തായ്നാടും തായ്മൊഴിയും തായാരില്‍ ഉടമ്പും ഉയിരും (പിറന്നനാടും മാതൃഭാഷയും പെറ്റമ്മയുടെ ശരീരവും ജീവനുമാണ്). തമിഴ്നാട്ടിലെ പ്രസിദ്ധനായ സാമൂഹ്യപരിഷ്കര്‍ത്താവും രാഷ്ട്രീയ പ്രവര്‍ത്തകനും ദ്രാവിഡ കഴകത്തിന്റെ സ്ഥാപകനുമായിരുന്ന പെരിയോര്‍ ഇ.വി. രാമസ്വാമി നായ്ക്കര്‍ എനിക്കു തന്ന ഒരു ഉപദേശമാണ് മേല്‍ ഉദ്ധരിച്ചത്.
അദ്ദേഹവുമായി ഒരു പരിചയവും എനിക്കുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പ്രവര്ത്തനമണ്ഡലങ്ങളിലൊന്നിനോടും എനിക്കു ബന്ധമുണ്ടായിരുന്നില്ല. ഞാന്‍ ഈശ്വരാനുഗ്രഹം എന്നുകരുതുന്ന ഒരു യാദൃശ്ചികസംഭവമാണ് അദ്ദേഹവുമായി പരിചയപ്പെടാന്‍ ഇടയാക്കിയത്. 1960-ലാണ് സംഭവം. അന്ന് ഞാന്‍ അണ്ണാമല യൂണിവേഴ്സിറ്റിയിലെ ഭാഷാശാസ്ത്രവിഭാഗത്തില്‍ അധ്യാപകനാണ്. യൂണിവേഴ്സിറ്റി കാമ്പസിനു പുറത്തുള്ള നല്ല നായകി ക്ഷേത്രം വകയായ ഒരു ചെറിയ വീട്ടിലാണ് താമസം. ഞാനും ഭാര്യയും മൂന്നുവയസ്സുകാരനായ മകനും കേരളത്തില്‍നിന്നുള്ള ഒരു ജോലിക്കാരിയും ഉള്‍പ്പെട്ട കുടുംബത്തിന് കഷ്ടിച്ചു നിന്നു തിരിയാനുള്ള സ്ഥലമേ ആ വീട്ടിലുണ്ടായിരുന്നുള്ളൂ. എന്റെ ഫര്‍ണിച്ചര്‍ ഇടാന്‍ വീട്ടില്‍ സ്ഥലമില്ലാത്തതുകൊണ്ട് മുന്നില്‍ ഒരു പന്തല്‍ കെട്ടി അതിലാണ് ഇട്ടിരുന്നത്. ആ പന്തല്‍ എന്റെ എഴുത്തുമുറിയും പഠനകേന്ദ്രവും ലൈബ്രറിയും വിശ്രമാലയവുമായിരുന്നു. ആ പന്തലിലിരുന്നാല് നല്ല നായകിയുടെ വിഗ്രഹം കാണാനാകില്ലെങ്കിലും ശ്രീകോവിലിന്റെ ഒരുഭാഗം കാണാം.
ഒരുദിവസം രാവിലെ ഉണര്‍ന്നുനോക്കുമ്പോള്‍ നല്ല നായകിയുടെ ക്ഷേത്രപരിസരത്ത് വലിയ ആള്‍ക്കൂട്ടം. പെരിയോര്‍ പുസ്തകം വില്ക്കാന് വരുന്നതുകൊണ്ടുള്ള തിരക്കാണെന്ന് അടുത്ത വീട്ടുകാര്‍ പറഞ്ഞറിഞ്ഞു. അനേകം സ്ത്രീകള്‍ കുഞ്ഞുങ്ങളും കുടുംബാംഗങ്ങളുമായും വരുന്നു. പെരിയോര്‍ കുട്ടികള്‍ക്കു പേരു വിളിക്കണം.
ഓരോ കുട്ടിയെയും വാത്സല്യത്തോടെ കയ്യിലെടുത്തു ലാളിച്ചു തനി തമിഴിലുള്ള പേര് ഉറക്കെ വിളിച്ചു പറയും. ഇതു കൂറേനേരം തുടര്‍ന്നു. ആനന്ദക്കണ്ണീരൊഴുക്കി പെരിയോര്‍ കൊടുത്ത പേര് ആവര്‍ത്തിച്ചുപറഞ്ഞു. അവര്‍ അവിടെനിന്നും മനസ്സില്ലാമനസ്സോടെ പോകുന്ന കാഴ്ച എന്നെ അത്ഭുതപ്പെടുത്തി. കേരളത്തില്‍ അനന്തശായിയായ പദ്മനാഭനോ ഗുരുവായൂരപ്പനോ നേരിട്ടിറങ്ങിവന്നാലും ഇങ്ങനെയൊരു ദൃശ്യം തീര്‍ച്ചയായും ഉണ്ടാകുകയില്ല. ഏതാണ്ട് എട്ടുമണിയായപ്പോള്‍ നാമകരണം മാമാങ്കം കഴിഞ്ഞു. കൂടെ വന്നവരാരോ ക്ഷേത്രത്തിന്റെ മതിലിനോടു ചേര്‍ത്ത് ഒരു വിരിപ്പു വിരിച്ചു. പെരിയോറും അദ്ദേഹത്തിന്റെ ഭാര്യയും അതില്‍ ഇരിപ്പായി. സഹായികള്‍ കെട്ടുകെട്ടായി പുസ്തകങ്ങള്‍ കൊണ്ടുവന്ന് വിരിപ്പില്‍ നിരത്തിവച്ചു. കണ്ടിടത്തോളം ചെറിയ പുസ്തകങ്ങളാണ്. പെരിയോരുടെ രചനകളാകാം. ദ്രാവിഡകഴകത്തിന്റെ പ്രസിദ്ധീകരണങ്ങളുമുണ്ടാകാം. ഭാര്യയാണു വില്പനക്കാരി. എല്ലാ പുസ്തകവും പെരിയോരാണ് കൊടുക്കുന്നത്. പലരും അദ്ദേഹത്തിന്റെ കൈയൊപ്പോടെയാണ് പുസ്തകം വാങ്ങി കണ്ണില്‍ ചേര്‍ക്കുന്നത്.
9 മണിയായപ്പോള്‍ അദ്ദേഹം ഇരിക്കുന്നിടത്തൊക്കെ വെയിലായി. അദ്ദേഹത്തിന്റെ തലമുടിയും താടിയും വെയിലേറ്റു തിളങ്ങുന്നുണ്ട്. ചുറ്റുംകൂടി നിന്നവരുടെ എണ്ണം കുറഞ്ഞു. നല്ല നിലാവേല്ക്കുന്നപോലെ വെയിലത്ത് അദ്ദേഹം ഭാര്യയോടു സംസാരിച്ചിരിക്കുന്നതു കണ്ടപ്പോള്‍ എനിക്ക് അദ്ദേഹത്തെ എന്റെ പന്തലിലേയ്ക്കു ക്ഷണിച്ചിരുത്താമെന്നുതോന്നി. പുസ്തകം നിരത്തിവയ്ക്കാന്‍ രണ്ടു മേശയുണ്ട്. അഞ്ചാറുപേര്ക്കിരിക്കാനുള്ള കസേരകളും ആറുപേര്‍ക്ക് ഇരിക്കാനുള്ള സെറ്റിയുമുണ്ട്. ഞാന്‍ റോഡുമുറിച്ചു കടന്ന് മറുവശത്തെത്തി. അദ്ദേഹത്തെ തൊഴുത് എതിര്‍വശത്തുള്ള പന്തലിലേയ്ക്ക് ക്ഷണിച്ചു. തമിഴിലാണ് അദ്ദേഹത്തോടു സംസാരിച്ചത്. അദ്ദേഹം കൗതുകത്തോടെ എന്നെനോക്കി ചോദിച്ചു. “നീങ്കയാര്?” (നിങ്ങള്‍ ആരാണ്) ഞാന്‍ സ്വയം പരിചയപ്പെടുത്തി. അദ്ദേഹം തുടര്‍ന്നുചോദിച്ചു. “നീങ്ക പേശറുതു എന്തു ഊരു തമിഴ്” (നിങ്ങള്‍ പറയുന്നത് ഏതു നാട്ടിലെ തമിഴാണ്?”) എന്റെ തമിഴിനെക്കുറിച്ച് എനിക്കുണ്ടായിരുന്ന അഭിമാനം തീര്‍ന്നു. ഞാന്‍ മലയാളിയാണെന്ന കാര്യം ഞാന്‍ അറിയിച്ചു. കുറച്ചുനേരം എന്നെ സൂക്ഷിച്ചുനോക്കിയിട്ട് അദ്ദേഹം നിങ്ങളുടെ വീട്ടില്‍ വന്നാല്‍ ഉച്ചയ്ക്കൂണു തരുമോ എന്നു ചോദിച്ചു. ഞാന്‍ അതു സമ്മതിച്ചു. “ശൈവം താന്‍ വേണും” എന്നായി. അതും ഞാന്‍ സമ്മതിച്ചു. ഉടനെ ഭാര്യയെയും കൂട്ടി അദ്ദേഹം എന്റെ പന്തലിലെത്തി.
അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ എന്റെ മേശപ്പുറത്തു പുസ്തകങ്ങള്‍ ഭംഗിയായി നിരത്തിവച്ചപ്പോള്‍ പന്തല്‍ ഒരു ബുക്സ്റ്റാളായി ഒരു പൊക്കമുള്ള കസേരയില്‍ അദ്ദേഹത്തിന്റെ ഭാര്യയെ വില്പനക്കാരിയായി ഇരുത്തി. സഹപ്രവര്‍ത്തകരെയെല്ലാം പന്തലിനു പുറത്താക്കി എന്നിട്ട് ഒരു കസേരയില്‍ അദ്ദേഹം ഇരുന്ന് അടുത്ത കസേരയില്‍ എന്നെയും ഇരുത്തി.
എന്റെ മകന് പന്തലിനകത്തു നടക്കുന്നതെല്ലാം നോക്കിക്കൊണ്ട് അകത്തെ മുറിയില്‍ അവന്റെ അമ്മയുടെ മടിയില്‍ ഇരിക്കുകയായിരുന്നു. പന്തലിനുള്ളില്‍ നിന്നു മറ്റാളുകളൊക്കെ പിന്‍വാങ്ങി. ഞങ്ങള്‍ മൂന്നുപേര്‍ മാത്രമായപ്പോള്‍ അവന് അമ്മയുടെ മടിയില്‍ നിന്നിറങ്ങി ഓടി പന്തലിനുള്ളിലെത്തി. പെരിയോരുടെ നീണ്ടതാടിയും ഇറക്കം കൂടിയ ഉടുപ്പും ആകര്‍ഷകമായ ചിരിയും മുഴങ്ങുന്ന ശബ്ദവും അവന് ഇഷ്ടപ്പെട്ടു. അവന് കുണുങ്ങിക്കുണുങ്ങി അദ്ദേഹത്തിനടുത്തെത്തി. അദ്ദേഹം വാത്സല്യത്തോടെ അവനെയെടുത്ത് മടിയിലിരുത്തി ഓമനിച്ചുകൊണ്ട് “സൗഖ്യമാണോ?” എന്നു ചോദിച്ചു. അതിന് അവന്റെ മറുപടി തമിഴ്ഭാഷയിലുള്ള സാമാന്യം നീണ്ട ഒരു പ്രഭാഷണമായിരുന്നു. ഞങ്ങളുടെ അയല്പക്കത്തുള്ളവരെല്ലാം തമിഴരായിരുന്നു. വീട്ടമ്മമാര്‍ക്കെല്ലാം അവന് ചെല്ലപിള്ളയായിരുന്നു. തമിഴ് കേട്ടുവളരുന്ന കുട്ടിക്ക് മലയാളം കേള്‍ക്കാന്‍ അവസരം താരതമ്യേന കുറവായിരുന്നു.
അവന്റെ അന്തര്ഗളമായ തമിഴ് പ്രഭാഷണം തമിഴിന്റെയും തമിഴ്നാടിന്റെയും ആചാര്യന് ഇഷ്ടമാകുമെന്നാണ് ഞാന്‍ കരുതിയത്. താല്പര്യത്തോടെ അവന്റെ വാചകമടി ശ്രദ്ധിച്ചെങ്കിലും മുഖത്തു പ്രസന്നതയല്ല തെളിഞ്ഞത്. അദ്ദേഹം എന്നെനോക്കി “ഉങ്ക പൊണ്ടാട്ടിയെ കൂപ്പിടുങ്കോ” (നിങ്ങളുടെ ഭാര്യയെ വിളിക്കൂ) എന്നുപറഞ്ഞു. അടുത്തമുറിയില്‍ തന്നെ ഉണ്ടായിരുന്ന എന്റെ സഹധര്‍മ്മിണി അദ്ദേഹത്തെ വണങ്ങി “അമ്മാ, നീ മലയാളിയാ തമിഴത്തിയാ” അദ്ദേഹം ചോദിച്ചു. “മലയാളി” അവള് മറുപടി പറഞ്ഞു. “തന്ത മലയാളി, തായാര് മലയാളി, ഇന്ത കുഴന്തെ എതിര്ക്കു തമിഴ് പേചണം. അവന് മലയാളം താന്‍ പേചണം” (അച്ഛന് മലയാളി, അമ്മ മലയാളി ഈ കുഞ്ഞ് എന്തിനാണ് തമിഴ് പറയുന്നത്? അവന് മലയാളം തന്നെ സംസാരിക്കണം) അദ്ദേഹം ആത്മഗതംപോലെ പറഞ്ഞു. “ചുറ്റുപാടും ഉള്ളവരെല്ലാം തമിഴ് സംസാരിക്കുന്നതു കേട്ടു പഠിച്ചതാണ്. ഞങ്ങള്‍ പഠിപ്പിച്ചതല്ല. നല്ല തമിഴില്‍ അവള് പറഞ്ഞു. അത് അദ്ദേഹം സമ്മതിച്ചു. “കുഞ്ഞിന്റെ കുറ്റമല്ല, നിങ്ങളുടെയും കുറ്റമല്ല. സാഹചര്യങ്ങളാണു കാരണം . എന്താണ് പോംവഴി എന്നു തമിഴില്‍ പറഞ്ഞുകൊണ്ട് അദ്ദേഹം അല്പസമയം കുട്ടിയെ കളിപ്പിച്ചിരുന്നു. പെട്ടെന്ന് എന്റെ കൈയ്ക്കു പിടിച്ചുകൊണ്ട് ശബ്ദമുയര്‍ത്തി അദ്ദേഹം പറഞ്ഞു. “നീങ്ക ഇന്തവേലയെ വിട്ടുടുങ്കോ. പോങ്കോ കേരളത്തുക്കു പോങ്കോ, ഉങ്ക കുഴന്തെ മലയാളം പേശട്ടും. അവന് പെരിയവനാവാന്. പൊങ്ക, കേരളത്തുക്കു പോങ്ക. ഇന്ത വെള്ളയന്‍ മൊഴിയിയല്‍ ഉങ്കളു വേണ്ടാം. കേരളത്തുക്കുപോയി മലയാളമൊഴിയില്ലേ. ഉങ്കതായ് മൊഴി അതര്ക്കാഹ തെണ്ടുയുങ്ക (നിങ്ങള്‍ ഈ ജോലി ഉപേക്ഷിക്കുക. പോകൂ കേരളത്തിലേക്കു പോകൂ. നിങ്ങളുടെ കുഞ്ഞ് മലയാളം സംസാരിക്കട്ടെ. അവന് വലിയവനാകും. പോകൂ കേരളത്തിലേക്ക് പോകൂ. ഈ വെള്ളക്കാരന്റെ ഭാഷാശാസ്ത്രം നിങ്ങള്‍ക്കുവേണ്ട. കേരളത്തിലേക്ക് പോയി നിങ്ങളുടെ മാതൃഭാഷയായ മലയാളത്തെ സേവിക്കുക). കേരളത്തിലെ ചില ക്ഷേത്രങ്ങളില്‍ വെളിച്ചപ്പാടിലൂടെ ക്ഷേത്ര ദേവത കല്പനകള് പുറപ്പെടുവിക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. അത്തരമൊരു ദൃശ്യമായിരുന്നു അത്. അഭൗമമായ ഏതോ ശക്തിയുടെ കല്പനകളായാണ് ആ വാക്കുകള്‍ എന്റെ മനസ്സില്‍ കടന്നത്. നാക്കുകൊണ്ടു പറഞ്ഞില്ലെങ്കിലും മനസ്സുകൊണ്ട് ആ നിര്‍ദ്ദേശം ഞാന്‍ സ്വീകരിച്ചു.
തുടര്‍ന്ന് അദ്ദേഹം തായ്നാടിനെയും തായ്മൊഴിയെയും കുറിച്ച് വളരെ വിശദമായി പ്രസംഗിച്ചു. ഞാനും ഭാര്യയും മകനും മാത്രമേ കേള്‍വിക്കാരായി ഉളളൂ. പന്തലിനു പുറത്തുനില്‍ക്കുന്ന പത്തുപതിനഞ്ചുപേര്ക്കുകൂടി ഒരുപക്ഷേ കേള്‍ക്കാന്‍ കഴിഞ്ഞിരിക്കാം. ഒരു വലിയ സദസ്സില്‍ പ്രസംഗിക്കുന്ന രീതിയിലാണ് സംസാരിച്ചത്. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ അന്ന് ഒരു ബുക്കില്‍ എഴുതി സൂക്ഷിച്ചിരുന്നു. അതില്‍ നിന്നുദ്ധരിച്ചതാണ് ഈ ലേഖനത്തിന്റെ തുടക്കത്തില്‍ ഉദ്ധരിച്ച “തായ്നാടും തായ്മൊഴിയും തായാരില്‍ ഉടമ്പും ഉയിരും” എന്ന സൂക്തം. മാതൃഭൂമിയും മാതൃഭാഷയും മാതാവിന്റെ ശരീരവും ജീവനുമാണ് എന്നര്‍ത്ഥം.
ഈശ്വര നിര്‍ദ്ദേശമാണ് അദ്ദേഹം എന്നോടു പറഞ്ഞതെന്നു ഞാന്‍ കരുതുന്നു. ഏതാനും ദിവസത്തിനകം എനിക്ക് കേരളത്തിലെത്താനും മലയാള മഹാനിഘണ്ടുവിന്റെ അസിസ്റ്റന്റ് എഡിറ്ററായി എന്റെ ഗുരുവായ ശൂരനാടു കുഞ്ഞന്‍പിള്ള സാറിനൊപ്പം പ്രവര്‍ത്തിക്കാനും സന്ദര്‍ഭമുണ്ടായി. മലയാള മഹാ നിഘണ്ടുവിന്റെ മൂന്നു വാല്യങ്ങളുള്പ്പെടെ പതിനയ്യായിരം പുറത്തോളം നിഘണ്ടുക്കളും പല സംസ്കൃത കൃതികളുടെ വ്യാഖ്യാനങ്ങളുംകൊണ്ട് മലയാളഭാഷയെ ആരാധിക്കാന്‍ എനിക്കു കഴിഞ്ഞു.
പെരിയോര്‍ രാമസ്വാമി നായ്ക്കര്‍ പത്തുമണിക്കൂറോളം എന്നോടൊപ്പമുണ്ടായിരുന്നു. ഭാരതത്തെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം നിരവധി കാര്യങ്ങള്‍ എന്നോട് പറഞ്ഞു.
(അവസാനിക്കുന്നില്ല)
ഡോ. ബി.സി. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: