിറാലെം പാനിക്കിന്റെ ക്രോസ് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ എഡിന് സെക്കോ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും അതും നൈജീരിയന്‍ ഗോളി ഉജ്ജ്വലമായി രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ റഫറിയുടെ ഫൈനല്‍ വിസിലും മുഴങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: