സാല്‍വദോര്‍: സൂപ്പര്‍താരങ്ങളുടെ അഭാവത്തില്‍ ഫ്രാന്‍സിന് ഇത്തവണത്തെ ബ്രസീല്‍ ലോകകപ്പില്‍ കാര്യമായൊന്നും ചെയ്യാന്‍ കഴിയില്ലെന്ന പ്രവചനം കാറ്റില്‍പ്പറന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോള്‍ മഴ പെയ്യിച്ച് മുന്‍ ലോകചാമ്പ്യന്മാരായ ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തു. രണ്ടാം മത്സരത്തില്‍ സ്വിറ്റ്സര്‍ലന്റിന്റെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഫ്രഞ്ച് പട തകര്‍ത്തുവിട്ടത്. ആദ്യ മത്സരത്തില്‍ ഹോണ്ടുറാസിനെ 3-0നും ഫ്രാന്‍സ് തകര്‍ത്തിരുന്നു. ഫ്രാങ്ക് റിബറി ലോകകപ്പ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് പരിക്കേറ്റ് പുറത്തുപോവുകയും മറ്റൊരു സൂപ്പര്‍താരമായ സമിര്‍ നസ്റിയെ ടീമിലെടുക്കാതിരിക്കുകയും ചെയ്തതോടെ ഫ്രഞ്ച് പട കൊമ്പൊടിഞ്ഞ വമ്പന്മരായിത്തീര്ന്നത്. എന്നാല്‍ ഒളിവര്‍ ഗിറൗഡിന്റെയും കരിം ബെന്‍സേമയുടെയും പാട്രിക് എവ്റയുടെയും കരുത്തില്‍ ഫ്രഞ്ച് പട ആഞ്ഞടിച്ചതോടെ എതിരാളികള്‍ അന്തംവിടുന്നതാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കണ്ടത്.
രണ്ട് മത്സരങ്ങളില്‍ നിന്നായി എട്ട് ഗോളുകള്‍ നേടിയ ഫ്രാന്‍സ് വഴങ്ങിയത് രണ്ടെണ്ണം മാത്രം. സ്വിറ്റ്സര്‍ലന്റിനെതിരെ 5-0ന് മുന്നിട്ടുനിന്നശേഷമാണ് രണ്ടെണ്ണം വഴങ്ങിയത്. 17-ാം മിനിറ്റില്‍ ഗിറൗഡ്, 18-ാം മിനിറ്റില്‍ മാറ്റ്യൂഡി, 40-ാം മിനിറ്റില്‍ വാല്‍ബ്യൂന, 67-ാം മിനിറ്റില്‍ കരിം ബെന്‍സേമ, 73-ാം മിനിറ്റില്‍ സിസ്സോകോ എന്നിവരാണ് സ്വിറ്റ്സര്‍ലന്റിനെതിരെ ഗോളുകള്‍ നേടിയത്. ബെന്‍സേമയുടെ ഒരു പെനാല്‍റ്റി കിക്ക് സ്വിസ് ഗോളി തടയുകയും മറ്റൊരിക്കല്‍ വലയില്‍ പന്തെത്തിച്ചിട്ടും ഗോള്‍ അനുവദിക്കാതിരിക്കുകയും ചെയ്തതാണ് ഫ്രാന്‍സ് അഞ്ച് ഗോളില്‍ ഒതുങ്ങാന്‍ കാരണമായത്. റഫറി ഫൈനല്‍ വിസില്‍ മുഴക്കിയശേഷമാണ് ബെന്‍സേമ പന്ത് വലയിലെത്തിച്ചത് എന്ന കാരണത്താലാണ് റഫറി ഗോള്‍ അനുവദിക്കാതിരുന്നത്. 32-ാം മിനിറ്റില്‍ ദ്യോറു ബെന്മേസമയെ ബോക്സിനുള്ളില്‍ അനാവശ്യമായി ഫൗള്‍ ചെയ്തതിന് വീണുകിട്ടിയ ഒരു പെനാല്‍റ്റിയാണ് താരം തുലച്ചു കളഞ്ഞത്. കിക്കെടുത്ത ബെന്‍സേമയുടെ ഷോട്ട് നേരെ ഗോളിയുടെ കയ്യിലേക്കായിരുന്നു.
2006-ലെ ലോകകപ്പില്‍ ഫൈനലില്‍ പരാജയപ്പെട്ട ഫ്രഞ്ച് പട കഴിഞ്ഞ ലോകകപ്പില്‍ ഒരു മത്സരം പോലും ജയിക്കാന്‍ കഴിയാതെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ നാണം കെട്ട് പുറത്തായിരുന്നു. ഈ നാണക്കേടിനുള്ള പരിഹാരം കൂടിയായി ഇത്തവണത്തെ നോക്കൗട്ട് പ്രവേശനം.
പോഗ്ബയ്ക്ക് പകരം സിസ്സോകോയെ വലതു മിഡ്ഫീല്‍ഡില്‍ കളിപ്പിച്ചത് അവരുടെ മുന്നേറ്റത്തിന്റെ വേഗത കൂട്ടി. കൂടുതല്‍ മെച്ചപ്പെട്ട, ലക്ഷ്യബോധത്തോടെയുള്ള പ്രത്യാക്രമണങ്ങള്‍ കരുപ്പിടിപ്പിക്കാന്‍ അതവരെ സഹായിച്ചു. ഇവര്‍ ഒരു തിരമാല കണക്ക് ആര്‍ത്തലച്ചു വരുന്നത് തടയാന്‍ സ്വിറ്റ്സര്‍ലന്റിന് കഴിഞ്ഞതുമില്ല.
മത്സരത്തില്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയ ഫ്രഞ്ച് പടയുടെ അപകടകരമായ എല്ലാ നീക്കങ്ങള്‍ക്ക് പിന്നിലും ബെന്‍സേമയുടെ ഒരു സ്പര്‍ശമുണ്ടായിരുന്നു. ഗോളായ എല്ലാ നീക്കങ്ങളും തുടങ്ങിയത് ബെന്‍സെമയുടെ ബൂട്ടില്‍ നിന്നു തന്നെ. എന്നാല്‍ ഒരാള്‍ ഒറ്റക്ക് കളിച്ചാലല്ല ടീമായി കളിച്ചാലേ വിജയിക്കാന്‍ കഴിയൂ എന്ന തത്ത്വവും ഫ്രാന്‍സ് സ്വിറ്റ്സര്ലന്റിന്റെതിരെ നടപ്പിലാക്കി. അഞ്ചു ഗോളും അഞ്ചാളുടെ പേരില്‍ കുറിക്കപ്പെട്ടതുതന്നെയാണ് ടീമിന്റെ വിജയരഹസ്യവും. പ്രതിരോധനിരയില്‍ നിന്ന് മധ്യനിരയിലേക്കും തുടര്‍ന്ന് മുന്നേറ്റനിരയിലേക്കും പന്ത് എത്തിക്കുന്നതില്‍ ടീം ഒന്നടങ്കം ഒരുപോലെ അധ്വാനിച്ചു. മത്സരത്തിലുടനീളം ഒരേ താളത്തിലും വേഗത്തിലുമാണ് അവരുടെ മുന്നേറ്റങ്ങളത്രയും നടന്നത്. എന്തായാലും ഒരു കാര്യം ഉറപ്പാണ്, ഇതേ പ്രകടനം അടുത്ത മത്സരങ്ങളില്‍ കാഴ്ചവെച്ചാല്‍ ഇത്തവണ ഫ്രഞ്ച് പടയെ തടഞ്ഞുനിര്‍ത്താന്‍ എതിരാളികള്‍ക്ക് അത്യധ്വാനം ചെയ്യേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: