കൊച്ചി: വിശ്വഹിന്ദുപരിഷത്തിന്റെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായിരുന്ന കാലടി മണികണ്ഠന്, ടി.എം. നാരായണന് നായര്‍ എന്നിവരുടെ അനുസ്മരണയോഗം കലൂര്‍ പാവക്കുളം ഹിന്ദു സാംസ്ക്കാരിക കേന്ദ്രത്തില്‍ നടന്നു. വിഎച്ച്പി കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഇന്നുകാണുന്ന തരത്തിലേക്ക് എത്തിക്കുന്നതില്‍ ഈ രണ്ട് മുന്‍ ജനറല്‍ സെക്രട്ടറിമാരുടെ പങ്ക് ഒരിക്കലും വിസ്മരിക്കാവുന്നതല്ലെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച വിഎച്ച്പി അഖിലഭാരതീയ ഉപാധ്യക്ഷന്‍ കെ.വി. മദനന് അഭിപ്രായപ്പെട്ടു. നിസ്വാര്‍ത്ഥവും ത്യാഗസമ്പൂര്‍ണവുമായ പ്രവര്‍ത്തനം കാഴ്ചവെച്ച കാര്യകര്‍ത്താക്കളായിരുന്നു ദിവംഗതരായ രണ്ടുപേരുമെന്ന് ആര്‍എസ്എസ് അഖിലഭാരതീയ സീമാജാഗരണ്‍ സഹസംയോജക് എ. ഗോപാലകൃഷ്ണന് അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് പറഞ്ഞു.
തികഞ്ഞ കൃത്യനിഷ്ഠയുള്ളവരും സംഘടനാ വിഷയങ്ങളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരുമായിരുന്നു ഇരുവരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിഎച്ച്പി അഖിലഭാരതീയ ജോയിന്റ് സെക്രട്ടറി കാശി വിശ്വനാഥന്, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്, വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി. മോഹനന്, ഭാരതീയ വികാസ് പരിഷത്ത് കണ്‍വീനര്‍ ഹരിഹര കുമാര്‍, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി കാ.ഭാ. സുരേന്ദ്രന്, വിഎച്ച്പി വിഭാഗ് സെക്രട്ടറി എന്‍.ആര്. സുധാകരന് എന്നിവര്‍ പ്രസംഗിച്ചു. എസ്.ജെ.ആര്. കുമാര്‍ സ്വാഗതവും എസ്. സജി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: