പതിനഞ്ച് വര്‍ഷം മുമ്പ് ഒരു അവധിക്കാലത്താണ് തീരുമാനിച്ചത്. വാരാണസിക്കു വണ്ടി കയറുക. ദല്‍ഹിയിലെ ചില കൂട്ടുകാരെയും കിട്ടി. ട്രെയിനില്‍ വാരാണസിയിലേക്ക്. ഉറക്കം ഉണര്‍ന്നത് ‘വാരാണസിം പുരപതേ ഭജ വിശ്വനാഥം.. ” എന്ന് ചങ്ങാതി തമാശയായി പാടിയ സ്തുതി കേട്ടാണ്. പുലര്‍ച്ചെ തന്നെ തിരക്ക്. സൈക്കിള്‍ റിക്ഷകള്‍, ഭസ്മവും തിലകവും ചാര്‍ത്തി പാണ്ഡകളുടെ ഏജന്റുമാര്‍, കാവി നിറമാണെങ്ങും, സന്ന്യാസിമാരും പൂജാദ്രവ്യ വില്‍പ്പനക്കാരും. തെരുവുകള്‍ പൂക്കള്‍ കൊണ്ടലങ്കരിച്ചതെന്നു തോന്നും വിധം ഇരുവശത്തും തിങ്ങിനിറഞ്ഞ കടകള്‍. ട്രാഫിക് നിയമമെന്തെന്നറിയാത്തതുപോലെ വണ്ടികള്‍. കരിയും പുകയും തുപ്പിക്കൊണ്ട് ഇരുചക്ര വാഹനങ്ങളും ഫട് ഫട് വണ്ടികളും. മഞ്ഞയും കറുപ്പും നിറത്തില്‍ ടാക്സികള്‍. നെറ്റിയില്‍ കുങ്കുമമണിഞ്ഞ ഭക്തര്‍, സഞ്ചാരികള്‍, വിദേശ ടൂറിസ്റ്റുകള്‍. മണിയടിയൊച്ചകള്‍, ആള്‍ക്കൂട്ടത്തിനു മേലെ ഉയര്‍ന്ന് കാണുന്നത്ര ശൂലങ്ങള്‍, രുദ്രാക്ഷം കൊണ്ട് ദേഹം മറച്ചവരെന്നപോലെ ഘോരാനുഷ്ഠാനികള്. തീപ്പൊരി കണ്ണില്‍ കുത്തുംപോലെ നോട്ടമെറിഞ്ഞ ഒരു ഭസ്മ ധാരി വഴിതടയാനെന്ന മട്ടില്‍ കയറിനിന്നു. മഞ്ഞച്ച പല്ലും വരണ്ട ജഡയും കൂര്‍ത്ത ത്രിശൂലവും ഇടംകയ്യില്‍ മൂടിയില്ലാത്ത കാതുള്ള ഒരു പിച്ചള പാത്രവും. “ഭംഭം ബോലോ”-ഗുഹക്കുള്ളില്‍ നിന്നു വരുന്നതുപോലെ മുഴക്കം ശബ്ദത്തിന്. അറിയാതെ നാവില്‍നിന്നു മറുപടി വന്നു, “ജയ് കാശി നാഥ്.” ചിരപരിചിതനെപ്പോലെ അവിടുന്നൊരു ചിരി. പോക്കറ്റില്‍ നിന്ന് കിട്ടിയ 20 രൂപയുടെ നോട്ട് പാത്രത്തിലേക്കിട്ടു. അത് പ്രതീക്ഷിച്ചിരുന്നെന്നോ, കൊടുത്തത് നന്നായെന്നോ ഒന്നും വായിച്ചെടുക്കാനാവാത്ത, മാറ്റമില്ലാത്ത മുഖഭാവത്തോടെ വഴിമാറി ആ രൂപം നടന്നുപോയി. ആള്‍ക്കൂട്ടത്തിലേക്ക് ഒന്നുകൂടി തിരിഞ്ഞു നോക്കിയപ്പോള്‍ എനിക്കും കിട്ടി ഒരു തിരിഞ്ഞു നോട്ടം. പെട്ടെന്ന് അലമ്പും കലമ്പലുമായി ഒപ്പമുണ്ടായിരുന്ന ചങ്ങാതിമാരില്നിന്ന് ഒരു നിമിഷം പുണ്യവും പാപവും പൂര്വജന്മവും സുകൃതവും പിന്നെ മേറ്റ്ന്തൊക്കെയുമോ മനസ്സില്‍ കയറിപ്പറ്റി.
പ്രഭാതകൃത്യങ്ങള്‍ നടത്തണം. ഒരു മുറി വേണം. നാലുപേരുണ്ട്. പ്രധാന വഴിയില്‍ നിന്ന് ഒരു ഗലിയിലേക്ക് തിരിയുന്നു. മഞ്ഞയും കറുപ്പം നിറത്തില്‍ ഒരു അംബാസഡര്‍ കാര്‍ വഴിമുടക്കി വന്നു. ഡ്രൈവര്‍ കപ്പടാ മീശക്കാരന്. തടിയന്. മുഖത്ത് വസൂരിക്കലകള്‍. ഹിന്ദിയല്ലാത്ത ഹിന്ദിയില്‍ എന്തോ ചോദിച്ചു. കൈമലര്‍ത്തി ഞങ്ങള്‍. വണ്ടിക്കു മുകളില്‍ ഒരു നീണ്ട തുണിക്കെട്ട് ശ്രദ്ധയില്‍ പെട്ടു. അടുത്തു കണ്ട ലോഡ്ജിലേക്ക് കടക്കുമ്പോള്‍ ബംഗാളിയായ പയ്യന് പറഞ്ഞു, സര് നിങ്ങള്‍ക്ക് വണ്ടി വേണോ എന്നാണയാള്‍ ചോദിച്ചത്. അവിടെ മറുപടിക്കു കാത്തു കിടക്കുകയാണ്. ‘വേണ്ട.’ ‘ആ വണ്ടിക്കു മുകളില്‍ എന്താണ്?’ ‘ശവം’ അയാള്‍ ശ്മശാന് ഘട്ടിലേക്ക് പോവുകയാണ്,” മറുപടി. ശിവനേ.. അങ്ങോട്ടാണോ വണ്ടി വേണോ എന്നു ചോദിച്ചത്, എന്ന് ആശങ്കപ്പെട്ടു. കാശിയില്‍ ശിവവും ശവവും, ജീവിതവും മരണവും ആത്മീയതയും ഭൗതികതയും രാവും പകലും പോലെയാണ്. രണ്ടുമില്ലാതെ കാലം നീങ്ങില്ലല്ലൊ.
ഗംഗാതീരത്തുവന്നിട്ടും പൈപ്പു വെള്ളത്തില്‍ കുളിക്കാന്‍ തിടുക്കം കൂട്ടിയവനെ കളിയാക്കാന്‍ കുറച്ചു സമയം. വെള്ളത്തിന്റെ നാടായ കേരളക്കാര് കുറച്ചുനേരം വെള്ളത്തെക്കുറിച്ച് ചര്‍ച്ച നടത്തി. മുല്ലപ്പെരിയാര്‍ അന്നൊരു വിഷയമായിരുന്നില്ല. എങ്കിലും തമിഴ്നാട്ടിന്റെ ജല മാനേജ്മെന്റിനെക്കുറിച്ച് ഒരാള്‍ വീമ്പടിച്ചു. അതിനിടെ കാശി വിശേഷങ്ങളില്‍ ഒരാള്‍ വാചാലനായി. കാക്കകളില്ലാത്ത സ്ഥലമാണ്. വഴിയില്‍ കൂറ്റന്‍ കാളകളെ കാണാം. പക്ഷേ അവര്‍ ശാന്തരായിരിക്കും. ടൂറിസ്റ്റുകളേക്കാള്‍ തീര്‍ത്ഥാടകരാണു കൂടുതല്‍… അങ്ങനെയങ്ങനെ….
ഉല്ലാസയാത്ര വേണ്ട, തീര്ത്ഥയാത്രയാക്കാമെന്ന് പൊതു അഭിപ്രായം വന്നു. വേഷവുമങ്ങനെയാക്കി. കാവി മുണ്ടുടുത്ത്, കഴുത്തില്‍ കാവിഷാള്‍ ചുറ്റി ഇറങ്ങി. തണുക്കുന്നുണ്ട്. ‘കാശി നഗരം ഗംഗയിലായിരുന്നു’വെന്ന് ധ്വനി പഠിക്കാന്‍ മലയാള വ്യാകരണ ക്ലാസില്‍ മാഷ് വിശദീകരിച്ചതോര്മ്മിച്ചു. ഒരു ദൈന്യരൂപം സൈക്കിള്‍ റിക്ഷ ചവുട്ടി വരുന്നു. റിക്ഷക്കു പിന്നില്‍ നീളത്തില്‍ ചാരിവച്ച നീണ്ട തുണിക്കെട്ട്. സംശയിക്കേണ്ടി വന്നില്ല. ഒരു ജഡം തന്നെ. അനാഥമോ സനാഥമോ ആയിരുന്നിരിക്കാം ജീവിതം. ഇപ്പോള്‍ ഒറ്റയ്ക്കാണ് യാത്ര. ഗംഗാ തീരത്തേക്ക്.
ഇരുണ്ട ഗലികള്‍. ഇരുവശവും നോക്കുമ്പോള്‍ കാലത്തിന് പഴക്കമേറും. പൂക്കളും കളിപ്പാട്ടങ്ങളും വില്ക്കുന്നവര്. തണുപ്പിലും ജ്യോൂസ് കച്ചവടക്കാര്‍, അദ്രക് (ഇഞ്ചി) ചായയും ഏലാ ചായയും സമോസയും കിട്ടുന്ന കടകള്‍. എവിടെയും കച്ചവടക്കാര്‍ക്ക് സമാനമായ മുഖം. ആത്മീയ നഗരത്തില്‍ പക്ഷേ എല്ലാവര്ക്കും ഒരേഭാവം. വിരക്തിയുടെ ജീവിതങ്ങള്‍ പോലെ. അവര്‍ക്കിതൊരു ദിനചര്യപോലെ.
ഇടുങ്ങിയ വഴി. എതിരെ വരുന്നു ഒരു കൂറ്റന്‍ കാള. കുടമണിയൊച്ചയുണ്ട്. വൃദ്ധന്; കണ്ണീരൊലിക്കുന്ന മുഖം. കൂര്‍ത്ത കൊമ്പുകള്‍ തമ്മില്‍ മുട്ടാന്‍ പാകത്തില്‍ വളഞ്ഞു വളര്‍ന്നിരിക്കുന്നു. കാള മാഹാത്മ്യം പറഞ്ഞവന് വീമ്പിളക്കി. പേടിക്കേണ്ട. പക്ഷേ, ഒന്നല്ല പിന്നാലെ വേറെയും. പെട്ടെന്നാണ് കൊമ്പു കുലുക്കിച്ചാടിയത്. ആളുകള്‍ ഭയന്ന് ഓടി. പിന്നിലെ വിരുതന് പിണക്കം തീര്‍ത്തതാണത്രെ. ഈച്ചയാലുന്ന മൂന്നുനാലു കാളകള്‍ ഒരുമിച്ചു നടന്നു നീങ്ങി.
പാണ്ഡകള് ക്യാന്‍വാസിംഗിന് പിറകേ കൂടി. കാവിധാരികളുടെ തിക്കും തിരക്കും. പലരൂപത്തില്‍, വേഷത്തില്‍, ചിലര്‍ പരിചിതരാണെന്ന് തോന്നി. പല കണ്ണുകളിലും തീപ്പൊരി നോട്ടം. കൂട്ടത്തില്‍ നിന്നൊരാളെ കാണാനില്ല. നോക്കുമ്പോള്‍ പത്തിവിടര്‍ത്തിയ ഒരു പാമ്പിനെ മുന്നില്‍ നിര്‍ത്തി ഒരു കാവിക്കാരന് തര്‍ക്കിക്കുകയാണ്. വിടാന്‍ ഭാവമില്ല. ഒടുവില്‍ നൂറു രൂപ പാമ്പിന് തലയില്‍ വച്ചപ്പോള്‍ പത്തി താഴ്ത്തി- പാമ്പും കാവിക്കാരനും. അമളി മറയ്ക്കാന്‍ ചങ്ങാതിയുടെ സമാധാനം, പഠിക്കുന്നകാലത്ത് ഞാവല്പഴം നിറഞ്ഞ സര്പ്പക്കാവില് കയറിയപ്പോള്‍ ഒരിക്കല്‍ കാവില്‍ മൂത്രം ഒഴിച്ചിട്ടുണ്ട്. അതിന് പിഴയാണ്….
കാശിവിശ്വനാഥന് മുന്നില്‍. പഞ്ചാക്ഷരീ മന്ത്രം ചൊല്ലി ദണ്ഡ നമസ്കാരം ചെയ്ത് പുറത്തേക്ക്. അവിടെ ‘കാശി, മഥുര ബാക്കി ഹെ’ മലയാളി ഹിന്ദി കേട്ടാണ് നോക്കിയത്. പാലക്കാട്ടുനിന്നുള്ള യുവാക്കളുടെ സംഘമാണ്. ആറുപേര്‍. കാശി ക്ഷേത്രവും മതിലിനോട് ചേര്‍ന്ന മുസ്ലിം പള്ളിയും. എ.കെ.47 പിടിച്ച് കേന്ദ്ര പോലീസ് കാവല്‍. ദ്രുതകര്‍മസേനയിലെ ചിലര്‍. ഞങ്ങളില്‍ വ്യത്യസ്ത രാഷ്ട്രീയക്കാരുണ്ടായിരുന്നു. അയോധ്യയിലെ തര്‍ക്ക മന്ദിരമാണ് തകര്‍ത്തതെന്ന് പറയുന്നവര്‍, ബാബറി മസ്ജിദ് തകര്‍ത്തതില്‍ ക്ഷോഭിക്കുന്നവര്‍….ക്ഷേത്ര നിര്‍മ്മാണം വൈകുന്നതില്‍ പരിഭവിക്കുന്നവര്‍… നിശ്ശബ്ദരായ ഞങ്ങള്‍ക്കു മുന്നില്‍ പാലക്കാട്ടുകാര്‍ പ്രസംഗിച്ചു. “….മഥുരയില്‍ ഭഗവാന് കൃഷ്ണന് പിറന്നുവീണ കാരാഗൃഹത്തിന് മുകളില്‍ പള്ളിയാണ്. ഇതുകണ്ടില്ലെ. അയോധ്യക്ക് മുമ്പ് വേണ്ടത് ഇവിടെയാണ്….” ഉള്ളുതുറക്കാതെ ഞങ്ങള്‍ നടന്നു നീങ്ങി. ഗംഗയിലൂടൊരു യാത്രയാണിനി ലക്ഷ്യം.
അത് അപ്രതീക്ഷിതമായിരുന്നു, പ്രത്യേകിച്ച് അയാളില്‍നിന്ന്. ഞങ്ങളില്‍ ഒരാള്‍ പറഞ്ഞു, കാശിയില്‍ വന്നിട്ട് ബലിയിടാതെ പോവാനാവില്ല; ഞാന്‍ വീട്ടില്‍ പറഞ്ഞപ്പോള്‍ അങ്ങനെ നിര്‍ദ്ദേശിച്ചു. പാണ്ഡയെ കാണണം. മലയാളികള്‍ ബലിതര്‍പ്പണം ചെയ്യിക്കുന്നിടം ഉണ്ടെന്ന് കേട്ടിരുന്നു. കണ്ടുപിടിക്കാനിറങ്ങി. കണ്ടെത്തി. പക്ഷേ നീണ്ട ക്യൂ. ഒടുവില്‍ ഹിന്ദിയില്‍ തന്നെയാകാമെന്ന് വച്ചു. രണ്ടിലും സ്തോത്രങ്ങള്‍ സംസ്കൃതമാണല്ലോ എന്നു ന്യായം കണ്ടെത്തി. നീണ്ട തര്‍പ്പണ ക്രിയകള്‍ക്കൊടുവില്‍ പശുദാനവും കഴിഞ്ഞ് എഴുന്നേല്ക്കുമ്പോള് ദക്ഷിണക്കണക്കുപറയാതെ ഒരു കണക്ക് സ്വയമുണ്ടാക്കാന്‍ നിര്‍ബന്ധിതരായി. പിതൃമോക്ഷത്തിന്റെ ആദ്ധ്യാത്മിക തൃപ്തി പണം കൊടുത്താല്‍ നേടാനാവില്ലല്ലോ.
ശ്മശാനഘട്ടായ മണികര്‍ണ്ണികാ ഘട്ട് കാണണം എന്നുറച്ചു. ഏതുസമയവും ജ്വലിക്കുന്ന ചിതകളുടെ ഗംഗാ കടവ്. നിരയായി ജഡങ്ങള്‍ ഊഴംകാത്ത് കിടക്കുകയാണ്. കരയാന്‍ ബന്ധുക്കളില്ലാത്തവര്‍. പുണ്യം ആത്മാവ് നേടിയപ്പോള്‍ ശേഷിച്ച ഭൗതിക ശേഷിപ്പിന് ഇനിയെന്ത് പ്രാധാന്യമെന്ന മട്ടില്‍ അവ ചിതയിലേക്ക് നീക്കപ്പെടുന്നു. എരിഞ്ഞമരുന്നു. നാട്ടിന്‍പുറത്ത് എവിടെയെങ്കിലും ഒരു ചിതയെരിഞ്ഞാല്‍ കുമിഞ്ഞുയരുമായിരുന്ന ശവഗന്ധം തീരെയില്ല. വിറകും ജഡവും ഒരേ വികാരത്തോടെ ആളുന്ന തീയിലേക്ക് തള്ളുന്നവരുടെ നിര്‍വികാരതക്കു മുന്നില്‍ ആത്മീയതയും ഭൗതികതയും അമ്പരന്നു നില്ക്കുന്നതുപോലെ. ഊരി വീണ കര്‍ണ്ണാഭരണം തിരഞ്ഞ് പരമശിവന് ഇവിടെ എക്കാലവും ഉണ്ടെന്നാണ് സങ്കല്‍പ്പം. ഹരിശ്ചന്ദ്രന് ചുടല കാവല്‍ക്കാരനായി നിന്നിടമാണെന്നും വിശ്വസിക്കുന്നു. ഇങ്ങനെ 85 ഘട്ടുകളാണ് വാരാണസിയില്‍ ഗംഗാ തീരത്ത്.
ഗംഗാ സവാരിയില്‍ തോണി തുഴയുന്ന ചെറുപയ്യന്‍. തോണിയുടെ ഉടമയില്ല. അനുമതി കിട്ടാതെ വള്ളമിറക്കില്ലെന്ന നിര്‍ബന്ധം. ഒടുവില്‍ കൂലിക്കണക്ക് ഇരട്ടി പറഞ്ഞപ്പോള്‍ കേശവ് യാദവന് തയ്യാര്‍. ഭഗവത് ഗീതയിലെ സ്തുതിയിലുള്ള കൈവര്‍ത്തക കേശവനെ ഓര്‍മ്മിച്ചു. സംസ്കാര സാഗരത്തിന്റെ മറുകര കടത്തുന്ന കടത്തുകാരന്. കേശവ് സ്കൂളില്‍ പോയിട്ടില്ല. പക്ഷേ കണക്ക് കൃത്യമായറിയാം. പ്രായോഗിക വാദം. ഗംഗയില്‍ തീരത്തുനിന്ന് ഏറെ അകലത്ത്, നീന്തലിനെക്കുറിച്ചായി സംസാരം. ഒഴുക്ക് കൂടിവന്നു. മൂന്നുപേര്‍ക്ക് നീന്തലറിയില്ല. യാദവന് ചിരിച്ചു. ഗംഗാ മാ അങ്ങനെ ചതിക്കാറില്ലെന്ന് വിശ്വാസം പറയുന്നു. വഞ്ചിക്ക് പെട്ടെന്ന് വേഗം നിലച്ചു. യാദവന് നീണ്ട വടികൊണ്ട് വഞ്ചിക്കു മുന്നില്‍ കുടുങ്ങിയ ഒരു ജഡം വശത്തേക്ക് തള്ളിമാറ്റി. വളരെ സ്വാഭാവികമായ പതിവ് പ്രവൃത്തിപോലെ. പാതി കരിഞ്ഞ ജഡം ആരോ ചിതയില്‍ നിന്നെടുത്ത് പുഴയില്‍ എറിഞ്ഞതാണ്. യാദവന് വിവരിച്ചു, ബന്ധുക്കള്‍ ജഡം ചിതയില്‍ വച്ചു കഴിഞ്ഞാല്‍ സ്ഥലം വിടും. അപ്പോള്‍ അടുത്ത ശവം വയ്ക്കാന്‍ ഇതെടുത്ത് പുഴയില്‍ ഒഴുക്കും. പക്ഷേ ഗംഗാമാ പരിശുദ്ധമാണ്. പഴകിയ മാലകളും തടിക്കഷ്ണങ്ങളും ജഡവും ഒഴുക്കുന്ന വെള്ളം വായില്‍ കോരിയൊഴിച്ച് യാദവന് പുഴയിലേക്ക് നീട്ടിതുപ്പി.
അവിശ്വാസിയായ വിശ്വാസിയുടെ വക അഭിപ്രായങ്ങള്‍. കാശിയില്‍ വന്നാല്‍ തനിക്ക് ഇഷ്ടപ്പെട്ട എന്തെങ്കിലും എന്നെന്നേക്കുമായി ഉപേക്ഷിക്കണമെന്നുണ്ട്. അവരവര്‍ക്കിഷ്ടമുള്ളത് മറച്ചുവെച്ചു പലരും. ഒരാള്‍ പപ്പടം ഉപേക്ഷിച്ചു. മറ്റൊരാള്‍ പഞ്ചസാര. പ്രിയപ്പെട്ട ഭാര്യയെ ഫോണ്‍ വിളിച്ചു ഒരാള്‍. പിന്നെ അയാള്‍ പുകവലി ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചു.
കേശവ് യാദവന് വഞ്ചി എത്തിക്കാമെന്നുറപ്പിച്ചിടത്തെത്തി. കരയ്ക്കടുപ്പിക്കും മുമ്പ് യാദവന് കണക്കു പറഞ്ഞ് പണം വാങ്ങി. ഒരുപദേശം കൂടി, നേരെ പോയാല്‍ മുഴുവന്‍ കടകളാണ് സര്, ബനാറസ് പട്ട് കിട്ടുന്ന കടകള്‍. ഭാര്യക്ക് സാരി വാങ്ങിക്കോളൂ സര്. പക്ഷേ, അവന്മാര് പറ്റിക്കാനിടയുണ്ട്. വലിയ വില കൊടുക്കരുത്. എഴുതിവച്ചിരിക്കുന്ന വിലയുടെ നാലിലൊന്നേ കൊടുക്കാവൂ. അതും അവര്‍ക്ക് ലാഭമായിരിക്കും. ഡ്യൂപ്ലിക്കേറ്റുമുണ്ടാകും.
ആത്മീയതയില്നിന്ന് ഭൗതികതയിലേക്ക് അതിവേഗ മാറ്റമായിരുന്നു അത്. “വാസാംസി ജീര്‍ണ്ണാനി..” എന്ന മട്ടില്‍. ഭൗതികത കത്തിച്ചാമ്പലാകുന്നതു കണ്ടിട്ടും ഒരു തോണിയാത്രയ്ക്കൊടുവില് പട്ടിന്റെ പളപളപ്പിലേക്ക് വീണ്ടും വഴുതി. അമ്മക്കും പെങ്ങന്മാര്ക്കും പ്രണയിനിക്കും പട്ടു വാങ്ങുമ്പോള്‍, വില പേശുമ്പോള്‍ ഭൗതികത്തിളക്കമായിരുന്നു നിറയെ. പുറത്തിറങ്ങി ലാഭ നഷ്ടത്തിന്റെ കണക്ക് പറഞ്ഞ് ഒച്ചവച്ച് നടക്കുമ്പോള്‍ പേരിന് ഒരു കൗപീനം മാത്രം ധരിച്ച് ഉടലാകെ ഭസ്മം പൂശിയ ഒരു ശരീരം ഗംഗയിലേക്ക് നടന്നുപോകുന്നു. ഞങ്ങളെ നോക്കി വശംകോട്ടിയ ചിരി തൂകിയോ… തോന്നിയതാവാം.
ഒരു 15 വര്‍ഷം കഴിഞ്ഞാല്‍ വാരാണസി എങ്ങനെയായിരിക്കും. കാശിക്കു വരാന്‍ പോകുന്ന മാറ്റമെന്തായിരിക്കും. അതിന് മുമ്പൊരു രണ്ടാം കാശിയാത്രക്ക് മോഹം കുറുകുകയാണുള്ളില്. മൂന്നാമതൊരു യാത്ര 15 വര്‍ഷം കഴിഞ്ഞുവേണം.
സുദര്ശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: