ഇടുക്കി: രണ്ടു ദിവസമായി ഇടമുറിയാതെ പെയ്യുന്ന കനത്ത മഴയില്‍ ഇടുക്കി ജില്ലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. അടിമാലി, ചെറുതോണി എന്നീ പ്രദേശങ്ങളിലാണ് നാശനഷ്ടങ്ങള്‍ ഏറെ സംഭവിച്ചത്.
കീരിത്തോട്ടിലുണ്ടായ ഉരുള്‍ പൊട്ടലിലും മണ്ണിടിച്ചിലിലും രണ്ട് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഒരു വീട് ഭാഗികമായി തകര്‍ന്നിട്ടുണ്ട്. പലയിടത്തും റോഡുകളില്‍ മണ്ണിടിഞ്ഞ് വീണതിനെത്തുടര്‍ന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. കീരിത്തോട് പകുതിപ്പാലം പുഴക്കരയില്‍ മാധവന്, തദ്ദേശവാസിയായ ത്രേസ്യാമ്മ എന്നിവരുടെ വീടുകളാണ് പൂര്‍ണ്ണമായും തകര്‍ന്നത്. ഇവരുടെ അയല്‍വാസിയായ ഷാജിയുടെ വീട് മണ്ണിടിച്ചിലില്‍ ഭാഗികമായി തകര്‍ന്നു. തോട്ടത്തില്‍ ഓമന, അരിപ്പറമ്പില്‍ തോമസ് എന്നിവരുടെ വീടിനുള്ളിലേയ്ക്ക് മണ്ണും, കല്ലും ഒഴുകി കയറി നാശനഷ്ടങ്ങള്‍ ഉണ്ടായി. കഞ്ഞിക്കുഴി കാതറിന്റെ വീടിനോട് ചേര്‍ന്നുണ്ടായ ഉരുള്‍ പൊട്ടലില്‍ കൃഷിയിടം ഒലിച്ചു പോയി. ചെറുതോണിയില്‍ ആദ്യം മണ്ണൊലിച്ച് വന്നത് ശ്രദ്ധയില്‍പ്പെട്ട കുടുംബാഗങ്ങള്‍ പ്രായാധിക്യത്താല്‍ കിടന്ന പുഴക്കര മാധവനെ എടുത്തുകൊണ്ട് ഓടി മാറിയതിനു പിന്നാലെയാണ് വന്‍ ഉരുള്‍ പൊട്ടലില്‍ വീടിന്റെ ഒരു ഭാഗം ഒലിച്ചുപോയത്. തലനാരിഴയ്ക്കാണ് ഇവിടെ വന്‍ ദുരന്തം ഒഴിവായത്. നേര്യമംഗലം-കട്ടപ്പന സംസ്ഥാന പാതയില്‍ അഞ്ച് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ മഴയെത്തുടര്‍ന്ന് കല്ലാര്‍കുട്ടി ഡാം ഇന്നലെ ഉച്ചയോടെ തുറന്ന് വിട്ടു. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്കി.
ഇടുക്കി കല്ലാര്‍കുട്ടി ഡാം പരിസരത്ത് മണ്ണിടിഞ്ഞ് വീണ് നാശനഷ്ടമുണ്ടായി. ഇവിടെ അഞ്ചിടത്ത് മണ്ണിടിച്ചില്‍ ഉണ്ടായി. എട്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് പലേടത്തും റോഡ് ഗതാഗതവും താറുമാറായി. ഇടുക്കി- കല്ലാര്‍കുട്ടി റോഡില്‍ പനങ്കുട്ടി പവര്‍ ഹൗസിന്റെ വാല്‍വ് കടന്ന് പോകുന്ന റോഡിലാണ് ആദ്യം മണ്ണിടിച്ചിലുണ്ടായത്. ഇതേത്തുടര്‍ന്ന് പനങ്കുട്ടി റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. പവ്വര്‍ ഹൗസിന് സമീപം താമസിക്കുന്ന താരാടിയില് ചെല്ലമ്മയുടെ വീട് മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും ഭാഗികമായി തകര്‍ന്നു. പുന്നാനിക്കാട് കുമാരന്റെ വീടിനും കേടുപാട് സംഭവിച്ചിട്ടുണ്ട്.
കടുക്കാസിറ്റിയില്‍ ആയിരംഏക്കര്‍ റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തണ്ണിക്കോട്ട് ആലീസ്, മടത്തിങ്കപ്പറമ്പില് ജോയി, സൗത്ത് ശല്യാമ്പാറ റ്റി.എന്‍ സജീവന്, കൂമ്പന്‍പാറ സ്വദേശി വര്‍ഗീസ്, ചാറ്റുപാറ രാജന്, അടിമാലി എസ്എന്‍ഡിപി പടിയില്‍ മേനോത്ത് മോഹന്‍, എന്നിവരുടെ വീടും ഭാഗികമായി തകര്‍ന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: