ഇടുക്കി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് വോട്ട് രാഷ്ട്രീയം മുന്നില്‍ കണ്ട് കെ.എം മാണി ഉദ്ഘാടനം ചെയ്ത മൂവാറ്റുപുഴ – പുനലൂര്‍ ഹൈവേയുടെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തം ആരംഭിക്കാന്‍ കടമ്പകളേറെ. കോട്ടയം ജില്ലയില്‍പ്പെടുന്ന പ്രദേശത്ത് റോഡ് വികസനത്തിനായി മരം മുറിക്കുന്നതിന്റെ തര്‍ക്കം തീര്‍ക്കാതെ ഉദ്ഘാടനം നടത്തിയതാണ് പരിസ്ഥിതി പ്രവര്‍ത്തകരെയും നാട്ടുകാരെയും ചൊടിപ്പിച്ചിരിക്കുന്നത്. റോഡ് നിര്‍മ്മാണത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം കമ്പനി പ്രതിനിധികളെ നാട്ടുകാര്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മരം മുറിക്കുന്നതിന് വനംവകുപ്പ് അനുമതി നല്‍കിയിട്ടില്ല. മൂവാറ്റുപുഴ- മുതല്‍ തൊടുപുഴ വരെയുള്ള ഒന്നാം ഘട്ടം അഞ്ച് വര്‍ഷം മുന്‍പ് പൂര്‍ത്തിയായിരുന്നു. പിന്നീട് രണ്ടാം ഘട്ടം നിര്‍മ്മാണ പ്രവര്‍ത്തനം ഇഴഞ്ഞ് നീങ്ങുകയായിരുന്നു.
തൊടുപുഴ മുതല്‍ പൊന്‍കുന്നം വരെയാണ് രണ്ടാം ഘട്ട നിര്‍മ്മാണത്തിനായി നിശ്ചയിച്ചിരിക്കുന്നത്. 52 കിലോ മീറ്റര്‍ ദൂരത്തിലാണ് രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനം. പാലായില്‍ നിന്നും തൊടുപുഴയില്‍ നിന്നും നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കാനാണ് പദ്ധതിയിട്ടിരുന്നത്. ഇടുക്കി ജില്ലയില്‍പ്പെടുന്ന പ്രദേശത്ത് റോഡ് നിര്‍മ്മിക്കുന്നതിനായി വനം വകുപ്പിന്റെ അനുമതി ലഭിച്ചിരുന്നു. എന്നാല്‍ കോട്ടയം ജില്ലയില്‍ റോഡ് കടന്ന് പോകുന്ന ഭാഗത്ത് മരം മുറിക്കുന്നതിന് അനുമതി ലഭിച്ചില്ലെന്ന കാരണം പറഞ്ഞാണ് റോഡ് നിര്‍മ്മാണം നടത്താത്തത്.
റോഡ് നിര്‍മ്മിക്കുന്നതിനായി കാലതാമസം വരുന്നത് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കും. പത്ത് വര്‍ഷം മുന്‍പ് ഈ റോഡ് നിര്മ്മിക്കാനാരംഭിച്ചപ്പോള് ഒരു കിലോമീറ്റര്‍ റോഡ് നിര്‍മ്മാണത്തിന് രണ്ട് കോടി രൂപയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരു കിലോ മീറ്റര്‍ റോഡിനായി നാല് കോടിയിലേറെ രൂപ ചെലവ് വരും. പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ത്ത് ആഗസ്റ്റ് മാസത്തോടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണുള്ളതെന്ന് കെഎസ്റ്റിപി അധികൃതര്‍ ജന്മഭൂമിയോട് പറഞ്ഞു. നിര്‍മ്മാണം ആരംഭിച്ചാല്‍ മുപ്പത് മാസം കൊണ്ട് പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരാറുകാരന് ഏറ്റിരിക്കുന്നത്. രണ്ടാം ഘട്ടം നിര്‍മ്മാണം നടക്കുമ്പോള്‍ തന്നെ പൊന്‍കുന്നം മുതല്‍ പുനലൂര്‍ വരെയുള്ള റോഡ് നവീകരണത്തിന് നടപടി നീക്കാനാകുമെന്നാണ് കെഎസ്റ്റിപി കണക്കുകൂട്ടുന്നത്. 227.13 കോടി രൂപയാണ് രണ്ടാം ഘട്ട നിര്‍മ്മാണത്തിനായി വകകൊള്ളിച്ചിരിക്കുന്നത്. ലോക ബാങ്കിന്റെ സഹായത്തോടെയാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നത്.
സംഗീത് രവീന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: